കർഷക തൊഴിലാളി ക്ഷേമനിധി ആനുകൂല്യം വർധിപ്പിക്കണം -കെ.ഇ. ഇസ്മായിൽ

തൃശൂര്‍: കര്‍ഷക തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ കലോചിതമായി വർധിപ്പിച്ച് കുടിശിക തീർത്ത് വിതരണം ചെയ്യണമെന്നും കർഷക തൊഴിലാളി പെൻഷൻ ഉപാധിരഹിതമായി നൽകാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ബി.കെ.എം.യു ദേശീയ വൈസ് പ്രസിഡൻറ് കെ.ഇ. ഇസ്മായില്‍. ബി.കെ.എം.യു സംസ്ഥാന നേതൃത്വ ക്യാമ്പ് തൃശൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാപ്പകല്‍ അധ്വാനിച്ച് രാജ്യത്തിനായി കാര്‍ഷികവിളകളും നാണ്യവിളകളും ഉൽപാദിപ്പിക്കുന്ന കര്‍ഷകരിലും കർഷക തൊഴിലാളികളിലും ഭുരിപക്ഷവും പിന്നാക്കക്കാരും ഭൂരഹിതരുമാണ്. അവര്‍ക്ക് പെന്‍ഷന്‍ നിശ്ചയിക്കുമ്പോള്‍ ഉപാധിവെക്കുന്നത് നീതികരിക്കാനാവില്ല. പരിഗണന അര്‍ഹിക്കുന്ന വിഭാഗത്തെ അവഗണിച്ച് മറ്റു കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത് സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍പ്പെടുത്തും. ഏതു കാര്യത്തിന്‍റെ പേരിലായാലും തഴയപ്പെടേണ്ടതും മാറ്റിവെക്കപ്പെടേണ്ടവരുമല്ല കര്‍ഷക തൊഴിലാളികളെന്നും അടിയന്തരമായ ഈ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി സന്ധിയില്ലാത്ത പ്രക്ഷോഭ പോരാട്ടങ്ങളുമായി മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകതൊഴിലാളി പെന്‍ഷന്‍ ഉപാധിരഹിതമായി നിര്‍ണയിക്കുകയും 3000 രൂപയായി ഉയര്‍ത്തുകയും ചെയ്യുക, ക്ഷേമനിധി വഴി ഒരു ലക്ഷം രൂപ അധിവര്‍ഷാനുകൂല്യമായി നല്‍കുക, കുടിശികയുള്ള ആനുകൂല്യങ്ങള്‍ കൊടുത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ ഗ്രാൻറ് അനുവദിക്കുക തുടങ്ങി കര്‍ഷകതൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഉന്നയിച്ച് തൊഴിലാളികളുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനും ക്യാമ്പ് തീരുമാനിച്ചു.

ബി.കെ.എം.യു സംസ്ഥാന വൈസ് പ്രസിഡൻറ് ടി. സിദ്ധാര്‍ഥന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ. കൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെക്രട്ടറിമാരായ പി. സുഗതന്‍, കുമ്പളം രാജപ്പന്‍, എം. നാരായണന്‍, വൈസ് പ്രസിഡൻറ് എ. മുസ്തഫ, ദേശീയ കൗൺസിലംഗങ്ങളായ മുൻ മന്ത്രി കെ. രാജു, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ജോയ് ഇടുക്കി, ആർ. അനിൽകുമാർ, കെ.വി. ബാബു കണ്ണൂർ, കുറുമ്പക്കര രാമകൃഷ്ണൻ തുടങ്ങിയവര്‍ സംസാരിച്ചു. സി.സി. മുകുന്ദന്‍ എം.എല്‍.എ സ്വാഗതവും ബി.കെ.എം.യു ജില്ല സെക്രട്ടറി വി.എസ്. പ്രിന്‍സ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Increase the benefits of the Agricultural Workers Welfare Fund -K.E. Ismail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.