താമരശ്ശേരി രൂപത സ്കൂളിലെ അധ്യാപികയുടെ ആത്മഹത്യ: മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കോഴിക്കോട്: താമരശ്ശേരി രൂപതക്ക് കീഴിലുള്ള സ്കൂളിൽ ആറ് വർഷം ജോലി ചെയ്തിട്ടും ശമ്പളമോ സ്ഥിരം നിയമനമോ ലഭിക്കാ​ത്ത​തിൽ മനംനൊന്ത് അധ്യാപിക അലീന ബെന്നി ആതഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. 13 ലക്ഷം രൂപ കോഴ വാങ്ങിയിട്ടും താമരശ്ശേരി രൂപത കോർപറേറ്റ് മാനേജ്മെൻറ് നിയമനം നൽകാതെ വഞ്ചിച്ചുവെന്ന് അലീനയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു.

താമരശ്ശേരി രൂപത കോർപറേറ്റ് മാനേജ്മെൻറാണ് മകളുടെ മരണത്തിന് ഉത്തരവാദിയെന്ന് ആത്മഹത്യ ചെയ്ത അലീനയുടെ പിതാവ് കട്ടിപ്പാറ വളവനാനിക്കൽ ബെന്നി പറഞ്ഞു. ആറ് വർഷമായി ശമ്പളം ലഭിക്കാത്തതിലുള്ള മനോവിഷമത്തിലാണ് കോടഞ്ചേരി സെൻറ് ജോസഫ് എൽ.പി സ്കൂൾ അധ്യാപിക അലീന ബെന്നി ഇന്നലെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്. അതേസമയം, കോഴ വാങ്ങിയെന്ന ആരോപണം രൂപത നിഷേധിച്ചു.

താമരശ്ശേരി രൂപത കോർപറേറ്റ് മാനേജ്മെൻറിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി എൽ.പി സ്കൂളിൽ അഞ്ചു വർഷം ജോലി ചെയ്ത അലീന ഈ വർഷം ജൂൺ മുതൽ കോടഞ്ചേരി സെൻറ് ജോസഫ് എൽ.പി സ്കൂളിലാണ് ജോലി ചെയ്യുന്നത്. ജോലിക്കായി ആറു വർഷം മുൻപ് 13 ലക്ഷം രൂപ മാനേജ്മന്റെിന് നൽകിയതായി കുടുംബം പറഞ്ഞു. എന്നാൽ, അലീനയ്ക്ക് ജോലി സ്ഥിരപ്പെടുകയോ ശമ്പളം ലഭിക്കുകയോ ചെയ്തിരുന്നില്ല. അധ്യാപകർ പിരിവെടുത്താണ് വണ്ടിക്കൂലി നൽകിയിരുന്നത്.

കട്ടിപ്പാറ സ്കൂളിൽ ലീവ് വേക്കൻസിയിലാണ് അലീനയെ നിയമിച്ചത്. ഇവിടെ നിയമനത്തിന് സാധ്യതയില്ലായിരുന്നിട്ടും മാനേജ്മെൻറ് സ്ഥിര നിയമനത്തിന് സാധ്യതയുണ്ടെന്ന് വാഗ്ദാനം നൽകിയാണ് ഇവർക്ക് ജോലി നൽകിയത്. എന്നാൽ, അവധിക്ക് പോയ അധ്യാപിക തിരികെ വന്നതോടെ അലീനയുടെ ജോലി പോയി. കുടുംബം താമരശ്ശേരി രൂപതയുമായി ബന്ധ​പ്പെട്ടപ്പോൾ വീട്ടിൽനിന്ന് ദൂരെയുള്ള കോടഞ്ചേരി സെൻറ് ജോസഫ് എൽ.പി സ്കൂളിലേക്ക് മാറ്റി. ഇവിടെയും സ്ഥിര നിയമനം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായാണ് വിവരം. എന്നാൽ, ഇതും പാഴ്വാക്കായി.

സ്കൂൾ മാറ്റ സമയത്ത് കട്ടിപ്പാറയിൽ ജോലി ചെയ്ത കാലയളവിലെ ശമ്പളമോ ആനുകൂല്യമോ ആവശ്യമില്ലെന്നു കോർപ്പറേറ്റ് മാനേജർ എഴുതി വാങ്ങിയിരുന്നുവെന്നും പിതാവ് ബെന്നി ആരോപിച്ചു. ശമ്പള കുടിശ്ശിക കിട്ടാതെ വന്നതോടെ അലീന മാനസികമായി തളർന്നുവെന്നും പിതാവ് പറഞ്ഞു.

Tags:    
News Summary - Human Rights Commission registers case Suicide of teacher aleena benny thamarassery Diocesan School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.