തിരുവനന്തപുരം: വിവാദമായ തൃശൂർപൂരം കലക്കലിൽ തിരുവമ്പാടി ദേവസ്വത്തെ പ്രതിസ്ഥാനത്ത് നിർത്തിയും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ മറച്ചുമുള്ള അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചു. എ.ഡി.ജി.പിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥനും പൊലീസിനുമെതിരെ ഉയർന്ന ആക്ഷേപങ്ങളും ആരോപണങ്ങളും അപ്പാടെ തള്ളിയതായാണ് അറിയുന്നത്. മന്ത്രി ഉൾപ്പെടെ ഉന്നയിച്ച ആക്ഷേപങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നിലവിലെ ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബ് നടത്തിയ അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന് റിപ്പോർട്ടിൽ ക്ലീൻ ചിറ്റ് നൽകിയെന്നാണ് സൂചന.
തൃശൂർ പൂരം കലക്കാൻ പൊലീസ് ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം പ്രശ്നമുണ്ടാക്കിയില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രശ്നങ്ങൾക്ക് കാരണം തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാടുകളാണ്. സുരേഷ് ഗോപിയെ സ്ഥലത്തെത്തിച്ചതിനെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ടെന്നാണ് വിവരം. എം.ആർ. അജിത് കുമാറിനെതിരെ റവന്യൂ മന്ത്രി കെ. രാജൻ ഉന്നയിച്ച ആരോപണങ്ങളിലേറെയും റിപ്പോർട്ട് തള്ളുന്നു. സംഭവത്തിൽ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്ന ആരോപണവും തള്ളുന്നെന്നാണ് വിവരം. തൃശൂർ പൂരം അലങ്കോലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചനയുണ്ടായതായി സംശയിക്കുന്നെന്ന് മന്ത്രി കെ.രാജൻ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. 16 മാസം കൊണ്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോർട്ട് കൈമാറിയത്. പൂരം കലക്കലുമായി ബന്ധപ്പെട്ട് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയെ ഉൾപ്പെടെ അന്വേഷണ സംഘം ചോദ്യംചെയ്തിരുന്നു. ഈ മൊഴികളുടെയെല്ലാം അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.
പൂരം കലക്കല്‍ തടയുന്നതില്‍ എ.ഡിജിപി എം.ആര്.അജിത്കുമാറിന് വീഴ്ചയുണ്ടായെന്ന് സൂചിപ്പിക്കുന്ന മൊഴിയാണ് ഇക്കാര്യം അന്വേഷിച്ച സംഘത്തിന് പൂരം നടത്തിപ്പിന്റെ മുഖ്യചുമതലയുണ്ടായിരുന്ന മന്ത്രി കെ.രാജന് നല്‍കിയിരുന്നത്. പൂരദിവസം രാവിലെ മുതല്‍ അജിത് കുമാര്‍ തൃശൂരിലുണ്ടായിരുന്നു. തെക്കോട്ടിറക്ക സമയത്ത് പൊലീസിന്റെ ഭാഗത്ത് നിന്ന് കാണികളോട് മോശം ഇടപെടലുണ്ടായി. പിന്നീട് അജിത് കുമാറിനെ കണ്ടപ്പോള്‍ രാത്രി എഴുന്നെള്ളിപ്പ് സമയത്ത് പ്രശ്ന സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അത് പരിഹരിക്കാൻ ഇടപെടല്‍ നടത്തണമെന്ന നിര്‍ദേശവും നല്കി. എന്നാല്‍, ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പിയായിട്ടും അത് ചെയ്തില്ല. പൂരം തടസപ്പെട്ട സമയത്ത് പല തവണ അദ്ദേഹത്തെ വിളിച്ചിട്ടും കിട്ടിയില്ലെന്നും മന്ത്രി മൊഴി നല്‍കിയിരുന്നു. തൃശൂരിലുണ്ടായിട്ടും പൂരം തടസപ്പെട്ടപ്പോള്‍ എ.ഡി.ജി.പി ഇടപെട്ടില്ലെന്നും അത് ഗുരുതര വീഴ്ചയെന്നുമായിരുന്നു ഡി.ജി.പിയുടെ ആദ്യ റിപ്പോര്‍ട്ട്. എന്നാൽ, ഇപ്പോൾ സമർപ്പിച്ച റിപ്പോർട്ടിൽ ഇത്തരത്തിലുള്ള പരാമർശങ്ങളില്ലെന്നാണ് വിവരം. ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറിയ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ലഭ്യമാക്കും. തുടർന്നാകും റിപ്പോർട്ടിൽ അന്തിമ തീരുമാനമെടുക്കുക.
തൃശൂർ: 2024ലെ തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് നാല് അന്വേഷണങ്ങൾ നടന്നെങ്കിലും കുറ്റക്കാരോ നടപടിയോ ഇല്ല. ഒടുവിൽ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് പുറത്തുവരുമ്പോഴും ഗൂഢാലോചനയോ പിന്നിൽ പ്രവർത്തിച്ചവരോ സംബന്ധിച്ച് വ്യക്തതയില്ല. അന്നത്തെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത് കുമാർ, തൃശൂർ കലക്ടറായിരുന്ന കൃഷ്ണതേജ, സിറ്റി കമീഷണറായിരുന്ന അങ്കിത് അേശാക് എന്നിവരെല്ലാം ആരോപണ നിഴലിലായിരുന്നെങ്കിലും അവർക്കെല്ലാം ക്ലീൻ ചിറ്റ് നൽകുന്ന രീതിയിലാണ് റിപ്പോർട്ട്. പൂരം നടത്തിപ്പിൽ പ്രധാന പങ്കാളിത്തമുള്ള തിരുവമ്പാടി ദേവസ്വത്തെ മാത്രമാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ നാല് അന്വേഷണങ്ങൾ നടന്നെങ്കിലും പൂരം കലക്കിയത് ആര്, എന്തിന് വേണ്ടി, ഗുഢാലോചനക്ക് പിന്നിൽ പ്രവർത്തിച്ചവരാരൊക്കെ തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ല. 2024ലെ പൂരസമയത്ത് പ്രശ്നമുണ്ടായപ്പോൾ അന്ന് ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്ന ഇേപ്പാഴത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉടൻ ആംബുലൻസിൽ സ്ഥലത്തെത്തിയതും മന്ത്രി കെ. രാജൻ വിളിച്ചിട്ട് പോലും എ.ഡി.ജി.പി അജിത് കുമാർ ഫോൺ എടുത്തില്ലെന്ന ആരോപണവും വിവാദമായിരുന്നു.
പൂരം അലങ്കോലപ്പെട്ടയുടൻ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും നാല് മാസത്തോളം അന്വേഷണം നടന്നില്ല. ഇത് വിവാദമായതോടെ എം.ആർ. അജിത്കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി. ഈ റിപ്പോർട്ടിൽ അന്നത്തെ സിറ്റി പൊലീസ് കമീഷണറെ മാത്രമാണ് കുറ്റപ്പെടുത്തിയത്.
എന്നാൽ, അന്ന് എം.എൽ.എയായിരുന്ന പി.വി. അൻവർ എം.ആർ. അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുകയും സി.പി.ഐ രംഗത്ത് വരികയും ചെയ്തതോടെ ഈ റിപ്പോർട്ട് തള്ളുകയും മൂന്ന് അന്വേഷണ സംഘങ്ങളെ നിയോഗിക്കുകയും ചെയ്തു. എം.ആർ അജിത്കുമാറിന്റെ പങ്ക് അന്നത്തെ ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബും വിശദ അന്വേഷണം ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘവും ഉദ്യോഗസ്ഥതല വീഴ്ച ഇന്റലിജൻസ് എ.ഡി.ജി.പി മനോജ് എബ്രഹാമുമാണ് അന്വേഷിച്ചത്. അജിത് കുമാറിനെതിരെ ഡി.ജി.പി റിപ്പോർട്ട് നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ല. വിശദ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘത്തിന്റെ റിപ്പോർട്ടാണ് വെള്ളിയാഴ്ച പുറത്തുവന്നിരിക്കുന്നത്. ഈ റിപ്പോർട്ടിലും പുതിയ അന്വേഷണ സാധ്യതയാണുള്ളത്. തിരുവമ്പാടി ദേവസ്വത്തിന്റെ നടപടികൾ അന്വേഷിക്കണമെന്ന നിർദേശം റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.