ആയുസ്സിെൻറ സുവർണ കാലഘട്ടമാണ് യൗവനം. ആഗ്രഹിക്കുന്നതിനുമപ്പുറത്തേക്ക് സഞ്ചരിക്കാൻ ശരീരവും മനസ്സും കൊതിക്കുന്ന കാലം. ചരിത്രത്തിലുടനീളം വിപ്ലവകരമായ പരിവർത്തനങ്ങൾക്ക് മുന്നിൽ നടന്നവർ യുവാക്കളായിരുന്നു. ഗുഹാവാസികളെന്ന് ഖുർആൻ പരിചയപ്പെടുത്തിയ, അനീതിക്കെതിരെ പോരാടിയ വിശ്വാസിസമൂഹത്തെ ഖുർആൻ വിശേഷിപ്പിച്ചത് അവർ ദൈവവിശ്വാസം ആഴത്തിൽ ഉൾക്കൊണ്ട ഒരുപറ്റം യുവാക്കളായിരുന്നു എന്നെത്ര. ലോക മുസ്ലിംകളുടെ മാതൃകകളിലെ അതുല്യ വ്യക്തിത്വമായി ഖുർആൻ എടുത്തുപറയുന്ന ഇബ്റാഹീം നബി യുവാവായിരിക്കെയാണ് വിപ്ലവകരമായ പ്രബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതെന്ന് കാണാം. ഈജിപ്തിലെ അനീതിയുടെയും അക്രമത്തിെൻറയും പ്രതിബിംബമായി മാറിയ ഫറോവക്കെതിരെ നീതിയുടെ ശബ്്ദവുമായി മൂസ നബി കടന്നുവന്നതും യൗവനത്തിലായിരുന്നു.
മുഹമ്മദ് നബി നുബുവ്വത്ത് (പ്രവാചകത്വം) സ്വീകരിക്കുന്നതും യുവത്വത്തിെൻറ അവസാന ഭാഗത്തായിരുന്നു. പുരുഷായുസ്സിെൻറ സമ്പന്ന കാലഘട്ടമായ യൗവ്വനത്തെ സക്രിയമായി ഉപയോഗപ്പെടുത്തുന്നതിലൂടെ മാത്രമേ വ്യക്തിക്കും കുടുംബങ്ങൾക്കും കൂട്ടായ്മകൾക്കും പ്രദേശങ്ങൾക്കും രാജ്യത്തിനും ലോകത്തിനും വിജയിക്കാനാവൂ എന്നതിൽ തർക്കമില്ല. ഇന്ന് യുവജനങ്ങൾ എന്തിെൻറ പിന്നാലെയാണ് ഓടിക്കൊണ്ടിരിക്കുന്നതെന്ന ഗൗരവമായ ചർച്ചകൾ കൂടുതലായി ഉയർന്നുവരേണ്ടതുണ്ട്. ഇൻറർനെറ്റിെൻറ സാർവലഭ്യത കുതിച്ചുചാട്ടങ്ങൾക്കപ്പുറം ചില കിതപ്പുകളാണോ പുതുതലമുറയിൽ സൃഷ്ടിക്കുന്നതെന്ന വസ്തുതപരമായ പഠനം നടക്കേണ്ടിയിരിക്കുന്നു.
എല്ലാ നന്മകളിൽനിന്നും യുവതലമുറ അകന്നുനിൽക്കുന്നു എന്ന് പരിതപിക്കുന്നതിൽ കാര്യമുണ്ടെന്ന് തോന്നുന്നില്ല. മറിച്ച്, ജീവകാരുണ്യ, സാമൂഹിക സേവന, മതപ്രബോധന, രാഷ്ട്രീയ പ്രവർത്തനങ്ങളേത് പരിശോധിച്ചാലും വർധിച്ചതോതിലുള്ള യുവജന പ്രാതിനിധ്യം കാണാമെന്നത് ശുഭോദർക്കമാണ്. എന്നാൽ, പുതിയ കാലത്തെ യുവജനങ്ങളുടെ ചിന്തകളേയും സങ്കൽപങ്ങളേയും ഉൾക്കൊണ്ട് ധാർമിക മൂല്യങ്ങൾ കൂടുതൽ അനുഭവ രൂപത്തിൽ അവരിലേക്കെത്തിക്കാൻ എന്തു ചെയ്യാനാകുമെന്ന ചിന്തക്ക് കരുത്തു കൂടേണ്ടതുണ്ട്.
ഒരു ‘തേഡ് പാരൻറ്’ ഇവിടെ ശക്തമാണ്. നാം അറിയാതെ നമ്മുടെ മസ്തിഷ്കത്തിൽ നിലപാട് രൂപപ്പെടുത്തുന്ന മാർക്കറ്റിങ് തന്ത്രങ്ങൾ യുവത്വത്തിെൻറ വേഷവും ഭാഷയും രൂപവും മിനി സ്ക്രീനുകൾക്ക് അനുസരിച്ച് മാറ്റുന്നില്ലേ? കോർപറേറ്റുകൾക്ക് പണം മാത്രമേ വേണ്ടൂ. കൂർമബുദ്ധിയോടെ, ക്രിയാത്്മക സമീപനത്തോടെ യുവത്വം രൂപംപ്രാപിച്ചാൽ പലർക്കും പലതും നഷ്ടപ്പെടും. അലക്ഷ്യമായി അലയുന്ന യുവതക്ക് വെളിച്ചം പകരണം. സിംപതിയല്ല എംപതിയാണ് അവരുടെ സംസ്കാരമായി വരേണ്ടത്. അതായത് രോഗിക്ക് ബ്ലഡ് വേണം എന്ന വാട്സ്ആപ് മെസ്സേജ് ഫോർവേഡ് ചെയ്യുന്നതിനു പകരം ബ്ലഡ് നൽകാൻ ഹോസ്പിറ്റലിലേക്ക് ഓടിയെത്തുന്ന മനസ്സ്. അതാണ് യുവാക്കൾക്കിടയിൽ നാം സൃഷ്ടിക്കേണ്ടത്. യുവാക്കളെ തട്ടിയുണർത്തി ബോധ്യപ്പെടുത്തിയാൽ ആ കർമശേഷിയെ നന്മക്ക് ഉപയോഗിക്കാനാവും.
വിശുദ്ധ റമദാൻ അത്തരം ആലോചനകൾക്കും ചിന്തകൾക്കും ക്രമപ്പെടുത്തലിനും പറ്റിയ സന്ദർഭമാണ്. കുറ്റപ്പെടുത്തലുകൾക്ക് പകരം പ്രചോദനാത്്മക ചിന്തകൾക്കും പ്രവർത്തനങ്ങൾക്കും ഈ റമദാൻ കരുത്തു പകരട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.