ദേശീയപാത നിർമാണത്തിലെ ക്രമക്കേട്: കേസെടുക്കാൻ കോടതി ഉത്തരവ്

തൊടുപുഴ: മൂന്നാർ -ബോഡിമെട്ട് ദേശീയപാത -85 നിർമാണത്തിന്‍റെ മറവിൽ 100 കോടിയോളം രൂപയുടെ പാറ മോഷണം നടത്തിയെന്ന പരാതിയിൽ കരാർ കമ്പനികൾക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. പൊതുമുതൽ മോഷ്ടിച്ച് വിൽപന നടത്തി എന്ന കുറ്റംചുമത്തി കേസെടുക്കാനാണ് നെടുങ്കണ്ടം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശാന്തൻപാറ എസ്.എച്ച്.ഒക്ക് നിർദേശം നൽകിയത്. കരാർ കമ്പനിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ഗിരീഷ് ബാബു ശാന്തൻപാറ എസ്.എച്ച്.ഒക്ക് കഴിഞ്ഞ മേയ് 10ന് പരാതി നൽകിയിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ ജൂൺ ആറിന് ശാന്തൻപാറ എസ്.എച്ച്.ഒ പരാതിക്കാരന്‍റെ മൊഴി എടുത്തെങ്കിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് തുടർ നടപടി സ്വീകരിച്ചില്ല. തുടർന്നാണ് പരാതിക്കാരൻ ശാന്തൻപാറ എസ്.എച്ച്.ഒക്കെതിരെ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തത്. ഹരജിക്കാരന്‍റെ പരാതിയിൽ ശാന്തൻപാറ എസ്.എച്ച്.ഒ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട്‌ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു.

പാറ മോഷണ കേസിൽ റവന്യൂ അധികൃതരോ ജിയോളിസ്റ്റോ പരാതി നൽകാത്തതിനാലാണ് കേസ് രജിസ്റ്റർ ചെയ്യാതിരുന്നതെന്ന എസ്.എച്ച്.ഒയുടെ റിപ്പോർട്ട് തള്ളിയാണ് കേസെടുത്ത് അടിയന്തരമായി തുടർ നടപടി സ്വീകരിക്കാൻ കോടതി ഉത്തരവിട്ടത്.

Tags:    
News Summary - Irregularity in highway construction: Court order to file case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.