പാലാരിവട്ടം പാലം അഴിമതികേസിൽ കസ്റ്റഡിയിൽ കഴിയുന്ന വി.കെ. ഇബ്രാഹിം കുഞ്ഞിനെ പരിശോധിക്കാൻ ലേക് ഷോർ ആശുപത്രിയിൽ എത്തിയ മെഡിക്കൽ സംഘം. ഫോട്ടോ -അഷ്കർ ഒരുമനയൂർ
കൊച്ചി: പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ വിജിലൻസ് കസ്റ്റഡിയിൽ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എൽ.എയുടെ ആരോഗ്യം മോശം നിലയിലെന്ന് വിവരം. ശനിയാഴ്ച അദ്ദേഹത്തെ സന്ദർശിച്ച പ്രത്യേക മെഡിക്കൽ സംഘത്തോട് ചികിത്സിക്കുന്ന ഡോക്ടർമാർ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. വിജിലൻസ് കോടതി നിർദേശപ്രകാരമാണ് എറണാകുളം ഡി.എം.ഒ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിതയുടെ നേതൃത്വത്തിൽ ആറ് വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ ബോർഡ് രൂപവത്കരിച്ചത്.
ഇബ്രാഹീംകുഞ്ഞിന് മൾട്ടിപ്പിൾ മൈലോമ എന്ന മജ്ജയെ ബാധിക്കുന്ന രക്താർബുദമാെണന്ന് അറിയുന്നു. കഴിഞ്ഞ ഏപ്രിൽ മുതൽ ഇതേ ആശുപത്രിയിൽ ഇദ്ദേഹം ചികിത്സയിലാണ്. രണ്ടാഴ്ച ഇടവിട്ട് ഇവിടെ എത്തുന്നുണ്ട്. ജൂൺ, ജൂലൈ മാസങ്ങളിൽ എല്ലാ ആഴ്ചയിലും ആശുപത്രിയിൽ എത്തിയിരുന്നു. രോഗത്തിെൻറ തീവ്രതയെക്കുറിച്ച് അധികം പേരോട് വിവരം പങ്കുവെച്ചിട്ടില്ല. ആശുപത്രിയിൽനിന്ന് അദ്ദേഹത്തെ മാറ്റുന്നതിനെ ചികിത്സിക്കുന്ന ഡോക്ടർമാർ എതിർത്തിട്ടുണ്ട്. എല്ല് തേയ്മാനം, വിട്ടുമാറാത്ത നടുവേദന എന്നിവയും അലട്ടുന്നുണ്ടെന്ന് അവർ മെഡിക്കൽ ബോർഡിനെ അറിയിച്ചു.
രണ്ടര മണിക്കൂര്‍ നീണ്ട പരിശോധനയുടെ റിപ്പോർട്ട് രണ്ട് ദിവസത്തിനകം മെഡിക്കല്‍ ബോര്‍ഡ് ചേർന്ന് തയാറാക്കി കോടതിക്ക് കൈമാറും. ജനറൽ മെഡിസിൻ, കാർഡിയോളജി, പൾമണോളജി, ഓങ്കോളജി, സൈക്കോളജി ഡോക്ടർമാരാണ് പരിശോധിച്ചത്. ചൊവ്വാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് കോടതി നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.