വീണ്ടും പരിഷ്‍കാരം; സംസ്ഥാനത്ത് പൊലിസ് സ്റ്റേഷൻ ചുമതല എസ്.ഐമാർക്ക് തിരിച്ചു നൽകും

തിരുവനന്തപുരം: കേരളത്തിലെ പൊലിസ് സ്റ്റേഷനുകളുടെ ഘടനയിൽ വീണ്ടും മാറ്റം വരുത്താൻ നീക്കം. സ്റ്റേഷൻ ഹൗസ് ഓഫീസർ ചുമതല ഇൻസ്പെക്ടര്‍മാരിൽ നിന്നും എസ്.ഐമാർക്ക് തന്നെ തിരിച്ചു നൽകും. സ്റ്റേഷൻ ഭരണം ഇൻസ്പെക്ടർമാർക്ക് നൽകിയ പരിഷ്ക്കാരം പാളിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

2018 നവംബർ ഒന്നിന് പൊലിസ് മേധവിയായിരുന്ന ലോക്നാഥ് ബെഹ്റയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആദ്യ പരിഷ്ക്കരണം നടന്നത്. അതോടെ, സംസ്ഥാനത്ത പൊലിസ് സ്റ്റേഷനുകളുടെ ഭരണം എസ്.ഐമാരിൽ നിന്നും ഇൻസ്പെക്ടർമാർക്ക് കൈമാറി. എസ്.ഐമാരുടെ തസ്തിക ഇൻസ്പെക്ടർ റാങ്കിലേക്ക് ഉയർത്തുകയും 218 പേർക്ക് കൂട്ടത്തോടെ സ്ഥാനകയറ്റം നൽകുകയും ചെയ്തു. സ്റ്റേഷൻ പ്രവർത്തനം കുറേക്കൂടി കാര്യക്ഷമാക്കാൻ ഇൻസ്പെക്ടർമാർക്ക് കഴിയുമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്.

ഇതോടെ രണ്ട് സ്റ്റേഷന്റെ ചുമതല നോക്കിയിരുന്ന സര്‍ക്കിള്‍ ഇൻസ്‍പെക്ടർമാർ ഒരു സ്റ്റേഷന്റെ ചുമതലയിലേക്ക് ഒതുങ്ങി. പക്ഷെ പരിഷ്ക്കരണം കൊണ്ട് ഗുണം ഉണ്ടായില്ലെന്ന് എസ്.പിമാരുടെയും എ.ഡി.ജി.പിമാരുടെയും യോഗത്തിൽ അഭിപ്രായമുയർന്നു. ഇക്കാര്യം പരിശോധിക്കാന്‍ വേണ്ടി ഡി.ജി.പി ടി.കെ. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ നാലംഗ സമിതിയുണ്ടാക്കി. നാലുവർഷം പിന്നിടുമ്പോൾ പരിഷ്ക്കരണം നേട്ടത്തെക്കാള്‍ കൂടുതൽ കോട്ടമുണ്ടാക്കിയെന്നാണ് സമിതിയുടെ റിപ്പോർട്ട്.

സംസ്ഥാനത്തെ ചില പ്രധനപ്പെട്ട സ്റ്റേഷനുകളില്‍ ഒഴികെ മറ്റ് സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാർക്ക് തിരികെ നൽകാനും മേൽനോട്ട ചുമതലകളിലേക്ക് ഇൻസ്പെക്ടർമാരെ മടക്കികൊണ്ടുവരാനുമാണ് പുതിയ നിർദേശം. കേസുകള്‍ കുറവുള്ള 210 സ്റ്റേഷനുകളിലെ ഭരണം ആദ്യ ഘട്ടത്തിൽ എസ്.ഐമാർക്ക് നൽകും. എസ്.ഐമാരുടെ റാങ്ക് പട്ടിക നിലനിൽക്കുന്നതിനാൽ കൂടുതൽ പേരെ ഇപ്പോള്‍ നിയോഗിക്കാനും കഴിയുമെന്നാണ് കണക്ക് കൂട്ടൽ.

Tags:    
News Summary - In the state, police station duties will be returned to SIs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.