സന്നിധാനത്തെ വെടിപ്പുരയിലും ഹോട്ടലുകളിലും പരിശോധന

ശബരിമല: മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി സുരക്ഷ വര്‍ധിപ്പിക്കാന്‍ സന്നിധാനത്തെ വെടിപ്പുരകളിലും ഹോട്ടലുകളിലും സന്നിധാനം എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് എന്‍ രാംദാസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ കര്‍ശമായി പാലിക്കാന്‍ വെടിവഴിപാട് നടത്തിപ്പുകാര്‍ക്ക് നിര്‍ദേശം നല്‍കി.

വൈദ്യുതി കടന്നു പോകുന്ന കേബിളുകള്‍ വെടിത്തട്ടിലും വെടിപ്പുരയിലും ഉപയോഗിക്കാന്‍ അനുവദിക്കില്ല. ഒരു കിലോയിലയധികം വെടിമരുന്ന് ഇവിടെ സൂക്ഷിക്കരുത്. കതിന നിറക്കുമ്പോള്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ബന്ധപ്പെട്ടവരെ അറിയിച്ചു. തുടര്‍ന്ന് ഹോട്ടലുകളില്‍ പരിശോധന നടത്തി. ഹോട്ടലുകളില്‍ അഞ്ചിലധികം ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിക്കാന്‍ അനുവദിക്കില്ല.

തുടര്‍ പരിശോധനയില്‍ സ്‌ഫോടകവസ്തു നിയമ പ്രകാരമുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയാല്‍ കട അടപ്പിക്കും. തീപ്പിടിത്തം ഒഴിവാക്കാന്‍ തൊഴിലാളികള്‍ക്ക് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കും. ഇതിനായുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പാചകപ്പുരകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.

ഫയര്‍ഫോഴ്സ്, പൊലീസ്, ആരോഗ്യം, റവന്യു എന്നീ വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ ജില്ല ഫയര്‍ ഓഫിസര്‍ കെ.ആര്‍. അഭിലാഷ്, ഫയര്‍സ്റ്റേഷന്‍ ഓഫിസര്‍ കെ.എന്‍. സതീശന്‍, ആരോഗ്യ വിഭാഗം സാനിറ്റേഷന്‍ സൂപ്പര്‍വൈസര്‍ ജി. അമ്പാടി തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Inspections were conducted at Sannidhanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.