കൊച്ചി: കേരള ഡിജിറ്റൽ സർവകലാശാല താൽക്കാലിക വൈസ് ചാൻസലർ ഡോ. സിസ തോമസിന്റെ പെൻഷൻ ആനുകൂല്യങ്ങൾ പൂർണമായും രണ്ടാഴ്ചക്കകം നൽകണമെന്ന് ഹൈകോടതി. ആനുകൂല്യങ്ങൾ രണ്ടു വർഷം തടഞ്ഞുവെച്ച സർക്കാർ നടപടി മൗലികാവകാശലംഘനമാണെന്നടക്കം വിലയിരുത്തിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ഇതുവരെയുള്ള പലിശയുടെ കാര്യത്തിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാം. ട്രൈബ്യൂണൽ നിർദേശിച്ചിട്ടും ആനുകൂല്യങ്ങൾ അനുവദിക്കുന്നില്ലെന്ന് കാട്ടി സിസ തോമസ് സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.
സാങ്കേതിക വിഭ്യാഭ്യാസ വകുപ്പിൽനിന്ന് 2023 മാർച്ച് 31ന് വിരമിച്ച സിസ, ചാൻസലറായ അന്നത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദേശ പ്രകാരമാണ് ഡിജിറ്റൽ സർവകലാശാലയുടെ താൽക്കാലിക വി.സിയായി ചുമതലയേറ്റത്. സർവിസിലിരിക്കെ ഗവർണർ നിർദേശിച്ച പ്രകാരം സാങ്കേതിക സർവകലാശാല വി.സി പദവി ഏറ്റെടുത്തതിന്റെ പേരിലാണ് ആനുകൂല്യങ്ങൾ സർക്കാർ തടഞ്ഞുവെച്ചതെന്ന് കോടതി വിമർശിച്ചു. ഹരജിക്കാരിക്കെതിരെ സർക്കാർ സ്വീകരിച്ച അച്ചടക്ക നടപടികൾ നേരത്തെതന്നെ കോടതി റദ്ദാക്കിയതാണ്.
അച്ചടക്ക നടപടിയോ കേസുകളോ ഇല്ലാത്തപക്ഷം പെൻഷൻ തടഞ്ഞുവെക്കാൻ സർക്കാറിനാകില്ലെന്ന് കേരള സർവിസ് ചട്ടത്തിലുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ നടപടി മൗലികാവകാശലംഘനമാണ്. ഉന്നത പദവിയിലുള്ള ഉദ്യോഗസ്ഥക്ക് നേരിടേണ്ടിവന്ന അനീതി കോടതിക്ക് അവഗണിക്കാനാവില്ല. പെൻഷൻ ആനുകൂല്യങ്ങൾ ഭരണഘടനാപരമായ അവകാശമാണ്. നിയമപരമായ കാരണങ്ങളില്ലാതെ അത് നിഷേധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.