കളമശ്ശേരി: ‘‘നിപ വന്നപ്പോള്‍ കരുതി, അതാണ് ഏറ്റവും വലുതെന്ന്. എന്നാല്‍, അതിലും വലുതാണ് കോവിഡെന്ന് കാലം തെളിയിച്ചു. പക്ഷേ, നിപ വന്നാലും കോവിഡ് വന്നാലും നഴ്സിങ് എന്നും നഴ്സിങ്തന്നെ’’ -എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് ഐസൊലേഷൻ വാർഡിൽ രോഗികളെ പരിചരിച്ച നഴ്സുമാരിൽ ഒരാളായ ഹിമ പറയുന്നു. കഴിഞ്ഞ മാർച്ച് എട്ടിന് ആദ്യരോഗി ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിയ അന്നുമുതൽ ജോലിയിലുള്ളയാളാണ് ഹിമ. ഇനി ജീവിതത്തിലെന്തു വന്നാലും നേരിടാന്‍ തയാറാവുംവിധം ആത്മവിശ്വാസമാണ് ഈ അനുഭവങ്ങൾ സമ്മാനിച്ചതെന്നും അവർ പറയുന്നു.
‘‘ഭാഷപോലും അറിയാത്ത വിദേശികളെ ശുശ്രൂഷിച്ച് ഭേദമാക്കി തിരിച്ചയച്ചതിൽ പങ്കാളിയായപ്പോഴൊന്നും കോവിഡ് പിടിപെടുമെന്ന ഭയം തോന്നിയിട്ടില്ല. പി.പി.ഇ കിറ്റ് ധരിച്ച് രോഗികളെ പരിചരിക്കാന്‍ നിപ കാലത്തുതന്നെ പരിശീലനം ലഭിച്ചിരുന്നു. എങ്കിലും അത് ധരിച്ചുള്ള ജോലി പ്രയാസമായിരുന്നു, പ്രത്യേകിച്ച് ചൂടുകാലവും. ഒരു പോളിത്തീന്‍ കവറില്‍ കുടുങ്ങിയാലുള്ള അനുഭവമാണ്. ആദ്യമൊക്കെ ഏറെ ബുദ്ധിമുട്ടിയെങ്കിലും പിന്നീട് ശീലമായി.’’
‘‘ബന്ധുക്കളെ ആരെയും കാണാത്തതിനാലുള്ള മാനസികപ്രയാസത്തിലിരിക്കുന്ന രോഗികൾക്ക് സാന്ത്വനവും പകരേണ്ടതുണ്ട്. മുഖം തിരിച്ചറിയിക്കാതെ പി.പി.ഇ കിറ്റില്‍ ഒളിച്ച തങ്ങളുടെ ശബ്ദം മാത്രമാണ് അവര്‍ കേള്‍ക്കുന്നത്. ചെറിയൊരു ജലദോഷമായി കരുതിയാൽ മതിയെന്ന വാക്കുകൾ അവർക്ക് സാന്ത്വനം പകരും. രോഗികൾക്ക് ആകെയുള്ള ആശ്രയം മൊബൈല്‍ഫോണ്‍ മാത്രമാണ്...’’ -ഐസൊലേഷന്‍ വാര്‍ഡിലെ അനുഭവങ്ങള്‍ ഹിമ വിവരിച്ചു.
ഡ്യൂട്ടി കഴിഞ്ഞാല്‍ എല്ലാവരില്‍നിന്നും അകന്ന് നിശ്ചിത ശാരീരിക അകലം പാലിച്ച് 14 ദിവസം വീട്ടിൽ ക്വാറൻറീനിലാകും. മൂന്ന് ഡ്യൂട്ടി ടേം കഴിഞ്ഞ ഇവർ നാലാമത്തേതിനുള്ള കാത്തിരിപ്പിലാണ്. ഡ്യൂട്ടി ദിവസങ്ങളിൽ ആശുപത്രിയില്‍തന്നെയാണ് താമസം. പിന്നീട് 14 ദിവസം വീട്ടിലെ ഒരുമുറിയില്‍.
എറണാകുളത്തെ സ്വകാര്യ മെഡിക്കൽ എക്യുപ്മെൻറ്സ് കമ്പനിയിൽ മാർക്കറ്റിങ് ഓഫിസറായ ഭർത്താവിെൻറ പിന്തുണ ഏറെയാണ്. കോട്ടയം പാലാ സ്വദേശിയായ ഹിമ കുര്യന്, ഭര്‍ത്താവിെൻറ സ്വദേശമായ ചേര്‍ത്തല കുത്തിയതോടാണ് താമസം. രണ്ട് മക്കൾ.
ഹിമയെപ്പോലെ അറുപതോളം നഴ്സുമാരാണ് എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രി ഐസൊലേഷന്‍ വാര്‍ഡിലും ഐ.സി.യുവിലുമായി ജോലിചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.