ട്രെയിനിൽ നിന്ന് വീണ് വീട്ടമ്മക്ക് ഗുരുതര പരിക്ക്; രണ്ട് കാൽപാദങ്ങളും മുറിച്ച് മാറ്റി
ചങ്ങരംകുളം: ട്രെയിനിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയുടെ രണ്ടുകാലുകളുടേയും പാദങ്ങൾ മുറിച്ചുമാറ്റി. ചങ്ങരംകുളം ആലംകോട് സ്വദേശിനിയായ സതിയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അപകടത്തിൽപ്പെട്ടത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വീട്ടമ്മയുടെ കാൽപാദങ്ങൾ തുന്നിചേർക്കാൻ കഴിയാതെ വന്നതോടെയാണ് മുറിച്ചുമാറ്റിയത്.
വാത സംബന്ധമായ അസുഖത്തിന് ഡോക്ടറെ കാണാൻ മകൻ അഭിലാഷിനൊപ്പം കോഴിക്കോട് വന്ന് മടങ്ങവെയാണ് അപകടം. കുറ്റിപ്പുറത്തേക്ക് ട്രെയിൻ കയറാനായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇവർ ട്രെയിൻ മാറിക്കയറുകയായിരുന്നു. അഭിലാഷ് തിരിച്ചിറങ്ങിയെങ്കിലും സതി ഇറങ്ങുന്നതിനിടെ ട്രെയിൻ മൂന്നോട്ട് നീങ്ങുകയായിരുന്നു. പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ട് സതിയുടെ രണ്ട് കാൽപാദങ്ങളും അറ്റിരുന്നു. യാത്രക്കാർ ചേർന്ന് ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. കാൽ മുട്ടിന് താഴെ മുറിച്ച് മാറ്റിയതോടെ സതിയുടെ കുടുംബം കൂടുതൽ ദുരിതത്തിലായി.
അസുഖത്തെ തുടർന്ന് കിടപ്പിലായ സതിയുടെ മാതാവും വിവിധ അസുഖങ്ങൾക്ക് ചികിത്സ തേടുന്ന സതിയുടെ മകൻ അഭിലാഷും അടങ്ങുന്ന കുടുംബം വാടക വീട്ടിലാണ് താമസിക്കുന്നത്. ഉപജീവനത്തിന് പോലും വഴിയില്ലാതിരുന്ന കുടുംബത്തിൽ അപ്രതീക്ഷിതമായി എത്തിയ ദുരന്തത്തിന് മുന്നിൽ പകച്ച് നിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.