വരുമാനം നിലച്ചു; ബാധ്യതകൾ കുന്നുകൂടി നടുവൊടിഞ്ഞ്​ ടൂറിസ്‌റ്റ് ബസ്​ വ്യവസായം

ആലുവ: കോവിഡ് പ്രതിസന്ധി സൃഷ്​ടിച്ച രണ്ട് കാലഘട്ടത്തിലും ദുരിതത്തിലേക്ക് കൂപ്പുകുത്തിയ മേഖലയാണ് ടൂറിസ്​റ്റ്​ ബസ് വ്യവസായം. വരുമാനം നിലക്കുകയും ബാധ്യതകൾ കുന്നുകൂടുകയും ചെയ്തതോടെ ഉടമകളും ജീവനക്കാരും ദുരിതക്കയത്തിലാണ്​. ഒന്നാം തരംഗത്തി​െൻറ ക്ഷീണത്തിൽനിന്ന് പൂർണമായി കരകയറാനാവില്ലെങ്കിലും നിത്യജീവിത ​െചലവുകൾക്ക് വക കണ്ടെത്താനാണ് പലരും വീണ്ടും രംഗത്തിറങ്ങിയത്. അറ്റകുറ്റപ്പണി തീർത്ത്​ ബസുകൾ നിരത്തിലിറക്കാൻ വലിയ തുക വായ്​പയെടുത്തു. അതിനി​െടയാണ് ഇടിത്തീപോലെ വീണ്ടും അടച്ചുപൂട്ടൽ വന്നത്.

ഒന്നാം തരംഗത്തി​െൻറ ആഘാതത്തിനുശേഷം ഒരുവർഷം നിർത്തിയിട്ട വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക്​ ഭീമമായ തുകയാണ് ചെലവായത്. തുടർന്ന് ഇൻഷുറൻസ് എടുക്കുകയും ത്രൈമാസ നികുതി മുൻകൂറായി അടക്കുകയും ചെയ്​തിരുന്നു. ഏറ്റവും വലിയ വരുമാനമാർഗം ആയിരുന്ന സ്കൂൾ, കോളജ്, കുടുംബ വിനോദ യാത്രകൾക്ക് 2020 ഫെബ്രുവരിയിൽ സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. വിവാഹ, മരണ ആവശ്യങ്ങൾക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്തതോടെ വാഹനങ്ങൾക്ക്​ ഓട്ടം ഇല്ലാതായി. വലിയ കമ്പനികൾ ജീവനക്കാരെ കുറച്ചതോടെ ട്രാൻസ്​പോർ​ട്ടേഷൻ സർവിസും നഷ്​ടമായി.

അന്തർ സംസ്ഥാന തൊഴിലാളികളെ കേരളത്തിൽനിന്ന്​ നാടുകളിലേക്ക് കൊണ്ടുപോകുന്ന ട്രിപ്പുകളാണ് ഏക ആശ്രയമായി ഉണ്ടായിരുന്നത്. എന്നാൽ, പല പ്രശ്നങ്ങൾ മൂലം ട്രിപ്പുകൾ മുടങ്ങുന്ന സ്ഥിതിയുണ്ടായി. ബസുകളുമായി മറ്റ് സംസ്ഥാനങ്ങളിൽ ജീവനക്കാർ കുടുങ്ങിയതും തിരിച്ചടിയായി. കേരളത്തിൽനിന്ന്​ പോയ ടൂറിസ്​റ്റ് ബസ് ഡ്രൈവർ ഹൃദയാഘാതത്താൽ മരിക്കുകയും കഴിഞ്ഞദിവസം മറ്റൊരു ജീവനക്കാരൻ ആത്മഹത്യ ചെയ്യുകയുമുണ്ടായി. ഏപ്രിലിൽ ആരംഭിക്കുന്ന ത്രൈമാസ നികുതി ഇളവ് ലഭിക്കാത്തതുമൂലം അന്തർ സംസ്ഥാനത്ത് കിടക്കുന്ന വാഹനങ്ങൾക്ക് മുൻകൂറായി ജി ഫോറം നൽകാൻ കഴിഞ്ഞില്ല.

ഒരു വാഹനത്തിന് 50,000 രൂപയുടെ അധിക ബാധ്യത ഓരോ ഉടമകളും സഹിക്കേണ്ട അവസ്ഥയാണെന്ന് കോൺട്രാക്ട് കാര്യേജ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറ് എ.ജെ. റിയാസ്, ജനറൽ സെക്രട്ടറി അനൂപ് കണ്ണൻ എന്നിവർ പറഞ്ഞു.

വായ്പ മൊറട്ടോറിയം കാലാവധി അവസാനിച്ചതിനെത്തുടർന്ന് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ റിക്കവറി നടപടികളും ആരംഭിച്ചിട്ടുണ്ട്. വായ്​പകളെ ആശ്രയിച്ച് മുന്നോട്ടുപോകുന്ന വാഹന ഉടമകൾക്ക് പലിശരഹിത മൊറട്ടോറിയം ആവശ്യപ്പെട്ട് അസോസിയേഷൻ സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല. അത് പ്രതിസന്ധി സങ്കീർണമാക്കി. പതിനായിരക്കണക്കിന് തൊഴിലാളികൾ ഭാവി എന്തെന്നറിയാതെ കടുത്ത പ്രതിസന്ധിയിലാണ്. സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ട്​ ആശ്വാസ നടപടികൾ പ്രഖ്യാപിച്ചില്ലെങ്കിൽ 60 ശതമാനത്തിലധികം പേർ തൊഴിൽരഹിതരാവും.

ധനകാര്യ സ്ഥാപനങ്ങളിൽനിന്ന്​ വായ്​പയെടുക്കാൻ കിടപ്പാടം പണയം വെച്ചതിനാൽ അതും നഷ്​ടപ്പെടുന്ന ഗുരുതര സാഹചര്യമാണ്.

മറ്റ്‌ സംസ്ഥാനങ്ങളിൽ കുടുങ്ങിയതിനെ തുടർന്ന് ഓടാതെ കിടന്ന കാലയളവുൾപ്പെടെ മൂന്നുമാസത്തെ നികുതി ആഗസ്​റ്റ്​ ഒന്നിനകം അടക്കേണ്ടിവരുന്നതും പ്രതിസന്ധിയാണ്​. പുഷ്ബാക്ക് സീറ്റുകളുള്ള ബസുകൾക്ക് 4000 രൂപ ക്ഷേമനിധി വിഹിതമടക്കം 54,000 രൂപയാണ്​ നികുതി. അല്ലാത്തവക്ക്​ 40,000 രൂപയും. 

Tags:    
News Summary - Income stopped; Liabilities piled up Tourist bus industry in the middle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.