ഓണറേറിയം വർധനവ്‌;ആശ വർക്കർമാരെ അവഗണിച്ച്‌ സർക്കാർ

തിരുവനന്തപുരം: ഓണറേറിയം വർധനവ്‌ ആവശ്യപ്പെട്ട്‌ 125 ദിവസമായി സെക്രട്ടേറിയറ്റിനുമുന്നിൽ സമരം ചെയ്യുന്ന ആശമാരെ വീണ്ടും അവഗണിച്ച്‌ സർക്കാർ. ആശമാരുടെ ഓണറേറിയത്തിൽ ഒരു രൂപ പോലും കൂട്ടാനാവില്ലെന്ന പിടിവാശിക്കിടെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പി.ആർ ടീമിന്‌ ശമ്പളം ഉയർത്തി സർക്കാർ ഉത്തരവിറങ്ങിയതും ശ്രദ്ധേയമായി.

മുഖ്യമന്ത്രിയുടെ പ്രതിച്ഛായ നിര്‍മിതിക്കുള്ള 12 അംഗ സോഷ്യല്‍ മീഡിയ ടീമിനാണ്‌ ശമ്പള വർധനവ്. നൂറു രൂപ പോലും ആശമാരുടെ ഓണറേറിയത്തിൽ വർധനവ്‌ നടത്താൻ സർക്കാർ ഖജനാവിൽ പണമില്ലെന്ന്‌ വകുപ്പ്‌ മന്ത്രിയും സർക്കാറും നൂറാവർത്തി പറയുമ്പോഴാണ്‌ പ്രതിച്ഛായ വർധിപ്പിക്കുന്നവർക്കായി മുൻകാല പ്രാബല്യത്തോടെ ശമ്പളം നൽകുന്നത്‌. കഴിഞ്ഞ 125 ദിവസമായി നടക്കുന്ന സമരത്തിനുനേരെ സർക്കാർ മുഖംതിരിക്കുന്നത്‌ ഇതാദ്യമായല്ല. ഫെബ്രുവരി 10ന്‌ കേരള ആശ ഹെൽത്ത്‌ വർക്കേഴ്‌സ്‌ അസോസിയേഷന്റെ സമരം ആരംഭിച്ചതിനുപിന്നാലെ പി.എസ്‌.സി ചെയർമാനും അംഗങ്ങൾക്കുള്ള ശമ്പളം ഇരട്ടിയാക്കാൻ ഫെബ്രുവരി 19ന്‌ ചേർന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തു.

പി.എസ്‌.സി ചെയർമാന്‍റെ ശമ്പളം 2.26 ലക്ഷത്തിൽനിന്ന് മൂന്നര ലക്ഷമാക്കി. അംഗങ്ങളുടേത് 2.23 ലക്ഷത്തിൽ നിന്ന് മൂന്നേകാൽ ലക്ഷവുമാക്കി. അതിനുപിന്നാലെയാണ്‌ കേരള സർക്കാറിന്റെ ഡൽഹിയിലെ പ്രതിനിധി കെ.വി. തോമസിന്‌ യാത്രാബത്ത ആറു ലക്ഷത്തിൽ നിന്ന്‌ 11 ലക്ഷമാക്കി ഉയർത്തിയത്‌. അന്നും മഴയും വെയിലുമേറ്റ്‌ ആശമാർ സമരത്തിൽ തന്നെ ഉണ്ടായിരുന്നു. ഇതിനു പുറമേ മന്ത്രിമാർക്ക് വാഹനം വാങ്ങാൻ ബജറ്റിൽ 100 കോടി മാറ്റി വെച്ചു. രണ്ടാം പിണറായി സർക്കാറിന്റെ നാലാം വാർഷികാഘോഷം 15 കോടി മുടക്കി നടത്തി.

ഒടുവിൽ ഇതാ പി.ആർ ടീമിന്റെ ശമ്പളത്തിൽ അഞ്ച്‌ ശതമാനം വർധനവും വരുത്തിയിരിക്കുന്നു. അപ്പോഴും ആശമാർ അധികാരികളുടെ കണ്ണുതുറപ്പിക്കാനായി രാപകൽ സമരയാത്ര നടത്തുകയാണ്‌.

Tags:    
News Summary - Honorarium hike; Government ignoring ASHA workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.