ശ്രീറാം വെങ്കിട്ടരാമൻ

നിയമനത്തിൽ അനാവശ്യ ധിറുതി

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ജില്ല കലക്ടറായി നിയമിച്ചതിൽ പ്രകടനമാകുന്നത് സർക്കാറിന്‍റെ അനാവശ്യ ധിറുതിയും കീഴ്വഴക്ക ലംഘനവും. ശ്രീറാം വെങ്കിട്ടരാമൻ 2013 ബാച്ച് ഐ.എ.എസ് ഓഫിസറാണ്. 2016ൽ ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലെത്തി. 2020-'23ൽ ജോയന്‍റ് സെക്രട്ടറി/ജില്ല മജിസ്ട്രേറ്റ് പദവിയിലെത്തണം.

2024-28ൽ ജില്ല കലക്ടർ/സ്പെഷൽ സെക്രട്ടറി/ഡയറക്ടർ പദവി വഹിക്കണം. ശ്രീറാമിന് കലക്ടർ പദവി നൽകുന്നത് ചട്ടപ്രകാരം നിർബന്ധമാണെങ്കിൽ പോലും 2028നകം മതിയെന്നിരിക്കെയാണ് സർക്കാറിന്‍റെ ധിറുതി പിടിച്ചുള്ള തീരുമാനം.

ക്രിമിനൽ കേസ് പ്രതിയെ മജിസ്ട്രേറ്റിന്‍റെ അധികാരമുള്ള കലക്ടർ തസ്തികയിൽ സാധാരണ നിയമിക്കാറില്ല. കേസ് തീർപ്പാകുന്നതുവരെ പ്രമോഷൻ തീരുമാനം മുദ്രവെച്ച കവറിൽ സൂക്ഷിക്കണമെന്നാണ് കേന്ദ്ര പേഴ്സനൽ മന്ത്രാലയത്തിന്‍റെ നിര്‍ദേശം. ഉദ്യോഗസ്ഥൻ കുറ്റമുക്തനായാൽ‌ മുൻ തീരുമാനപ്രകാരം നിയമനം നൽകാം.

സ്ഥാനക്കയറ്റം നൽകുകയാണെങ്കിൽ പൊതുജന താൽപര്യത്തിന് വിരുദ്ധമാണോയെന്നും സ്ഥാനക്കയറ്റം തടയാൻ മാത്രം ഗുരുതരമാണോ ചെയ്ത കുറ്റമെന്നും കേസിൽ ഇടപെടുമോയെന്നും പരിശോധിക്കേണ്ടതുണ്ട്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ് ശ്രീറാമിനെതിരെ ചുമത്തിയിരിക്കുന്നത്.

Tags:    
News Summary - In appointment Unnecessary arrogance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.