ഇന്ദുജ
തിരുവനന്തപുരം: നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലോട് - ഇടിഞ്ഞാർ കോളച്ചൽ കൊന്നമൂട് കാണിസെറ്റിൽമെന്റ് കിഴക്കുംകര വീട്ടിൽ ഇന്ദുജ (25)യാണ് മരിച്ചത്. ഇന്ദുജയുടെ പിതാവ് ശശിധരൻ കാണിയുടെ പരാതിയിലാണ് ഭർത്താവ് അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്. മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. കസ്റ്റഡിയിലുള്ള ഭർത്താവ് അഭിജിത്തിനെ വിശദമായി ചോദ്യംചെയ്യും.
വെള്ളിയാഴ്ച ഉച്ച 1.30ഓടെയാണ് ഇളവട്ടത്തുള്ള ഭർത്താവ് അഭിജിത്തിന്റെ വീട്ടിലെ ബെഡ്റൂമിലെ ജനലിൽ ഇന്ദുജയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അഭിജിത്ത് ഉച്ചക്ക് വീട്ടിൽ ഭക്ഷണം കഴിക്കാനായി എത്തിയപ്പോഴാണ് ഇന്ദുജയെ ജനലിൽ തൂങ്ങിയ നിലയിൽ കാണുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ഉടനെ നെടുമങ്ങാട് ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവ സമയം വീട്ടിൽ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇന്ദുജ സ്വകാര്യ ലാബിലെ ജീവനക്കാരിയും അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരനുമാണ്. രണ്ട് വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നു മാസം മുമ്പാണ് അഭിജിത്തിന്‍റെയും ഇന്ദുജയുടെയും വിവാഹം നടന്നത്. ഇന്ദുജയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി അമ്പലത്തിൽ വെച്ച് താലി ചാർത്തുകയായിരുന്നു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ഇന്ദുജയുടെ പിതാവ് ശശിധരൻ കാണി പാലോട് പൊലീസിൽ പരാതി നൽകിയിരുന്നു. മകളെ കാണാൻ അഭിജിത്തിന്റെ വീട്ടുകാർ അനുവദിച്ചിരുന്നില്ലെന്ന് പരാതിയിൽ പറയുന്നു. ഭർതൃവീട്ടിൽ നിരന്തരം മാനസിക പീഡനങ്ങളും ഭീഷണിയും നേരിടുന്നതായി മകൾ തങ്ങളെ അറിയിച്ചിരുന്നെന്നും എന്നാൽ തങ്ങളെ അവിടേക്ക് ചെല്ലാൻ അനുവദിച്ചിരുന്നില്ലെന്നുമാണ് ഇന്ദുജയുടെ കുടുംബം ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.