തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈസ്കൂൾ ക്ലാസുകളുടെ സമയം അര മണിക്കൂർ വർധിപ്പിച്ചുള്ള ഉത്തരവ് ഉടൻ പിൻവലിക്കില്ല. തീരുമാനത്തിനെതിരെ സമസ്ത കേരള ജം ഇയ്യതുൽ ഉലമ നേതൃത്വം മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയ സാഹചര്യത്തിൽ വിഷയത്തിൽ പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ചർച്ച നടത്തും.
ഞായറാഴ്ച വരെ മുഖ്യമന്ത്രി നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാൽ അതിനു ശേഷമായിരിക്കും ചർച്ച. നേരത്തെ ഹൈകോടതി നിർദേശപ്രകാരം വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച വിദഗ്ധ സമിതിയാണ് അര മണിക്കൂർസമയ വർധന വഴി വിദ്യാഭ്യാസ ചട്ടപ്രകാരമുള്ള 1100 പഠന മണിക്കൂർ തികക്കാൻ ശിപാർശ സമർപ്പിച്ചത്. കോടതി ഇടപെട്ട വിഷയമായതിനാൽ ഇറക്കിയ രണ്ട് ഉത്തരവുകളിലും പുനരാലോചന ചർച്ചകൾക്കുശേഷം മാത്രമായിരിക്കും. റിപ്പോർട്ടിലെ ശിപാർശ അംഗീകരിച്ചും രാവിലെയും ഉച്ചക്കുശേഷവുമായി അര മണിക്കൂർ വർധിപ്പിച്ചാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. ഇതുപ്രകാരം സ്കൂളുകളുടെ പീരിയഡ് തിരിച്ചുള്ള സമയക്രമം അംഗീകരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറും ഉത്തരവിറക്കിയിരുന്നു.
സമയമാറ്റം മദ്റസ പഠനത്തെ ബാധിക്കുന്നെന്നാണ് സമസ്ത നേതൃത്വത്തിന്റെ പരാതി. സമസ്ത മദ്റസകളിൽ ഒന്നു മുതൽ 12 വരെ ക്ലാസുകളിലായി 12 ലക്ഷം വിദ്യാർഥികൾ പഠിക്കുന്നെന്നും ഏഴു മുതൽ 10 വരെ മദ്റസ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളെ തീരുമാനം ദോഷകരമായി ബാധിക്കുമെന്നുമാണ് സമസ്തയുടെ പരാതി.
തിരുവനന്തപുരം: കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭ്യമാക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രിയോട് ആലോചിച്ച ശേഷം പരാതിക്കാരുമായി സംസാരിക്കാൻ തയാറാണെന്നും മന്ത്രി വി. ശിവൻകുട്ടി. തനിക്ക് പിടിവാശിയില്ല. അര മണിക്കൂർ കൂടുതൽ പഠിപ്പിച്ചാൽ എന്താണ് പ്രശ്നം? ഇപ്പോൾ തന്നെ പല സ്കൂളുകളിലും ഈ സമയ ക്രമീകരണമുണ്ട്. സമയം കൂടുതൽ വേണ്ട ഒരു കാലഘട്ടമാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.