ഇരവിപുരം: സി.പി.എം നേതാവായ മുൻ കൗൺസിലറും കൂട്ടാളികളും പൊലീസ് സ്റ്റേഷനിൽ കയറി എസ്.ഐയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. ഇരവിപുരം സ്റ്റേഷനിലെ ഉദ്യോഗസ്ഥരിൽ നിന്ന് സിറ്റി പൊലീസ് കമ്മീഷണറും അസിസ്റ്റൻറ് കമ്മീഷണറുംവിശദീകരണം തേടി. സംഭവ സമയത്തെ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ കമ്മീഷണർ പരിശോധിച്ചതായാണ് വിവരം.
ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഏതാനും പ്രവർത്തകർക്കൊപ്പം സ്റ്റേഷനിൽ എത്തിയ മുൻ പള്ളിമുക്ക് കൗൺസിലർ സജീവ് ഒരു വാഴയിലയിൽ അവലും മലരും പഴവും എസ്.ഐയുടെ മുന്നിലേക്ക് കൊണ്ട് ചെല്ലുകയും ഇത് നിനക്കുള്ളതാണെന്നും, നിന്നെ ഞാൻ ശരിയാക്കും, നിന്‍റെ തോളിൽ നക്ഷത്രം കയറിയിട്ട് കുറച്ചുനാൾ അല്ലേ ആയുള്ളൂ എന്ന് അലമുറയിട്ട് എസ്.ഐയോട് തട്ടിക്കയറുകയും സ്റ്റേഷനിലെ ഗ്രിൽ വലിച്ചു പൊട്ടിക്കുകയും ചെയ്തു എന്നാണ് പൊലീസ് പറയുന്നത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം ഇരവിപുരം തിരുമുക്കിലെ പമ്പിൽ പെട്രോൾ അടിക്കാനായി കയറിയ ഒരു ബൈക്കിൽ കാർ വന്ന് അടിക്കുകയും ബൈക്ക് പെട്രോൾ പമ്പിലെ ജീവനക്കാരിയുടെ ദേഹത്ത് ഇടിക്കുകയും ചെയ്തു. അപകടത്തിൽപ്പെട്ട പെട്രോൾ പമ്പ് ജീവനക്കാരിയെ ആശുപത്രിയിലാക്കിയ ശേഷം തിരികെ വന്ന ബൈക്ക് യാത്രക്കാരിൽ നിന്ന് ബൈക്കിന്‍റെ താക്കോൽ എസ്.ഐ വാങ്ങിക്കൊണ്ടു പോയി. സംഭവം അറിഞ്ഞെത്തിയ കൗൺസിലർ സജീവ് അപകടത്തിൽപ്പെട്ടവരുമായും അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ ഉടമസ്ഥരുമായും ചർച്ച നടത്തുകയും പ്രശ്നം രമ്യമായി പരിഹരിക്കുകയും ചെയ്തു. ബൈക്കിന്റെ താക്കോൽ സ്റ്റേഷനിൽ ആയതിനാൽ സ്റ്റേഷനിലെ പി.ആർ.ഒ യുമായി സംസാരിച്ചാണ് ഒത്തുതീർപ്പുണ്ടാക്കിയത്.
ദിവസങ്ങൾക്കു ശേഷം ബൈക്ക് തിരികെ വാങ്ങാനായി സ്റ്റേഷനിലെത്തിയ യുവാവിനോട് സജീവിനെകുറിച്ച് എസ്.ഐ മോശമായി സംസാരിച്ചുവെന്നാണ് പറയുന്നത്. ഈ വിവരമറിഞ്ഞാണ് സജീവ് സ്റ്റേഷനിൽ അവലും മലരും പഴവുമായെത്തിയത്. സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉന്നത ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് സ്റ്റേഷനുമായി ബന്ധപ്പെട്ട് സ്ഥിരമായി പരിഹാരം കാണുന്ന കൗൺസിലർമാരിൽ ഒരാളായിരുന്നു സജീവെന്ന് നാട്ടുകാർ പറയുന്നു.
സി.പി.എം കൊല്ലം ഈസ്റ്റ് ഏരിയ കമ്മിറ്റി അംഗവും മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമാണ് സജീവ്. സംഭവത്തെക്കുറിച്ച് സി.പി.എമ്മും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എസ്. ഐ രഞ്ജിത്തിന്റെ പരാതിയിൽ പൊലീസ് സജീവിനും കണ്ടാലറിയാവുന്ന 10 പേർക്കെതിരെയും കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.