തിരുവനന്തപുരം: വി.എസ്.എസ്.സി പരീക്ഷയിലെ ഹൈടെക് കോപ്പിയടിയിൽ ഹരിയാന സ്വദേശികളായ 85 പേർ സംശയനിഴലിൽ. തിരുവനന്തപുരത്തെത്തി പരീക്ഷ എഴുതിയ ഇവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. ഐ.പി.എസ് ട്രെയിനിയും ഹരിയാന സ്വദേശിയുമായ ദീപക് ചഹാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹരിയാനയിലേക്ക് തിരിച്ചത്.
പരീക്ഷ തട്ടിപ്പുസംഘം ഉപയോഗിച്ചത് സ്വയം നിർമിച്ച ഇലക്ട്രോണിക്സ് ഉപകരണങ്ങളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പരീക്ഷ എഴുതുന്നതിനിടെ അറസ്റ്റിലായവരുൾപ്പെടെ ആറുപേരെ തിരിച്ചറിഞ്ഞു. ഹരിയാനയിൽനിന്ന് 469 പേരാണ് പരീക്ഷക്ക് അപേക്ഷിച്ചത്. ഇതിൽ 85 പേർ തിരുവനന്തപുരത്തെ 10 കേന്ദ്രങ്ങളിൽ പരീക്ഷ എഴുതി. ഇവരെല്ലാം അടുത്തടുത്ത ജില്ലക്കാരാണ്.
ആൾമാറാട്ടവും കോപ്പിയടിയും നടത്താനുള്ള സംഘത്തിലെ കണ്ണികളാണെന്ന സംശയത്തിലേക്ക് നയിക്കുന്നതും ഇതാണ്. വി.എസ്.എസ്.സിയിൽനിന്ന് ഉദ്യോഗാർഥികളുടെ പേര് വിവരങ്ങൾ പൊലീസ് ശേഖരിച്ചു. കോപ്പിയടിക്കാനുപയോഗിച്ച മൂന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ പ്രതികൾക്ക് ഒരു അങ്കലാപ്പുമില്ല. ഈ സംഘം മുമ്പും സമാനരീതിയിൽ ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയിട്ടുണ്ടാകുമെന്ന് പൊലീസ് സംശയിക്കുന്നു.
കാമറ ഘടിപ്പിച്ച മൊബൈൽ ഫോൺ, സിമ്മിടാൻ പറ്റുന്ന ഡോംഗിൾ മാതൃകയിലുള്ള ഉപകരണം, ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഇവയാണ് ഹൈടെക് കോപ്പിയടിയിലെ ഉപകരണങ്ങൾ. മൊബൈലിലെ കാമറക്കു മുന്നിൽ ബട്ടൺ പിടിപ്പിച്ച് അവ പ്രത്യേകം തയാറാക്കിയ ഷർട്ടിൽ ഘടിപ്പിച്ച് പരീക്ഷ ഹാളിൽ കയറും. സിം ഇട്ട ഉപകരണത്തിൽ മറ്റൊരാളുമായി ബന്ധപ്പെടും. വിഡിയോ കോൾ മാതൃകയിൽ ചോദ്യപേപ്പർ മറുതലക്കലുള്ള ആൾക്ക് കാണാം. ബ്ലൂ ടൂത്ത് ഹെഡ്സെറ്റ് വഴി ഇത്തരം പറഞ്ഞുകൊടുക്കും. ഈ രീതിയിലാണ് കോപ്പിയടി.
ഒരേസമയം ഒട്ടേറെ പേർക്ക് ഉത്തരം പറഞ്ഞുകൊടുക്കാൻ സാധിക്കുന്ന തരത്തിൽ കൺട്രോൾ റൂം മാതൃകയിലുള്ള സംവിധാനം ഹരിയാനയിലുണ്ടാകുമെന്നാണ് പൊലീസ് സംശയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.