ലോകായുക്ത നിയമ ഭേദഗതി ശരിവെച്ച് ഹൈകോടതി; റിപ്പോർട്ട് നിയമസഭ 90 ദിവസത്തിനകം തള്ളിയില്ലെങ്കിൽ അംഗീകരിച്ചതായി കണക്കാക്കണം

കൊച്ചി: സംസ്ഥാന സർക്കാർ നടപ്പാക്കിയ ലോകായുക്ത നിയമ ഭേദഗതി ശരിവെച്ച് ഹൈകോടതി. രമേശ് ചെന്നിത്തല എം.എൽ.എയടക്കം നൽകിയ ഹരജികൾ തീർപ്പാക്കിയാണ് ഉത്തരവ്. ലോകായുക്ത എന്ന നിയമ സംവിധാനത്തിന് മുകളിൽ ഭരണകൂടം അധികാരകേന്ദ്രമായി മാറുന്നതാണ് ഭേദഗതിയെന്നാരോപിച്ച് നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തീർപ്പാക്കിയത്. നിയമം ഭേദഗതി ചെയ്യാൻ നിയമസഭക്കുള്ള അധികാരം ചോദ്യം ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഭേദഗതി ശരിവെച്ചത്. എന്നാൽ, മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കേസുകളിൽ ലോകായുക്ത സമർപ്പിക്കുന്ന റിപ്പോർട്ട് നിയമസഭ 90 ദിവസത്തിനകം തള്ളിയില്ലെങ്കിൽ അത് അംഗീകരിച്ചതായി കണക്കാക്കണമെന്നും ഉത്തരവിൽ പറയുന്നു. റിപ്പോർട്ട് അംഗീകരിക്കപ്പെട്ടാൽ തുടർനടപടികൾ ഉടൻ ആരംഭിക്കണമെന്നും കോടതി നിർദേശിച്ചു.

പരാതികളിൽ അന്വേഷണം നടത്തി ശിപാർശയടങ്ങിയ റിപ്പോർട്ടാണ് ലോകായുക്ത നൽകേണ്ടതെന്നും ഉത്തരവല്ലെന്നും ഇതിൽ ബന്ധപ്പെട്ട അതോറിറ്റിയാണ് തുടർനടപടി സ്വീകരിക്കേണ്ടതെന്നുമായിരുന്നു നിയമഭേദഗതി. ലോകായുക്തയെ ദുർബലമാക്കുന്ന ഭേദഗതികൾ ഭരണാധികാരികളുടെ അഴിമതികൾക്ക് ഒത്താശ ചെയ്യാനാണെന്നും അവ റദ്ദാക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. എന്നാൽ, മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ലോകായുക്തയുടെ ശിപാർശയിൽ സ്വീകരിച്ച നടപടികൾ ലോകായുക്തയെ അറിയിക്കാൻ നിയമസഭക്ക് ബാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് അംഗീകരിക്കാനോ അല്ലെങ്കിൽ വിയോജിപ്പ് അറിയിച്ച് ഗവർണർക്ക് പ്രത്യേക റിപ്പോർട്ട് നൽകാനോ ലോകായുക്തക്ക് അധികാരമുണ്ട്. റിപ്പോർട്ട് അംഗീകരിച്ചിട്ടും നടപ്പാക്കാത്ത സാഹചര്യമുണ്ടായാൽ, വിശദീകരണക്കുറിപ്പോടെ റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വെക്കാൻ ഗവർണർക്ക് അധികാരം നൽകുന്ന വകുപ്പ് 12(7) ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നതും കോടതി ചൂണ്ടിക്കാട്ടി.

ലോകായുക്ത ഭേദഗതി നിയമത്തിലെ (2022) 3, 14 വകുപ്പുകൾ ഭേദഗതി ചെയ്തതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തായിരുന്നു ഹരജികൾ. ഈ വാദം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. അധികാരത്തിലുള്ളവർ അഴിമതി നടത്തിയെന്ന് തെളിഞ്ഞാൽ അവർ സ്ഥാനമൊഴിയണമെന്ന് ഉത്തരവിടാൻ നേരത്തേ ലോകായുക്തയ്ക്ക് കഴിഞ്ഞിരുന്നു. എന്നാൽ, നിയമഭേദഗതി പ്രകാരം, മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭക്കും പുനഃപരിശോധിക്കാനാകുമെന്നായിരുന്നു ഹരജിക്കാരുടെ വാദം. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കേസുകളിൽ ലോകായുക്ത റിപ്പോർട്ട് നിയമസഭ പരിശോധിക്കണമെന്നാണ് ചട്ടമെന്നും മൂന്നുമാസത്തിനകം റിപ്പോർട്ടിൽ തീരുമാനമെടുത്തില്ലെങ്കിൽ അത് അംഗീകരിച്ചതായി കരുതുന്നത് നിയമത്തിന്റെ അന്തഃസത്ത നിലനിർത്താൻ അനിവാര്യമാണെന്നും കോടതി പറഞ്ഞു. 

Tags:    
News Summary - High Court upholds Lokayukta Act amendment; Lokayukta should be deemed approved if the Assembly does not reject it within 90 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.