അനധികൃത സമ്പാദ്യം: സുദേഷ് കുമാറിനെതിരെ അന്വേഷണത്തിന് ആഭ്യന്തരവകുപ്പ്

തിരുവനന്തപുരം: വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെ ഡി.ജി.പി സുദേഷ്കുമാറിനെതിരെ അന്വേഷണത്തിനൊരുങ്ങി ആഭ്യന്തരവകുപ്പ്. അധികാര ദുര്‍വിനിയോഗം നടത്തി ലക്ഷങ്ങള്‍ സമ്പാദിച്ചെന്നതുൾപ്പെടെ പരാതികളിലാണ് അന്വേഷണം. വിജിലൻസ് പരാതികൾ മനഃപൂർവം വൈകിച്ചതും അനധികൃത വിദേശയാത്ര നടത്തിയതും ഉൾപ്പെടെ പരാതികളിലും അന്വേഷണമുണ്ടാകും. തിരുവനന്തപുരത്തെ ജ്വല്ലറിയിൽനിന്ന് സ്വര്‍ണം വാങ്ങി പണം നല്‍കിയില്ലെന്നും ഗതാഗത കമീഷണറായിരിക്കെ വന്‍തുക കൈക്കൂലി വാങ്ങിയെന്നും ഉള്‍പ്പെടെ ഒട്ടേറെ പരാതികളാണ് ഇദ്ദേഹത്തിനെതിരെ ആഭ്യന്തര സെക്രട്ടറിക്ക് ലഭിച്ചത്.

വിജിലന്‍സ് ഡയറക്ടറായിരിക്കെ പല അന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടും അന്തിമ തീരുമാനമെടുക്കാതെ ഫയൽ വൈകിപ്പിച്ചെന്നും പരാതിയുണ്ട്.

ജ്വല്ലറിക്കാരെ ഭീഷണപ്പെടുത്തി സ്വർണമാലക്ക് 95 ശതമാനം ഇളവനേടിയ സംഭവത്തില്‍ സുദേഷ് കുമാറിനെതിരെ അന്വേഷണം നടത്തണമെന്നാണ് അഭ്യന്തരവകുപ്പി‍െൻറ പ്രധാന ശിപാര്‍ശ. പരാതിക്കൊപ്പം സമർപ്പിച്ച ബില്ലുകളും മറ്റ് രേഖകളും പരിശോധിച്ചതി‍െൻറ അടിസ്ഥാനത്തിലാണ് ശിപാര്‍ശ. ഇതി‍െൻറ ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറി. മുഖ്യമന്ത്രി തിരിച്ചെത്തിയാലുടന്‍ അന്വേഷണത്തിന് ഉത്തരവിട്ടേക്കും.

ക്രൈംബ്രാഞ്ച് അന്വേഷണത്തിനാണ് സാധ്യത. വിജിലൻസ് ഡയറക്ടറായിരുന്ന സുദേഷിനെ കഴിഞ്ഞയാഴ്ചയാണ് ജയിൽ മേധാവിയാക്കി മാറ്റിനിയമിച്ചത്. കുടുംബസമേതം നടത്തിയ ചൈന സന്ദര്‍ശനത്തിന് ചെലവായ 15 ലക്ഷത്തിലേറെ രൂപ സ്‌പോണ്‍സര്‍ ചെയ്തത് കോഴിക്കോടുകാരനായ ഖത്തറിലെ വ്യവസായിയായിരുന്നെന്നും പരാതിയുണ്ട്. 

Tags:    
News Summary - Illegal savings: Home Ministry to probe Sudesh Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.