കൊച്ചി: കയർബോർഡ് ഉദ്യോഗസ്ഥ ജോളി മധുവിനെ മരണത്തിലേക്ക് തളളിവിട്ടത് മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമാണെന്ന് തെളിയിക്കുന്ന കത്തിനു പിന്നാലെ ശബ്ദരേഖയും പുറത്ത്. മസ്തിഷ്കാഘാതം സംഭവിക്കുന്നതിൽ തൊട്ട് മുൻപ് എഴുതിയ പൂർത്തിയാക്കാത്ത കത്ത് പുറത്ത് വന്നതിന് പിന്നാലെയാണ് മുൻപ് ആർക്കോ ജോളി അയച്ച ശബ്ദ സന്ദേശം പുറത്താവുന്നത്.
അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ ശമ്പളം പിടിച്ചു വെച്ചും സ്ഥലം മാറ്റിയും പീഡിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു. ‘അഴിമതിയുടെ ആനുകൂല്യം എനിക്ക് വേണ്ടെന്ന് പറയുന്ന ജോളി ശബ്ദസന്ദേശത്തിലൂടെ തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു.
പേടിയാണെന്നും ചെയർമാനോട് സംസാരിക്കാൻ കഴിയില്ലെന്നുമാണ് ജോളി മധു കത്തിൽ പറയുന്നത്. അർബുദ അതിജീവിതയായ ജോളി വലിയരീതിയിൽ മാനസിക പീഡനം അനുഭവിച്ചിരുന്നതായി നേരത്തെ തന്നെ പരാതിയുയർന്നു. ഈ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയം. അന്വേഷണത്തിനായി മൂന്നംഗ സമിതിയാണ് രൂപവൽകരിച്ചിരിക്കുന്നത്.
ആരോപണങ്ങൾ പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കയർ ബോർഡ് നിർദ്ദേശം നൽകി. ഇതിനിടയിലാണ് എല്ലാ പീഡനത്തിന്റെയും തെളിവായി ജോളിയുടെ കത്ത് പുറത്ത് വരുന്നത്. തൊഴിൽ പീഡനം സംബന്ധിച്ച് ജോളി പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കുമുൾപ്പെടെ പരാതി നൽകിയിരുന്നു. അർബുദ അതിജീവിതയായതിനാൽ സ്ഥലം മാറ്റരുതെന്ന് മെഡിക്കൽ ബോർഡ് ശിപാർശ ചെയ്തിരുന്നു.
എറണാകുളം ഹെഡ് ഓഫിസിലെ സെക്ഷൻ ഓഫിസർ വെണ്ണല പ്രണവം ലെയ്നിൽ താമസിക്കുന്ന ജോളി മധുവാണ് (56) മരിച്ചത്. മസ്തിഷ്കാഘാതം സംഭവിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഓഫിസിൽ നിരന്തരം നേരിടേണ്ടി വന്ന മാനസിക സമ്മർദമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനാൽ മേലുദ്യോഗസ്ഥർ ജോളിയെ നിരന്തരം മാനസിക സമ്മർദത്തിലാക്കിയിരുന്നുവെന്ന് സഹോദരൻ ലാലിച്ചൻ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. മേലുദ്യോഗസ്ഥർ ആവശ്യപ്പെടുന്ന ഫയലുകളിൽ ഒപ്പിട്ട് നൽകാത്തതിനാൽ പലവട്ടം മാനസികമായി പീഡിപ്പിച്ചു. സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ഹൈകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.