കൊച്ചി: മലയോരങ്ങളിലും വിവാഹ മണ്ഡപങ്ങളിലുമടക്കം ചെറിയ പ്ലാസ്റ്റിക് കുടിവെള്ള കുപ്പികളും റാപ്പറുകളും മറ്റും നിരോധിക്കുന്നതിൽ തിങ്കളാഴ്ചക്കം നിർദേശം നൽകണമെന്ന് ഹൈകോടതി.
നിരോധനം കർശനമായി നടപ്പാക്കാൻ ചൊവ്വാഴ്ച ഉത്തരവുണ്ടായേക്കുമെന്ന സൂചനയോടെയാണ് നിർദേശങ്ങൾ നൽകാൻ സർക്കാറിനോടും മലിനീകരണ നിയന്ത്രണ ബോർഡിനോടും അമിക്കസ് ക്യൂറിയോടും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ബെഞ്ച് ആവശ്യപ്പെട്ടത്. ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്ത പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത ഹരജിയാണ് കോടതി പരിഗണിക്കുന്നത്.
ജലാശയങ്ങളിലേക്കും മറ്റും മദ്യക്കുപ്പികൾ വ്യാപകമായി വലിച്ചെറിയുന്നുണ്ടെന്നും കാലിക്കുപ്പികൾ ചെറിയ നിരക്കിൽ സംഭരിച്ച് റീസൈക്കിൾ ചെയ്യാൻ ബിവറേജസ് കോർപറേഷൻ പദ്ധതി തയാറാക്കുന്നത് ഉചിതമായിരിക്കുമെന്നും കോടതി പറഞ്ഞു.
സൽക്കാര പരിപാടികളിലടക്കം അരലിറ്ററിൽ താഴെയുള്ള കുടിവെള്ളക്കുപ്പികൾ കുമിഞ്ഞു കൂടുന്നത് കോടതി ഗൗരവമേറിയ പ്രശ്നമായാണ് കാണുന്നത്. ഓഡിറ്റോറിയങ്ങൾക്ക് ലൈസൻസ് അനുവദിക്കുന്ന കരാറിൽ ഇത്തരം നിബന്ധനകൾ വെക്കണമെന്ന നിർദേശവും പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.