കൊച്ചി: അശ്ലീലപുസ്തകം കൈവശം വെക്കുന്നത് കുറ്റകരമല്ലെന്ന് ഹൈകോടതി. ഇത്തരം പുസ്തകങ്ങൾ കൈവശമുണ്ടായിരുന്നെന്നതുകൊണ്ടു മാത്രം അശ്ലീല പുസ്തകങ്ങളുടെ വിൽപന തടയൽ നിയമപ്രകാരം ശിക്ഷിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. അശ്ലീലപുസ്തകങ്ങൾ വിൽപന നടത്തിയെന്ന കേസിൽ കീഴ്കോടതി ശിക്ഷിച്ച പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റഫീഖിനെ വെറുതെവിട്ടാണ് കോടതിയുടെ നിരീക്ഷണം.
2001 മേയ് രണ്ടിനാണ് ഇയാളുടെ കടയിൽ റെയിഡ് നടത്തി പൊലീസ് പുസ്തകങ്ങൾ പിടികൂടിയത്. ഇന്ത്യൻ ശിക്ഷാനിയമം, സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് തടയൽ നിയമം, യുവാക്കളെ വഴിതെറ്റിക്കുന്ന പ്രസിദ്ധീകരണങ്ങൾ തടയൽ നിയമം തുടങ്ങിയവ പ്രകാരം കേസെടുത്തു.
പേരാമ്പ്ര മജിസ്ട്രേട്ട് കോടതി പ്രതിക്ക് വിവിധ വകുപ്പുകളിലായി ഏഴുമാസത്തെ തടവുശിക്ഷയും ആയിരം രൂപ പിഴയും വിധിച്ചു. ഇതിനെതിരെ കോഴിക്കോട് അഡീ. സെഷൻസ് കോടതിയിൽ നൽകിയ ഹരജിയിൽ, സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് തടയൽ നിയമപ്രകാരമുള്ള കുറ്റം ഒഴിവാക്കി. പിന്നീടാണ് ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്. അശ്ലീലപുസ്തകങ്ങൾ പ്രദർശിപ്പിക്കുകയോ വിൽക്കുകയോ ചെയ്യാതെ കൈവശം െവച്ചുവെന്ന ഒറ്റക്കാരണത്താൽ പ്രതിക്കെതിരെ ഐ.പി.സി-292 (1)(എ) പ്രകാരം കുറ്റംചുമത്താനാവില്ലെന്ന് കോടതി വിലയിരുത്തി. കടയിലുണ്ടായിരുന്ന ആളെന്ന് പറഞ്ഞാണ് ഹരജിക്കാരനെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.