പുതിയ ഫോൺ വാങ്ങിയാൽ അപ്പോൾ പൊലീസ് കൊണ്ടുപോകും; അന്വേഷണസംഘത്തെ പരിഹസിച്ച് നടൻ ദിലീപ്
നടിയെ ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ കൊടുത്ത കേസിലെ പ്രതിയായ നടൻ ദിലീപ് അന്വേഷണ സംഘത്തെ പരിഹസിച്ച് രംഗത്ത്. താൻ എപ്പോൾ പുതിയ ഫോണ്‍ വാങ്ങിയാലും അതു പൊലീസുകാര്‍ വന്നുകൊണ്ടുപോകുന്ന അവസ്ഥയാണെന്ന് ദിലീപ് പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ പരോക്ഷമായി പരിഹസിച്ചുകൊണ്ടായിരുന്നു ദിലീപിന്‍റെ വാക്കുകള്‍. വൈറ്റിലയില്‍ പുതിയ മൊബൈല്‍ ഷോറൂമിന്‍റെ ഉദ്ഘാടന ചടങ്ങിനിടെയാണ് തമാശയായി ദിലീപിന്‍റെ പ്രതികരണം. സംവിധായകൻ അരുൺ ഗോപി, നാദിർഷ, നടൻ ടിനി ടോം, ഷിയാസ് കരീം, നടി സാനിയ ഇയ്യപ്പൻ എന്നിവരും വേദിയിലുണ്ടായിരുന്നു. ദിലീപിന്റെ തമാശ കേട്ട് കൂടെയുള്ളവർ പൊട്ടിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ദിലീപിന്‍റെ വാക്കുകളിൽനിന്ന്:
മിക്ക മൊബൈൽ ഷോപ്പ് ഉടമസ്ഥരും പുതിയ ഫോൺ ഇറങ്ങിയാൽ എന്നെയാകും ആദ്യം വിളിക്കുക. ഏറ്റവും കൂടുതൽ ഫോൺ വാങ്ങിക്കുന്ന ആളായി മാറിയിരിക്കുകയാണ് ഞാൻ. എപ്പോൾ പുതിയ ഫോൺ വാങ്ങിയാലും പൊലീസുകാർ വന്ന് കൊണ്ട് പോകും. കഴിഞ്ഞ തവണ ഐ ഫോൺ 13 പ്രൊ ഇറങ്ങിയപ്പോൾ എനിക്ക് തന്നിരുന്നു. അതും എന്‍റെ കയ്യിൽ നിന്ന് പോയി. ഇപ്പോൾ ഞാൻ പ്രാർഥിച്ചാണ് നിൽക്കുന്നത്. ഇവർ ഇത്തവണ 14 പ്രൊ തരുമെന്നാണ് പറയുന്നത്. അതാരും കൊണ്ടുപോവല്ലേ എന്ന പ്രാർഥനയിലാണ് ഞാൻ -ദിലീപ് പറഞ്ഞു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായി നേരത്തെ ദിലീപിന്‍റെ ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയിരുന്നു. അതേസമയം, പ്രതിക്ക് കേസ് കേൾക്കുന്ന ജഡ്ജിയുമായി ബന്ധമുണ്ടെന്ന് കാട്ടി സുപ്രീംകോടതിശയ സമീപിച്ചിരിക്കുകയാണ് അക്രമണത്തിന് ഇരയായ നടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.