കൽപറ്റയിൽ വിശ്വനാഥന്റെ വീട്ടിലെത്തിയ രാഹുൽ ഗാന്ധി എം.പിക്ക് മുന്നിൽ നവജാതശിശുവുമായി ഭാര്യ ബിന്ദു. ഫോട്ടോ -കെ. വിശ്വജിത്ത്
കൽപറ്റ: ബന്ധുക്കളോടൊപ്പം അഡ്ലേഡിലെ രണ്ടുമുറി വീടിന്റെ കോലായിയിൽ കൈക്കുഞ്ഞുമായി ബിന്ദു ഇരിക്കുമ്പോഴാണ് അംഗരക്ഷകരുടെയും കോൺഗ്രസ് നേതാക്കളുടെയും അകമ്പടിയോടെ രാഹുൽ ഗാന്ധി മുറ്റത്തേക്കു കയറിവന്നത്. വിശ്വനാഥന്റെ ഭാര്യ ബിന്ദുവിന്റെ തൊട്ടടുത്ത കസേരയിലിരുന്ന രാഹുൽ ഗാന്ധിക്കു മുന്നിൽ കുടുംബം സങ്കടക്കെട്ടഴിച്ചു. പരിഭാഷകരുടെ സഹായത്തോടെ അദ്ദേഹം വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ ബിന്ദു പലതവണ വിങ്ങിപ്പൊട്ടി.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വയനാട് അഡ്ലേഡ് സ്വദേശി പാറവയൽ വീട്ടിൽ വിശ്വനാഥന്റെ കുടുംബത്തെ രാഹുൽ സന്ദർശിച്ചപ്പോഴാണ് വികാരനിർഭരമായ രംഗങ്ങൾക്കു സാക്ഷിയായത്. ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയ വിശ്വനാഥനെതിരെ മോഷണക്കുറ്റം ആരോപിച്ചതിനെ തുടർന്ന് പിന്നീട് തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ 10.15നാണ് രാഹുൽ വിശ്വനാഥന്റെ വീട്ടിലെത്തിയത്. ആരാണ് അനുജനോട് ഇങ്ങനെ ചെയ്തതെന്ന് കണ്ടെത്താൻ സഹായിക്കണമെന്നാണ് വിശ്വനാഥന്റെ ജ്യേഷ്ഠന്മാരടക്കം ബന്ധുക്കൾ രാഹുലിനോട് ആവശ്യപ്പെട്ടത്. നിയമപരമായ എല്ലാ സഹായങ്ങളും വാഗ്ദാനംചെയ്ത അദ്ദേഹം, നീതികിട്ടുംവരെ കൂടെയുണ്ടാവുമെന്ന ഉറപ്പും വീട്ടുകാർക്കു നൽകി. പിന്നീട് വീട്ടിനകത്തേക്കു കയറിയ രാഹുൽ വിശ്വനാഥന്റെ ഭാര്യയോടും ബന്ധുക്കളോടും മാത്രമായി സംസാരിച്ചു. വിശ്വനാഥന്റെ വീട്ടിൽ 10 മിനിറ്റ് ചെലവഴിച്ച് 10.25നാണ് അദ്ദേഹം മടങ്ങിയത്. രാഹുൽ എത്തുന്നതിനു മുമ്പുതന്നെ വീടും പരിസരവും സുരക്ഷ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരുന്നു. അടുത്ത ബന്ധുക്കളെയും മാധ്യമപ്രവർത്തകരെയും മാത്രമാണ് വീട്ടിലേക്കു പ്രവേശിപ്പിച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, എം.എൽ.എമാരായ ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണൻ, ഡി.സി.സി പ്രസിഡൻറ് എൻ.ഡി. അപ്പച്ചൻ, കൽപറ്റ നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് തുടങ്ങിയവർ രാഹുൽ ഗാന്ധിയെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.