സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാലയിൽ അന്വേഷണം: ഇന്ന് പരാതിക്കാരന്‍റെ മൊഴി രേഖപ്പെടുത്തും

തിരുവനന്തപുരം: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപിയുടെ പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണം. പരാതിക്കാരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. പരാതിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവ് എ.എ. മുഹമ്മദ് ഹാഷിം ഇന്ന് പത്തരക്ക് ഹാജരായി മൊഴി നൽകും. തൃശൂർ ഡി.എഫ്.ഒയാകും മൊഴിയെടുക്കുക. പട്ടിക്കാട് റേഞ്ച് ഓഫിസർക്കാണ് അന്വേഷണച്ചുമതല. പുലിപ്പല്ല് മാല ധരിച്ച് നടക്കുന്ന സുരേഷ് ഗോപിയുടെ ദൃശ്യങ്ങൾ സഹിതം സംസ്ഥാന പൊലീസ് മേധാവിക്കാണ് ഹാഷിം പരാതി നൽകിയിരുന്നത്.

ഐ.എൻ.ടി.യു.സി യുവജനവിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മുൻ ദേശീയ വക്താവുമാണ് മുഹമ്മദ് ഹാഷിം. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിന്റെ ലംഘനമാണിതെന്നാണ് പരാതിയിൽ പറയുന്നത്.

പുലിപ്പല്ലുമാല ഉപയോഗിച്ച കേസിൽ വേടൻ എന്നറിയപ്പെടുന്ന റാപ്പർ ഹിരൺ ദാസ് മുരളിക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് സുരേഷ് ഗോപിക്കെതിരെയും പരാതി ഉയർന്നത്. തൃശ്ശൂരിലെ പൊതു ചടങ്ങിൽ സുരേഷ് ഗോപി പുലിപ്പല്ല് മാല അണിഞ്ഞ് പങ്കെടുത്തു എന്നാണ് പരാതിയിൽ പറയുന്നത്. പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ​ഗോപി വ്യക്തമാക്കണം എന്നാണ് പരാതിക്കാരന്റെ ആവശ്യം.

സുരേഷ് ഗോപിയുടെ മാലയിലെ പുലിപല്ല് യഥാര്‍ഥത്തിലുള്ളതാണോ എന്ന് അന്വേഷിക്കുകയാണ് പൊലീസ്. യഥാർഥ പുലിപല്ലാണെങ്കില്‍ വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമായി കണക്കാക്കും. വനം വന്യജീവി സംരക്ഷ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ രണ്ടാം ഭാഗത്തിലാണ് പുലി ഉള്‍പ്പെട്ടിട്ടുള്ളത്. പാരമ്പര്യമായി ലഭിച്ചതാണെങ്കില്‍ പോലും പുലിപ്പല്ല് കൈവശം വെക്കാന്‍ പാടില്ലായെന്നാണ് നിയമം.

Tags:    
News Summary - Investigation into Suresh Gopi's tiger tooth necklace: Complainant's statement to be recorded today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.