കൊച്ചി: സംസ്ഥാന കാർഷിക വികസന ബാങ്കിലെ വിരമിച്ച ജീവനക്കാർക്ക് നൽകിവന്നിരുന്ന ഉയർന്ന പെൻഷൻ കുറക്കരുതെന്ന് ഹൈകോടതി. ഹരജിക്കാരായ കല്യാണ കൃഷ്ണനടക്കം 28 പേർക്ക് 12 മാസത്തെ ശമ്പളത്തിന്‍റെ ശരാശരി കണക്കാക്കി നൽകിയിരുന്ന ഉയർന്ന പെൻഷൻ കുറക്കരുതെന്നാണ് ജസ്റ്റിസ് മുരളി പുരുഷോത്തമന്‍റെ ഉത്തരവ്. 60 മാസത്തെ ശമ്പളത്തിന്‍റെ ശരാശരി കണക്കാക്കി പെൻഷൻ നൽകാനുള്ള പി.എഫ് തീരുമാനം ചോദ്യം ചെയ്തായിരുന്നു ഹരജി.
1982 - 84 കാലയളവിൽ സർവിസിൽ പ്രവേശിച്ചവരായിരുന്നു ഹരജിക്കാർ. 1995ൽ ഇ.പി.എഫ് പെൻഷൻ പദ്ധതി നിലവിൽ വന്നപ്പോൾ ചേർന്നു.
2018 -20 കാലയളവിൽ വിരമിച്ചപ്പോൾ മുതൽ 12 മാസത്തെ ശമ്പളത്തിന്‍റെ ശരാശരി കണക്കാക്കി പെൻഷനും ലഭിച്ചിരുന്നു. അതിനിടെയാണ് 60 മാസത്തെ ശമ്പളത്തിന്‍റെ ശരാശരിയുടെ അടിസ്ഥാനത്തിൽ പെൻഷൻ നൽകാനുള്ള നടപടി ഇ.പി.എഫ്.ഒ തുടങ്ങിയത്.
60 മാസത്തെ ശമ്പളത്തിന്‍റെ ശരാശരി േനാക്കി പെൻഷൻ കണക്കാക്കുന്ന വ്യവസ്ഥ മുൻകാല പ്രാബല്യമില്ലാതെ 2014 സെപ്റ്റംബർ ഒന്നിനാണ് നിലവിൽ വന്നത്. ഇതിനുശേഷം പദ്ധതിയിൽ ചേരുന്നവർക്കാണ് ഇത് ബാധകമാകുന്നതെന്നായിരുന്നു ഹരജിക്കാരുടെ വാദം. വിരമിച്ചത് 2018-20 കാലയളവിലാണെങ്കിലും 2014 മുമ്പുള്ള പദ്ധതിപ്രകാരം പെൻഷന് അർഹതയുണ്ടെന്നും വാദിച്ചു. 60 മാസത്തെ കണക്കുപ്രകാരം പ്രതിമാസം 10,000 രൂപയുടെ കുറവുണ്ടാകും.
തുടർന്നാണ്, നിലവിലെ ഉയർന്ന പെൻഷൻ മറ്റൊരു ഉത്തരവില്ലാതെ വെട്ടിക്കുറക്കരുതെന്ന് കോടതി നിർദേശിച്ചത്. ഇ.പി.എഫ്.ഒ അടക്കം എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടു. തുടർന്ന് ഹരജി വീണ്ടും ഏപ്രിലിൽ പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.