ബന്ധുക്കളെ സംസ്കരിച്ച സ്ഥലം തകർത്ത് കുടിവെള്ള പൈപ്പ് സ്ഥാപിച്ചതിന് സമീപം കോടങ്ങാട് ശോഭന
വാളുമുക്ക് കോളനിയിൽ കുഴിമാടം പൊളിച്ച് കുടിവെള്ള പൈപ്പിട്ടു; പരാതിയുമായി ആദിവാസികൾ
കേളകം: കോളനിയിലെ കുഴിമാടങ്ങൾ പൊളിച്ച് കുടിവെള്ള പദ്ധതിക്കായി പൈപ്പ് സ്ഥാപിച്ചതിൽ പരാതിയുമായി കോളനിവാസികൾ. അടയ്ക്കാത്തോട് വാളുമുക്ക് കോളനിയിലാണ് സംഭവം. വാളുമുക്കിലെ കോടങ്ങാട് ശോഭനയുടെ വീടിന്റെ അടുക്കള ഭാഗത്ത് മൂന്ന് ബന്ധുക്കളെ അടക്കിയ കുഴിമാടങ്ങളാണ് കുടിവെള്ള പദ്ധതിക്കായി തുരന്ന് പൈപ്പിട്ടത്. കോളനിയിലെ കോടങ്ങാട് ശോഭനയുടെ വീടിന്റെ അടുക്കള ഭാഗത്താണ് അച്ചൻ, അമ്മ, സഹോദരൻ എന്നിവരെ സംസ്കരിച്ചത്. ഇവ തുരന്നാണ് അംഗൻവാടിയിലേക്ക് കോളനിവാസികളുടെ എതിർപ്പ് മറികടന്ന് ജൽജീവൻ മിഷൻ പദ്ധതിക്കായി പൈപ്പിട്ടത്.
ശോഭന വീട്ടിൽ ഇല്ലാത്ത സമയത്താണ് പൈപ്പ് സ്ഥാപിച്ചത്. ഇവർ തിരികെയെത്തിയപ്പോഴാണ് തങ്ങളുടെ പ്രിയപ്പെട്ടവരുടെ കുഴിമാടങ്ങൾ കിളച്ച് മറിച്ച് നിലയിൽ കണ്ടത്. അപ്പോൾ മുതൽ കണ്ണീരൊഴുക്കി കഴിയുകയാണ് ശോഭനയും ഉറ്റ ബന്ധുക്കളും. ആറടി മണ്ണിനും ഗതിയില്ലാതെ അടുക്കളയിലും വീട്ടുമുറ്റത്തും മരിച്ചവരെ അടക്കിയ വാളുമുക്ക് കോളനിയിലെ വാർത്ത മുമ്പ് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. വീടിനു ചുറ്റുവശങ്ങളിലും അടുക്കളയിലും ഈ കോളനിയിൽ മരിച്ചവരെ അടക്കംചെയ്തിട്ടുണ്ട്.
വാളുമുക്ക് കോളനിയിലെ മുപ്പതോളം വീടുകൾക്ക് ചുറ്റുമായി നൂറിലധികം കുഴിമാടങ്ങൾ ഉണ്ട്. അവയിൽപെട്ട മൂന്നെണ്ണം പൊളിച്ചടുക്കിയാണ് കുടിവെള്ളത്തിനായി പൈപ്പ് ഇട്ടത്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ അന്ത്യവിശ്രമ സ്ഥാനങ്ങൾ ഇളക്കിമറിച്ച് പൈപ്പിട്ട സംഭവത്തിൽ പ്രതിഷേധത്തിലാണ് കോളനിവാസികൾ.
പൊതുശ്മശാനമില്ലാത്തതിനാൽ കോളനിയിലെ വീടിന് ചുറ്റും കുഴിമാടമൊരുക്കേണ്ട ഗതികേടിലാണ് വാളുമുക്ക് കോളനിയിലെ കുടുംബങ്ങൾ. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഗ്രാമ പഞ്ചായത്ത് മെംബറോടും കോളനിവാസികൾ തങ്ങളുടെ നൊമ്പരം അറിയിച്ചു. കുഴിമാടങ്ങൾ തുരന്ന് സ്ഥാപിച്ച പൈപ്പുകൾ നീക്കം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.