അനധികൃത ഫിക്സഡ് ചാർജ്; വീടുകളിൽ സോളാർ വൈദ്യുതി ഉൽപാദിപ്പിക്കുന്നവർ ഹൈകോടതിയിലേക്ക്

പാലക്കാട്: അനധികൃതമായി ഫിക്സഡ് ചാർജ് അടിച്ചേൽപിക്കുന്നെന്നാരോപിച്ച് വീടുകളിൽ സോളാർ വൈദ്യുതി ഉൽപാദിപ്പിക്കുന്നവർ ഹൈകോടതിയിലേക്ക്. ഉൽപാദിപ്പിച്ച് നേരിട്ട് ഉപയോഗിക്കുന്ന വൈദ്യുതിക്കുകൂടി ‘ഫിക്സഡ് ചാർജ്’ ഈടാക്കിത്തുടങ്ങിയതിനെതിരായാണ് നീക്കം. പുരപ്പുറ സോളാർ ഉടമകളുടെ കൂട്ടായ്മയായ കെ.ഡി.എസ്.പി.സിയാണ് (കേരള ഡൊമസ്റ്റിക് സോളാർ പ്രോസ്യൂമേഴ്‌സ് കമ്യൂണിറ്റി) ഹൈകോടതിയെ സമീപിക്കുന്നത്.

വിതരണ ലൈസൻസിയുടെ സ്ഥിരം ചെലവുകളിൽ ഉൾപ്പെടുത്തി ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്ന നിരക്കാണ് ഫിക്സഡ് ചാർജ്. നേരത്തേ, ഗ്രിഡിൽനിന്ന് സ്വീകരിക്കുന്ന വൈദ്യുതിക്ക് (ഇംപോർട്ട്) മാത്രം വാങ്ങിയിരുന്ന ഫിക്സ്ഡ് ചാർജ്, സോളാർ വൈദ്യുതിയിൽനിന്ന് നേരിട്ട് ഉപയോഗിക്കുന്ന വൈദ്യുതിയടക്കമുള്ള മുഴുവൻ ഉപഭോഗത്തിന്റെ അടിസ്ഥാനത്തിലുള്ള നിരക്കാക്കിയതായി പ്രഖ്യാപിച്ച് കെ.എസ്.ഇ.ബി പിരിച്ചുവരുകയാണ്.

പ്രൊസ്യൂമർമാർക്ക് ഫിക്സഡ് ചാർജ് ഈടാക്കേണ്ടത് അവരുടെ ഉൽപാദനത്തിൽനിന്ന് നേരിട്ടുള്ള ഉപയോഗമുൾപ്പെടുന്ന ‘ഗ്രോസ് കൺസംപ്ഷൻ’ അടിസ്ഥാനത്തിലാക്കണമെന്നാണ് കെ.എസ്.ഇ.ബി വ്യക്തമാക്കിയിരുന്നത്. ഇലക്ട്രിസിറ്റി ആക്ട്, 2003 അനുസരിച്ച് വൈദ്യുതിനിരക്ക് സംബന്ധിച്ച ഉത്തരവ് ഇറക്കാനുള്ള അധികാരം റെഗുലേറ്ററി കമീഷനിൽ നിക്ഷിപ്തമാണെന്നിരിക്കെ ആ ചട്ടം മറികടക്കുന്നതാണ് ഉത്തരവെന്ന് സോളാർ പ്രൊസ്യൂമേഴ്സ് ആരോപിക്കുന്നു.

കമീഷനെടുക്കേണ്ട തീരുമാനത്തെ ഒരു ഉത്തരവിലൂടെ മാറ്റം വരുത്തി പിരിച്ചുതുടങ്ങിയിട്ടും റെഗുലേറ്ററി കമീഷൻ മൗനം തുടർന്നു. പുരപ്പുറ സോളാർ ഉടമകൾ സി.ജി.ആർ.എഫ്, ഓംബുഡ്സ്മാൻ എന്നിവിടങ്ങളിൽ പരാതിപ്പെട്ടെങ്കിലും റെഗുലേഷൻ വ്യാഖ്യാനിക്കാൻ തങ്ങൾക്ക് അധികാരമില്ലെന്നു പറഞ്ഞ് പരാതി മടക്കി.

റെഗുലേറ്ററി കമീഷനാകട്ടെ വിവരാവകാശ മറുപടിയിൽ കണക്ടഡ് ലോഡ് അനുസരിച്ച് മുഴുവൻ ഉപഭോഗത്തിനും ഫിക്സഡ് ചാർജ് ഈടാക്കാമെന്നാണ് കമീഷനിലെ സാങ്കേതിക വിദഗ്ധർ നൽകുന്ന മറുപടി എന്നു പറഞ്ഞ് തടിതപ്പി. ഇതുവരെ വ്യക്തമായ ഉത്തരവിറക്കിയിട്ടുമില്ല. ഇലക്ട്രിസിറ്റി ആക്ട്, 2003 അനുസരിച്ച് സ്വന്തം ആവശ്യത്തിനായി വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള അവകാശം വ്യക്തമാക്കിയിട്ടും അനധികൃത ഫിക്സഡ് ചാർജ് ഈടാക്കുന്നത് ചട്ടലംഘനമാണെന്ന് കെ.ഡി.എസ്.പി.സി കോഓഡിനേറ്റർ ജയിംസ് കുട്ടി തോമസ് പറഞ്ഞു.

Tags:    
News Summary - Illegal fixed charge; Those who generate solar electricity at home move to High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.