അഭയ കേസ്: ശിക്ഷിക്കാൻ വിചാരണ കോടതി ആശ്രയിച്ച കാരണങ്ങളിൽ വൈരുധ്യം –ഹൈകോടതി

കൊച്ചി: അഭയ കേസിൽ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും ഹൈകോടതി ജാമ്യം അനുവദിച്ചത് വിചാരണ കോടതി ശിക്ഷ വിധിക്കാൻ പരിഗണിച്ച ഒമ്പത് കാരണങ്ങളിലെ വൈരുധ്യം വിലയിരുത്തി. ഇത് പ്രതിരോധിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും കോടതി വ്യക്തമാക്കി. കേസിൽ അപ്പീൽ ഹൈകോടതിയുടെ പരിഗണനയിലുള്ളതിനാൽ ഇത്തരം വസ്തുതകളിലേക്ക് കൂടുതൽ കടക്കുന്നില്ലെന്നും ഉത്തരവിൽ പറയുന്നു.

കൊലനടന്ന ദിവസം കോൺവെന്‍റ് ഹോസ്റ്റലിലെ അടുക്കള അലങ്കോലമായി കിടന്നു, താഴത്തെ നിലയിലെ മുറിയിൽ സിസ്റ്റർ സെഫി മാത്രമാണ് ഉണ്ടായിരുന്നത്, അഭയ മരിച്ചദിവസം ഹോസ്റ്റലിൽ ഫാ. തോമസ് കോട്ടൂരിന്റെ സാന്നിധ്യമുണ്ടായിരുന്നു, തനിക്കു സെഫിയുമായി ബന്ധമുണ്ടെന്ന് തോമസ് കോട്ടൂർ കളർകോട് വേണുഗോപാലിനോട് കുറ്റസമ്മതം നടത്തി, തോമസ് കോട്ടൂരുമായുള്ള ബന്ധം സാക്ഷികളായ ഡോക്ടർമാരോട് സെഫി തുറന്നു പറഞ്ഞിട്ടുണ്ട്, കന്യകാത്വം നഷ്ടപ്പെട്ടത് മറച്ചുവെക്കാൻ സിസ്റ്റർ സെഫി മെഡിക്കൽ സഹായം തേടുകയും സർജറി നടത്തി പുനഃസ്ഥാപിക്കുകയും ചെയ്തു, കുറ്റകരമായ സാഹചര്യങ്ങൾ വിശദീകരിക്കുന്നതിൽ പ്രതികൾ പരാജയപ്പെട്ടു, അഭയ ആത്മഹത്യ ചെയ്തതാണെന്ന വിചിത്ര വാദത്തിൽ പ്രതികൾ ഉറച്ചുനിന്നു, നിർണായകമായ തെളിവുകൾ നശിപ്പിക്കപ്പെട്ടു തുടങ്ങിയ ഒമ്പത് കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് വിചാരണ കോടതി ശിക്ഷ വിധിച്ചത്.

അടുക്കള അലങ്കോലമായി കിടന്നതും അഭയയുടെ ശിരോവസ്ത്രവും ചെരുപ്പുകളും അടുക്കളയിൽ കണ്ടെത്തിയതും സിസ്റ്റർ സെഫി താഴത്തെ നിലയിലെ മുറിയിൽ തനിച്ചായിരുന്നുവെന്നതും കൊലപാതകവുമായി ആരെയും ബന്ധപ്പെടുത്താൻ പര്യാപ്‌തമല്ല. സംഭവസ്ഥലത്ത് എത്തിയ എസ്.ഐ മാത്രമാണ് പരിസരത്ത് ഒരു കൈക്കോടാലി കണ്ടെത്തിയത്. ഇതുപയോഗിച്ച് അഭയയുടെ തലക്ക് അടിച്ചതാണ് പരിക്കിനിടയാക്കിയതെന്നാണ് പറയുന്നത്. എന്നാൽ, കൈക്കോടാലി കോടതിയിൽ തൊണ്ടിയായി ഹാജരാക്കിയിട്ടില്ല. ഹോസ്റ്റലിൽ രാത്രി മോഷ്ടിക്കാൻ കയറിയപ്പോൾ ഫാ. തോമസ് കോട്ടൂരിനെ കണ്ടെന്ന് അടക്ക രാജു പറയുന്നുണ്ടെങ്കിലും പൊലീസിനും കോടതിയിലും ഇയാൾ നൽകിയ മൊഴികൾ തമ്മിൽ വൈരുധ്യമുണ്ട്. ഇയാൾ പറയുന്ന സമയം വ്യത്യസ്തമാണ്. ഇയാൾ മോഷ്ടിച്ചുവെന്ന് പറയുന്ന വാട്ടർ മീറ്ററുകൾ കണ്ടെടുത്തിട്ടില്ല. ഇവ വാങ്ങിയയാളുമായി വർഷങ്ങളുടെ പരിചയമുണ്ടെന്ന് പറയുന്നുണ്ടെങ്കിലും പേര് പോലും ഓർക്കുന്നില്ല. പുലർച്ച രണ്ടുമണി മുതൽ അഞ്ചു മണിവരെ ഫാ. തോമസ് ടെറസിലുണ്ടായിരുന്നെന്നാണ് ഇയാൾ പറയുന്നത്. അങ്ങനെയെങ്കിൽ കുറ്റകൃത്യം ഇയാൾ കണ്ടിട്ടുണ്ടാവും. കുറ്റകൃത്യം മറച്ചുവെച്ചതിന് പ്രതിയുമാക്കാനാവും. പക്ഷേ സംഭവത്തിന് ദൃക്‌സാക്ഷികളില്ല.

തനിക്കു സെഫിയുമായി ബന്ധമുണ്ടെന്ന് ഫാ. തോമസ് പറഞ്ഞെന്ന കളർകോട് വേണുഗോപാലിന്റെ മൊഴി വിചിത്രമാണ്. ഇത് അംഗീകരിച്ചാൽ പോലും ഫാ. തോമസ് കോട്ടൂരിനെതിരെ കൊലപാതക കുറ്റം ചുമത്താൻ പര്യാപ്തമല്ല. പ്രതിയെ വിചാരണ ചെയ്തത് അവിഹിത ബന്ധമുണ്ടെന്ന കേസിലല്ല. അവിഹിത ബന്ധമുണ്ടെന്ന കാരണം കൊണ്ടുമാത്രം കൊലപാതകത്തിൽ പങ്കാളിയാണെന്ന് പറയാനാവില്ല. സ്വഭാവദൂഷ്യത്തിനല്ല സിസ്റ്റർ സെഫി വിചാരണ നേരിട്ടതെന്നിരിക്കെ കന്യകാത്വം നഷ്ടപ്പെട്ടത് മറച്ചുവെച്ചുവെന്ന വാദം കൊലക്കുറ്റത്തിന് നേരിട്ട് പരിഗണിക്കാവുന്ന തെളിവല്ല. ഇതൊന്നും കുറ്റകൃത്യവുമായോ ഫാ. തോമസ് കോട്ടൂരുമായോ ബന്ധമുണ്ടെന്ന് തെളിയിക്കുന്നില്ല. കേസിന്റെ മെഡിക്കൽ രേഖകളിലും ഇതുമായി ബന്ധപ്പെട്ട വിദഗ്ധോപദേശങ്ങളിലും വൈരുധ്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.ഫോട്ടോഗ്രാഫർ കണ്ട കഴുത്തിലെ നഖപ്പാടുകൾ വിചാരണ കോടതി വിധിക്ക് ആശ്രയമാക്കിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ ഇത് കണ്ടില്ലെങ്കിലും ഫോട്ടോഗ്രാഫറുടെ മൊഴിയുണ്ട്. എന്നാൽ, മൃതദേഹത്തിന്‍റെ ഫോട്ടോകൾ ഹാജരാക്കിയിട്ടില്ല. ഇത് വിചാരണ കോടതി ശ്രദ്ധിച്ചിട്ടില്ല. രോഗവിദഗ്ധന്‍റേതിനെക്കാൾ ഫോട്ടോഗ്രാഫറുടെ അവബോധമാണ് കൂടുതൽ കൃത്യമെന്ന വിചാരണ കോടതിയുടെ വിലയിരുത്തൽ അനുവദിക്കാനാവില്ല.

Tags:    
News Summary - Highcourt On abhaya case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.