നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ ചോദ്യം ചെയ്യുമെന്ന് സൂചന
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്ന് സൂചന. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നടൻ ദിലീപിനെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ദിലീപിനൊപ്പം കാവ്യ മാധവനും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ.
കേസിൽ മാഡത്തിന് നിർണായക പങ്കുള്ളതായി സൂചനയുണ്ടായിരുന്നുവെങ്കിലും ആരാണെന്ന് പിടികിട്ടിയിരുന്നില്ല. പൾസർ സുനിയുടെ മൊഴിയിലും കേസുമായി അടുത്ത ബന്ധമുള്ള ഒരു മാഡത്തിന്‍റെ പങ്കിനെപ്പറ്റി പറയുന്നുണ്ട്. എന്നാൽ ഈ മാഡം ആരെന്ന് ഇതുവരെ അന്വേഷണ സംഘത്തിന് പിടികിട്ടിയിട്ടില്ല.
അതേസമയം, വധ ഗൂഢാലോചന കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജിയിൽ ഹൈകോടതി ഇന്നും വാദം കേൾക്കും. ഇന്നലെ ദിലീപിന്‍റെ അഭിഭാഷകൻറെ വാദം പൂർത്തിയായിരുന്നില്ല. ഉച്ചക്ക് 1.45 ന് ജസ്റ്റിസ് സിയാദ് റഹ്മാന്റെ സിംഗിൾ ബഞ്ചാണ് വാദം കേൾക്കുന്നത്.
ദിലീപിന്‍റെ അടുത്ത സുഹൃത്തായ വി.ഐ.പി ശരത്തിനെ ഇന്നും ക്രൈബ്രാഞ്ച് ചോദ്യം ചെയ്യും. നദിലീപുമായി തനിക്ക് അടുത്ത സൗഹൃദമുണ്ടെന്ന് ശരത് വെളിപ്പെടുത്തി. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ തന്റെ കൈയ്യില്‍ ലഭിച്ചിട്ടില്ല. ബാലചന്ദ്രകുമാറിന്റെ മൊഴികള്‍ കളവാണ്. ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയതിനെ കുറിച്ച് അറിയില്ലെന്നും ശരത്ത് ചോദ്യം ചെയ്യലില്‍ അന്വേഷണസംഘത്തോട് പറഞ്ഞു. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചായിരുന്നു ഇന്നലെ ശരത്തിനെ ചോദ്യം ചെയ്തത്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ചോദ്യം ചെയ്യൽ ഇന്നലെ പൂർത്തിയായിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിനെയും ഒപ്പമിരുത്തി ചോദ്യം ചെയ്‌തു. ഒൻപതര മണിക്കൂറാണ് ദിലീപിനെ ചോദ്യം ചെയ്‌തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.