രാഹുലിന്റെ ഓഫിസ് തകർത്ത സംഭവം നിഴൽ യുദ്ധത്തിന്റെയും കുപ്രചാരണത്തിന്റെയും അനിവാര്യ ദുരന്തമെന്ന് പ്രകൃതി സംരക്ഷണ സമിതി

കൽപറ്റ: രാഷ്ട്രീയ സംഘടനകളും മതസംഘടനകളും ചില കർഷക സംഘടനകളും ബോധപൂർവം കഴിഞ്ഞ ഒരു മാസമായി നടത്തുന്ന സുസംഘടിതമായ കുപ്രചാരണങ്ങളുടെയും നിഴൽ യുദ്ധത്തിന്റെയും ഭീതിയുടെയും ഫലമായുണ്ടായ അനിവാര്യമായ ദുരന്തമാണ് എസ്.എഫ്.ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫിസ് തച്ചുതകർത്ത സംഭവമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി. ജനാധിപത്യ മൂല്യങ്ങളെയും ബഹുസ്വരതയെയും വെല്ലുവിളിക്കുന്ന ദൗർഭാഗ്യകരമായ സംഭവമാണിത്. വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവ് കരുതൽ മേഖലയാക്കണമെന്നുള്ള സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് മലയോര മേഖലയിൽ ഉടനീളം അനാവശ്യമായി ഭീതിയും ആശങ്കയും സൃഷ്ടിക്കുകയും ഹർത്താലടക്കമുള്ള സമരാഭാസങ്ങൾ സംഘടിപ്പിക്കുകയും ചെയ്ത മുഴുവൻ പാർട്ടികളും ഈ അക്രമത്തിന് ഉത്തരവാദികളാണ്.

വന്യജീവികൾക്കും പ്രകൃതിക്കുമെതിരായ അസഹിഷ്ണുത മൂർച്ഛിച്ച് എതിരഭിപ്രായങ്ങളെയും എതിർ സംഘടനകളെയും സഹിക്കാനും ഉൾക്കൊള്ളാനും കഴിയാത്ത വിധം ഫാഷിസ്റ്റ് ചിന്താഗതി രൂപം കൈക്കൊള്ളുന്നത് സ്വാഭാവികമാണ്. സുപ്രീം കോടതി നിഷ്ക്കർഷിച്ചത് ബഫർ സോണല്ല, പരിസ്ഥിതി കരുതൽ മേഖലയാണെന്നു പോലും രാഷ്ട്രീയ-മത സംഘടനകളും കർഷകരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്ന സംഘടനകളും മനസ്സിലാക്കിയിട്ടില്ല. വന്യജീവിസങ്കേതങ്ങളുടെ ചുറ്റുമോ പരിസരത്തോ ഉള്ള റിസർവ് വനങ്ങൾ മാത്രമെ ബഫർ സോണായി പ്രഖ്യാപിക്കാൻ കഴിയൂ. ബഫർ സോണും കരുതൽ മേഖലയും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള അന്തരമുണ്ട്.

കഴിഞ്ഞ 16 വർഷമായി നിലനിൽക്കുന്ന 10 കിലോമീറ്റർ കരുതൽമേഖല സുപ്രീം കോടതി വിധി ഒരു കിലോമീറ്ററായി ചുരുക്കുകയാണുണ്ടായത്. ഇതുമൂലം ബുദ്ധിമുട്ടുണ്ടാവുന്നവർക്ക് അവ പരിഹരിക്കാനുള്ള മാർഗങ്ങൾ വിധിയിൽ തന്നെ വിശദമായി വ്യക്തമാക്കിയിട്ടുണ്ട്. 2011 ലെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഗൈഡ് ലൈൻ പ്രാദേശിക തലത്തിൽ മാറ്റം വരുത്താം. കരുതൽ മേഖലക്കായി മാസ്റ്റർ പ്ലാൻ തയാറാക്കാനും മാറ്റം വരുത്താനും അധികാരമുള്ള ജില്ല കലക്ടർ അധ്യക്ഷനായ കമ്മിറ്റിയിൽ എം.എൽ.എയും പഞ്ചായത്ത് പ്രസിഡന്റുമാരും അംഗങ്ങളാണ്.

കരുതൽ മേഖലാ വിജ്ഞാപനത്തിൽ കാർഷികവിളകളുടെ ഇൻഷൂറൻസ് പരിരക്ഷ, ഇന്റൻസിവ്, വന്യജീവി സംഘർഷം തുടങ്ങിയവയൊക്കെ ഉൾപ്പെടുത്താം. കരുതൽ മേഖലയെ സാധാരണക്കാർക്കും കർഷകർക്കും പ്രയോചനപ്രദമായി മാറ്റുന്നതിനും അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവയെ ഒഴിവാക്കുന്നതിനും യത്നിക്കുന്നതിന് പകരം വിദ്വേഷ പ്രചരണത്തിനും അവാസ്തവങ്ങൾ പ്രചരിപ്പിച്ച് കലാപമുണ്ടാക്കുന്നതിനുമാണ് ഭരണ-പ്രതിപക്ഷ പാർട്ടികളും മതസംഘടനകളും ഉത്സാഹിക്കുന്നത്.

2019 ഒക്ടോബറിൽ കരുതൽ മേഖല ഒരു കിലോമീറ്ററായി കേരള മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. മൈനിങ്-ക്വാറി മാഫിയ നിയന്ത്രിക്കുന്നവരുടെ സമ്മർദത്തിനു മുമ്പിൽ കേരള സർക്കാർ നിഷ്ക്രിയമായി നോക്കിനിൽക്കുകയാണിപ്പോൾ. കോടതി വിധി വന്നിട്ട് മൂന്നാഴ്ച പിന്നിട്ടിട്ടും സംസ്ഥാന സർക്കാർ വകുപ്പുകളെ ഏകോപിപ്പിക്കുകയോ ജനങ്ങളുടെ യഥാർഥ ആശങ്കകൾ പരിഹരിക്കുകയോ ഗൗരവതരമായി പ്രശ്നത്തിൽ ഇടപെടുകയോ ചെയ്തിട്ടില്ല. കരുതൽ മേഖലയുടെ യാഥാർഥ്യം ജനങ്ങളെ ബോധ്യപ്പെടുത്തിയിട്ടുമില്ല. സംസ്ഥാന സർക്കാറും വനം വകുപ്പും മൗനം തുടരുകയാണ്.

രാഹുൽ ഗാന്ധിയുടെ ഓഫിസ് തകർത്തതിനെ പ്രകൃതി സംരക്ഷണ സമിതി ശക്തമായി അപലപിച്ചു. ജനങ്ങളിൽ തെറ്റിദ്ധാരണയും ഭീതിയും ആശങ്കയും കുത്തിവച്ച് മുതലെടുപ്പ് നടത്തുന്ന രാഷ്ട്രീയപ്പാർട്ടികളുടെ ദുഷ്ടലാക്കിനെയും അപലപിക്കുന്നതായി പ്രസിഡന്റ് എൻ. ബാദുഷയും സെക്രട്ടറി തോമസ് അമ്പലവയലും പത്രക്കുറിപ്പിൽ വ്യക്തമാക്കി.  

Tags:    
News Summary - Inevitable Disaster of Shadow War And Propaganda- Prakruthi Samrakshana Samiti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.