ഗുജറാത്തിൽ വൻ ലഹരിമരുന്ന് വേട്ട; പിടികൂടിയത് 63.87 ലക്ഷം രൂപയുടെ ലഹരിവസ്തു
അരവല്ലി (ഗുജറാത്ത്): ഗുജറാത്തിലെ അരവല്ലി ജില്ലയിൽ പൊലീസുമായുള്ള നാടകീയമായ ഏറ്റുമുട്ടലിനൊടുവിൽ വൻ ലഹരിമരുന്ന് വേട്ട. ഹൈസ്പീഡ് ചേസിനും വെടിവെപ്പിനുമൊടുവിൽ 425.8 കിലോഗ്രാം പോപ്പി സ്ട്രോയുമായി 27 കാരനായ യുവാവ് പിടിയിലായി. ഏകദേശം 63.87 ലക്ഷം രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത ലഹരിവസ്തു.
മധ്യപ്രദേശിലെ മന്ദസൗറിൽനിന്ന് ഗുജറാത്ത് വഴി രാജസ്ഥാനിലെ ബാർമെറിലേക്ക് ലഹരിവസ്തുക്കൾ കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
മാൽപ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മോർഡുങ്കരി ഗ്രാമത്തിന് സമീപം, സൺ ഗോൾഡ് ഹോട്ടലിന് മുന്നിൽ ലൊക്കേഷൻ ക്രൈം ബ്രാഞ്ച് (എൽ.സി.ബി) സംഘം മാൽപ്പൂർ-മോഡാസ ഹൈവേയിൽ വാഹന പരിശോധന നടത്തിവരികയായിരുന്നു. ഈ സമയത്താണ് മോഡാസ ഭാഗത്തുനിന്നും അതിവേഗത്തിൽ ഒരു കറുത്ത സ്‌കോർപിയോ കാർ എത്തിയത്.
വാഹനം തടയാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ വാഹനം വേഗത്തിൽ പൊലീസിന്റെ ബാരിക്കേഡിലേക്ക് ഇടിച്ചുകയറ്റാൻ ശ്രമിച്ചു. തുടർന്ന് എൽ.സി.ബിയുടെ മൊബൈൽ വാനിലിടിച്ച വാഹനം യൂ-ടേൺ എടുത്ത് മാൽപ്പൂർ ഭാഗത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു.
ഇതോടെ പൊലീസ് സംഘത്തിന്റെ ഫൊർച്യൂണർ കാർ സ്‌കോർപ്യോയെ തടയാൻ ശ്രമിക്കുകയും, സ്‌കോർപ്യോ ഇതിലേക്ക് നേരെ ഇടിച്ചുകയറുകയും ചെയ്തു. ഈ കൂട്ടിയിടിയെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം നിശ്ചലമായി. കാറിലുണ്ടായിരുന്ന ഡ്രൈവറും മറ്റൊരു കൂട്ടാളിയും വ്യത്യസ്ത ദിശകളിലേക്ക് ഓടി.
യാത്രക്കാരുടെ ഭാഗത്തുനിന്നിറങ്ങിയ പ്രതി പൊലീസ് സംഘത്തിന് നേരെ പിസ്റ്റൾ ചൂണ്ടി രണ്ടുതവണ വെടിയുതിർത്തു.ആത്മരക്ഷാർഥം പരിശോധനാ സംഘത്തിലുണ്ടായിരുന്ന പൊലീസ് ഇൻസ്പെക്ടർ ആകാശത്തേക്കും സ്‌കോർപ്യോയുടെ അടിഭാഗത്തേക്കും ഓരോ തവണ വെടിയുതിർത്തു.
തുടർന്ന് റോഡിലെ ഡിവൈഡർ റെയിലിങ് ചാടികടന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി വീണ്ടും പൊലീസിന് നേരെ തോക്കുചൂണ്ടി. ജീവന് ആപത്തുണ്ടായ സാഹചര്യത്തിൽ പൊലീസ് നടത്തിയ വെടിവെപ്പിൽ പ്രതിയുടെ വലത് കാൽപാദത്തിൽ വെടിയേൽക്കുകയായിരുന്നു. താഴെവീണ പ്രതിയുടെ കൈയിലുണ്ടായിരുന്ന തോക്ക് താഴെ വീഴുകയും പൊലീസ് അയാളെ കീഴടക്കുകയുമായിരുന്നു.
രാജസ്ഥാൻ ബാർമെർ ജില്ലയിലെ ധോരിമന സ്വദേശിയായ രാജുറാം ജാംഗു എന്ന ബിഷ്ണോിയാണ് പിടിയിലായത്. പരിക്കേറ്റ ഇയാളെ ചികിത്സ നൽകിയ ശേഷം കസ്റ്റഡിയിലെടുത്തു.
സ്‌കോർപ്യോ വാഹനത്തിൽ നടത്തിയ പരിശോധനയിൽ 22 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന പോപ്പി സ്ട്രോ കണ്ടെടുത്തു. 3.58 കിലോഗ്രാം പ്ലാസ്റ്റിക് പാക്കിങ് ഉൾപ്പെടെ ആകെ 429.38 കിലോഗ്രാം ഭാരമുള്ളതാണ് കസ്റ്റഡിയിലെടുത്ത ലഹരിവസ്തു.
ലഹരിവസ്തുവിന് പുറമെ 20 ലക്ഷം രൂപ വിലമതിക്കുന്ന സ്‌കോർപ്യോ കാർ, രണ്ട് മൊബൈൽ ഫോണുകൾ, രണ്ട് നാടൻ പിസ്റ്റളുകൾ, 11 തിരകൾ, ഫാസ്ടാഗുകൾ, അഞ്ച് ആർ.ടി.ഒ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ആകെ 85.08 ലക്ഷം രൂപയുടെ തൊണ്ടിമുതലുകളാണ് പിടിച്ചെടുത്തത്. വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചാണ് വാഹനം ഉപയോഗിച്ചിരുന്നത്.
കൂടെയുണ്ടായിരുന്ന സുരേഷ് കുമാർ ബിഷ്ണോയ് എന്നയാളും മന്ദസൗറിൽനിന്ന് ലഹരിവസ്തു നൽകിയ മറ്റൊരാളുംബരക്ഷപ്പെടുകയായിരുന്നു. ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.