പത്തുമാസം മുമ്പ് നടന്ന മോഷണക്കേസിൽ ഹോം നഴ്സ് പിടിയിൽ

ഹരിപ്പാട്: കിടപ്പ്‌രോഗിയെ പരിചരിക്കാനെത്തിയ വീട്ടിൽ നിന്നും  സ്വർണ്ണാഭരണങ്ങളും, മൊബൈലും,പണവും മോഷണം നടത്തിയ കേസിലെ പ്രതി പത്തു മാസത്തിനുശേഷം പൊലീസ് പിടിയിലായി. ഹോം നഴ്സായ മണ്ണാറശാല തുലാംപറമ്പ്നോർത്ത് ആയിശേരിൽ ഹൗസിൽ സാവിത്രി രാധാകൃഷ്ണൻ നായരെയാണ്(48) l ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം ജൂണിൽ താമല്ലാക്കൽ വിനു ഭവനത്തിൽ വിനുവിന്റെ  വീട്ടിൽ  നിന്നും മൂന്നു ജോഡി കമ്മലും, ജിമിക്കയും, രണ്ടു മോതിരം, ഒരു ലോക്കറ്റ്, മാലയുടെ ഹുക്ക്, രണ്ടു മാട്ടിയും, മൊബൈൽ ഫോണും, 3500 രൂപയും കാണാതെ പോയിരുന്നു.

2022 മാർച്ച് മുതൽ സെപ്റ്റംബർ വരെ ഏഴുമാസം വിനുവിന്റെ വീട്ടിൽ പ്രതി ജോലിക്കു നിന്നിരുന്നു. ജൂണിലാണ് മോഷണം നടന്നതായി വീട്ടുകാർ അറിയുന്നത്. മോഷണ ശേഷവും മൂന്നു മാസത്തോളം തുടർന്നും ഇവിടെ  ജോലി  ചെയ്തു. രോഗിയായ അമ്മയെ കാണാൻ  ബന്ധുക്കളും സുഹൃത്തുക്കളും അയൽക്കാരും വന്നിരുന്നതിനാൽ ആരാണ് മോഷണം നടത്തിയതെന്ന് സംശയിക്കാൻ  കഴിയാത്തതിനാൽ അന്ന് പൊലീസിൽ പരാതി നൽകിയില്ല. കഴിഞ്ഞ ജനുവരി 11ന് താമല്ലാക്കലിൽ തന്നെയുള്ള മറ്റൊരു വീട്ടിൽ നിന്നും 35,000 രൂപയും സ്വർണവും നഷ്ടപ്പെട്ടതായി പൊലീസിൽ അറിയിച്ചു. ആ വീട്ടിൽ ജോലിക്ക് നിന്ന സ്ത്രീയെ സംശയിക്കുന്നതായി വീട്ടുകാർ  പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ  സാവിത്രിയാണ് മോഷണം  നടത്തിയതെന്ന്  മനസ്സിലാക്കിയ പൊലീസ്  പ്രതിയെ കസ്റ്റഡിയിൽ  എടുക്കാനുള്ള നടപടി സ്വീകരിക്കുന്നതിനിടയിൽ സാവിത്രി പണവും സ്വർണവും വീട്ടുകാരെ തിരികെ ഏൽപ്പിച്ചു കേസ് കൊടുക്കരുതെന്ന്  അപേക്ഷിച്ചു.

തുടർന്ന് വീട്ടുകാർ കേസ് പിൻവലിച്ചു.  ഈ വിവരം അറിഞ്ഞ വിനു ബുധനാഴ്ച പൊലീസിൽ പരാതി നൽകി.10 മാസത്തിനു മുൻപ് നടന്ന മോഷണം ആയതുകൊണ്ട്  തെളിവുകൾ ഒന്നും ലഭിച്ചില്ല. പ്രതി വിവിധ ഫിനാൻസ് സ്ഥാപനങ്ങളിൽ  പണയം വെച്ച സ്വർണങ്ങളുടെ ലിസ്റ്റ് എടുക്കുകയും മോഷണം നടന്നു എന്നു പറയപ്പെടുന്ന മാസം ഏതെങ്കിലും ഫിനാൻസ് സ്ഥാപനത്തിൽ സ്വർണം പണവെച്ചിട്ടുണ്ടോ എന്നുള്ള കണ്ടത്തലുമാണ് പ്രതിയെ പിടികൂടാൻ സഹായമായത്. പ്രതി വിവിധ പണമിടപാട് സ്ഥാപനങ്ങളിൽ പണയം വെച്ചതും  വിൽക്കുകയും ചെയ്തതിനെ കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.

നങ്ങ്യാർകുളങ്ങര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്ഥാപനമാണ് സാവിത്രിയ ഹോം നഴ്സ് ആയി അയച്ചത്. പ്രതി മുമ്പ് ജോലിചയ്തിരുന്ന വീടുകൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിവരുകയാണ്. വീട്ടുകാരുടെ സ്നേഹം പിടിച്ചു പറ്റി ഒരു സംശയം കൂടാതെ അവിടുത്തെ ഒരു അംഗത്തെ പോലെ നിന്നാണ് മോഷണം നടത്തിയത്. ഹരിപ്പാട് എസ്. എച്ച്.ഒ ശ്യാംകുമാർ വി. എസ്,എസ്. ഐ ഷൈജ എ. എച്ച്,എ. എസ്. ഐ നിസാർ, പൊലീസ് ഉദ്യോഗസ്ഥരായ സുരേഷ്, മഞ്ജു,  രേഖ, ചിത്തിര, നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടിക്കൂടിയത്.

Tags:    
News Summary - Home nurse arrested in theft case that happened ten months ago

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.