തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടെ മൈക്ക് മൂളിയതിന്‍റെ പേരില്‍ തനിക്ക് ഒരുപാട് ഉപദ്രവം നേരിടേണ്ടിവന്നെന്നും പിണറായി ഭരണം അവസാനിച്ചതില്‍ സന്തോഷമുണ്ടെന്നും മൈക്ക് ഓപ്പറേറ്റര്‍ എസ്.രഞ്ജിത്ത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ സംസാരിക്കുമ്പോള്‍ മൈക്ക് തകരാറിലായതിന്‍റെ പേരില്‍ രഞ്ജിത്തിനെതിരെ പൊലീസ് കേസെടുക്കുകയും ഉപകരണങ്ങള്‍ പിടിച്ചുവയ്ക്കുകയും ചെയ്തിരുന്നു.
ചെയ്യാത്ത തെറ്റിന് കോടതി കയറിയിറങ്ങേണ്ടിവന്നു. കേസ് നടത്തേണ്ടിവന്നു- രഞ്ജിത്ത് പറഞ്ഞു.
പിണറായി പ്രസംഗിച്ചപ്പോൾ പലയിടത്തും മൈക്ക് പ്രശ്‌നമുണ്ടായെങ്കിലും തന്‍റെ പേരില്‍ മാത്രമാണ് കേസെടുത്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് അറിഞ്ഞതു കൊണ്ടാണ് അത്. സി.പി.എമ്മിന്‍റെ സൈബര്‍ ഇടങ്ങളില്‍നിന്ന് വലിയ വേട്ടയാടൽ നേരിട്ടു. അന്ന് പിണറായി പ്രസംഗിക്കുന്നതിനിടെ ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചിരുന്നു. അതിനിടെ, ഒരു കാമറാമാന്‍റെ ബാഗ് കണ്‍സോളില്‍ തട്ടിയാണ് മൈക്ക് ഹൗളിങ് ഉണ്ടായത്. മുദ്രാവാക്യം വിളിക്കൊപ്പം ഹൗളിങ് കൂടി വന്നപ്പോള്‍ ഞാന്‍ മനഃപൂര്‍വം ചെയ്തതാണെന്നാണ് പൊലീസ് വിചാരിച്ചത്. അതോടെയാണ് കേസെടുത്ത് ഉപകരണങ്ങള്‍ പിടിച്ചുവച്ചത്. അത് നാണക്കേടായി എന്ന് അറിഞ്ഞതോടെയാണ് കേസ് പിന്‍വലിച്ചത്.
കോടതി ഉത്തരവ് പ്രകാരമാണ് സാധനങ്ങള്‍ തിരിച്ചുകിട്ടിയത്. ഫേസ്ബുക്കിലും മറ്റും വലിയ അധിക്ഷേപമായിരുന്നു. തന്നെ പോലെ ഒരുപാടു പേരെ അവര്‍ ദ്രോഹിച്ചിട്ടുണ്ട്. അതുകൊണ്ട് ഭരണം മാറിയതില്‍ സന്തോഷം -വട്ടിയൂർക്കാവിൽ വിജയിച്ച കെ.മുരളീധരന്‍റെ പരിപാടിയില്‍ മൈക്ക് ഓപ്പറേറ്റ് ചെയ്യാനെത്തിയ രഞ്ജിത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.