കണ്ണൂർ: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എൽ.എയുടെ കണ്ണൂരിലെ വീട്ടിലും പരിശോധന. ചാലാട് മണലിലെ അലയിന്‍സ് ഗ്രീന്‍സ് വില്ലാസിലാണ് ഷാജിയുടെ വീട്.
ചിറക്കൽ ഗ്രാമപഞ്ചായത്ത് അസി. എക്സിക്യൂട്ടിവ് എൻജിനീയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് വീട്ടിലെത്തി പ്ലാനും നിർമാണവും പരിശോധിച്ചത്. ഷാജിയുടെ വീടും സ്വത്തും സംബന്ധിച്ച വിവരങ്ങൾ ഒക്ടോബർ 27ന് കോഴിക്കോട്ടെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫിസിൽ നേരിട്ടെത്തി സമർപ്പിക്കണമെന്ന് ചിറക്കൽ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടതിെൻറ ഭാഗമായായിരുന്നു പരിശോധന.
കെ.എം. ഷാജിയുടെ കോഴിക്കോട് ചേവായൂരിലുള്ള വീട്ടിൽ വ്യാഴാഴ്ച കോഴിക്കോട് കോർപറേഷൻ ഉദ്യോഗസ്ഥരെത്തി അളവെടുത്തിരുന്നു. ഇ.ഡി ആവശ്യപ്പെട്ടതനുസരിച്ചാണ് പരിശോധന നടത്തിയത്. അവിടെ പ്ലാനിൽ ഉൾപ്പെടാത്ത നിർമാണം നടന്നതായി കണ്ടെത്തിയിരുന്നു. ഇത് പൊളിച്ചുനീക്കണമെന്ന് കോർപറേഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തനിക്ക് അത്തരം നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് എം.എൽ.എ പറയുന്നത്.
കണ്ണൂരിലെ വീട്ടിൽ അത്തരം പ്രശ്നങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. വെള്ളിയാഴ്ച രാവിലെ 11ഒാടെയാണ് ചാലാട്ടെ ഷാജിയുടെ വീട്ടിൽ ഉദ്യോഗസ്ഥര്‍ എത്തിയത്. വീടിെൻറ പ്ലാനും അളവും പരിശോധിച്ച ഉദ്യോഗസ്ഥർ നിർമാണവുമായി ബന്ധപ്പെട്ട വിവരങ്ങളും ശേഖരിച്ച് മടങ്ങിയതായി കെ.എം. ഷാജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.