സ്ത്രീകൾ ‘നോ’ പറഞ്ഞാൽ അർഥം ‘നോ’എന്നുതന്നെ- ഹൈകോടതി

കൊച്ചി: സ്ത്രീകൾ ‘നോ’ എന്ന് പറഞ്ഞാൽ അതിനർഥം ‘നോ’ എന്ന് തന്നെയാണെന്ന് ആൺകുട്ടികൾ മനസ്സിലാക്കണമെന്ന് ഹൈകോടതി. സ്ത്രീകളെ അവരുടെ അനുമതിയില്ലാതെ തൊടാൻ പാടില്ലെന്ന് പഠിച്ചിരിക്കണം. കാമ്പസിലെ ഒരു കൂട്ടം പെൺകുട്ടികളോട് മോശമായി പെരുമാറിയെന്നാരോപിച്ച് പ്രിൻസിപ്പൽ തനിക്കെതിരെ നടപടിയെടുത്തത് ചോദ്യം ചെയ്ത് കൊല്ലം ജില്ലയിലെ ഒരു എൻജിനീയറിങ് കോളജ് വിദ്യാർഥി നൽകിയ ഹരജി തീർപ്പാക്കിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.

കോളജിലെ പരാതി പരിഹാര സമിതി അന്വേഷണം നടത്തി ഹരജിക്കാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പ്രിൻസിപ്പൽ അച്ചടക്ക നടപടി സ്വീകരിച്ചത്. എന്നാൽ, തന്‍റെ വാദം കേൾക്കാതെയാണ് നടപടിയെന്നാരോപിച്ച് വിദ്യാർഥി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് പരാതികേട്ട് പരിഹാരമുണ്ടാക്കാൻ കോളജ് തലത്തിൽ പരാതി പരിഹാര കമ്മിറ്റി രണ്ടാഴ്‌ചക്കുള്ളിൽ രൂപവത്കരിക്കാനും തുടർന്ന് ഒരുമാസത്തിനുള്ളിൽ തീരുമാനം എടുക്കാനും ഹൈകോടതി നിർദേശിച്ചു.

സ്കൂളുകളിലും കോളജുകളിലും വിദ്യാർഥികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ കൂടി വരികയാണ്. വിഷയം ആഴത്തിൽ ചിന്തിക്കേണ്ട സമയമായി. ആൺകുട്ടികൾ പൊതുവേ ചെറുപ്പം മുതൽ ലിംഗ വിവേചന മനോഭാവത്തോടെയാണ് വളരുന്നത്. സ്ത്രീകളോട് ആദരവ് പ്രകടിപ്പിക്കുന്നത് പഴഞ്ചൻ രീതിയല്ലെന്ന് അവർ തിരിച്ചറിയണം. സ്ത്രീകളോട് എങ്ങനെ പെരുമാറുന്നു എന്നത് ഒരാളുടെ വ്യക്തിത്വത്തെ വെളിവാക്കുന്നു. ‘സമൂഹത്തിന്‍റെ ഒരു പാതിക്ക് ജന്മം നൽകുന്ന മറുപാതിയാണ് സ്ത്രീകൾ. അങ്ങനെ ഈ സമൂഹം തന്നെ അവരാകുന്നു’- മധ്യകാലഘട്ടത്തിലെ ഇസ് ലാമിക പണ്ഡിതൻ ഇബ്‌നുൽ ഖയിം അൽ ജൗസിയയുടെ വാക്കുകൾ ഉദ്ദരിച്ച് കോടതി കൂട്ടിച്ചേർത്തു.

ലിംഗവിവേചനം അംഗീകരിക്കാനാവില്ല. എതിർവിഭാഗത്തിലുള്ളവരോട് ആദരവോടെ പെരുമാറാൻ കുട്ടികളെ കുടുംബങ്ങളിലും പ്രാഥമിക സ്കൂൾ തലത്തിലും പഠിപ്പിക്കണം. ഉത്തമ പുരുഷൻ പെണ്ണിനെ ഉപദ്രവിക്കില്ലെന്നും ദുർബലരായ പുരുഷന്മാരാണ് സ്ത്രീകളെ ഉപദ്രവിച്ച് ആധിപത്യം നേടുന്നതെന്നും പഠിപ്പിക്കണം. നല്ല സ്വഭാവത്തിന്‍റെയും മികച്ച പെരുമാറ്റത്തിന്‍റെയും പാഠങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാകണം. പ്രൈമറി ക്ലാസുകൾ മുതൽ ഈ മൂല്യങ്ങൾ വളർത്തിയെടുക്കണം. ഇതിനായി വിധിന്യായത്തിന്‍റെ പകർപ്പ് ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നിവർക്കും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങിയ ബോർഡുകൾക്കും നൽകാൻ ഹൈകോടതി നിർദേശിച്ചു. യു.ജി.സിക്കും ഇതിൽ നിർണായക പങ്കുണ്ടെന്ന് വ്യക്തമാക്കിയ സിംഗിൾബെഞ്ച് ഈ നിർദേശങ്ങളിൽ സ്വീകരിച്ച നടപടികൾ അറിയാനായി ഹരജി ഫെബ്രുവരി മൂന്നിന് വീണ്ടും പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - If women say 'no', it means 'no' - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.