വിഴിഞ്ഞം ഒത്തുതീർപ്പ് ഇങ്ങനെ

ആവശ്യം -ഒന്ന്: തുറമുഖ നിർമാണം മൂലമുണ്ടാകുന്ന തീരശോഷണത്തിന് ശാശ്വതപരിഹാരം കാണണം.

തീരുമാനം: തുറമുഖ നിർമാണം മൂലമുള്ള പുനരധിവാസ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യാൻ 2020 മാർച്ച് മൂന്നിലെ ഉത്തരവ് പ്രകാരം ജില്ല തല സമിതി രൂപവത്കരിച്ചു. അതും തീര സംരക്ഷണ പ്രവർത്തനങ്ങളും സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറിയും തുറമുഖ സെക്രട്ടറിയും നിരീക്ഷിക്കും.

ആവശ്യം -രണ്ട്: തീരശോഷണംമൂലം ഭവനം നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങളെ അടിയന്തരമായി വാടക നൽകി മാറ്റിപ്പാർപ്പിക്കണം.

തീരുമാനം: ഫ്ലാറ്റുകളുടെ നിർമാണം ഒന്നരക്കൊല്ലം കൊണ്ട് പൂർത്തിയാക്കാൻ നടപടിയെടുക്കും. രണ്ട് മാസത്തെ വാടക അഡ്വാൻസായി നൽകും. 2022 സെപ്റ്റംബർ ഒന്നിലെ ഉത്തരവ് പ്രകാരം 5500 രൂപ സർക്കാർ നൽകും. (8000 തികക്കാൻ ശേഷിക്കുന്ന 2500 രൂപ മറ്റ് സ്രോതസ്സുകൾ വഴി സർക്കാർ കണ്ടെത്തി നൽകുമെന്ന നിർദേശം സമരസമിതി തള്ളി)

ആവശ്യം -മൂന്ന്: വീടും സ്ഥലവും നഷ്ടപ്പെട്ടവരെ നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കണം

തീരുമാനം: പുനരധിവാസ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തും. വീടിന്‍റെ ആകെ വിസ്തീർണം 635 ചതുരശ്ര അടിയിൽ അധികരിക്കാതെ രൂപകൽപനയുമായി ബന്ധപ്പെട്ട നിർദേശങ്ങളിൽ ചർച്ച നടത്തും. വലയും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കാൻ പൊതുസ്ഥലം ഒരുക്കും.

ആവശ്യം -നാല്: തീരശോഷണത്തിന് കാരണമാകുന്നതും വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിനും കോവളം, ശംഖുംമുഖത്തിനും ബീച്ചിനും ഭീഷണിയുമായ അദാനി തുറമുഖ നിർമാണം നിർത്തിവെച്ച് പ്രദേശവാസികളെയും ഉൾപ്പെടുത്തി സുതാര്യമായ പഠനം നടത്തുക.

തീരുമാനം: തുറമുഖപ്രവർത്തനം നിർത്തിവെക്കില്ല, തുടരും. തീരശോഷണവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച പഠനസമിതി മത്സ്യത്തൊഴിലാളികളുടെ വിദഗ്ധ പ്രതിനിധികളുമായി ചർച്ച നടത്തും.

ആവശ്യം -അഞ്ച്: അനിയന്ത്രിത മണ്ണെണ്ണ വില വർധന പിൻവലിക്കാൻ സർക്കാർ ഇടപെടണം. തമിഴ്നാട് മാതൃകയിൽ മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ ലഭ്യമാക്കണം.

തീരുമാനം: നിലവിലുള്ള മണ്ണെണ്ണ എൻജിനുകൾ ഡീസൽ-പെട്രോൾ-ഗ്യാസ് എൻജിനുകളുമായി മാറ്റുന്ന പ്രവർത്തനങ്ങൾ ഉടൻ നടപ്പാക്കും. ഡീസൽ എൻജിനാക്കി മാറ്റാൻ ഒറ്റത്തവണ സബ്സിഡി നൽകും.

ആവശ്യം -ആറ്: കാലാവസ്ഥ മുന്നറിയിപ്പ് കാരണം തൊഴിൽ നഷ്ടപ്പെടുന്ന ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് മിനിമം വേതനം നൽകണം.

തീരുമാനം: കേരള തീരത്ത് മത്സ്യബന്ധനം നടത്തരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം പുറപ്പെടുവിക്കുന്ന ദിവസങ്ങളിൽ തൊഴിൽ നഷ്ടം ഉണ്ടാകുന്നത് പരിഗണിച്ച് ഫിഷറീസ് വകുപ്പിന്‍റെ പട്ടികയിൽ ഉൾപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് തീയതികളുടെ എണ്ണം കണക്കാക്കി നഷ്ടപരിഹാരം നൽകും.

ഇതുകൂടാതെ ഫിഷറീസ് വകുപ്പിന്‍റെ പട്ടികയിൽ ഉൾപ്പെടുന്ന മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്ന പക്ഷം അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തും.

ആവശ്യം -ഏഴ്: മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ പരിഹരിക്കുക

തീരുമാനം: മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ രണ്ടാഴ്ചക്കുള്ളിൽ പുണെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനുമായി ഫിഷറീസ് വകുപ്പ് ചർച്ച സംഘടിപ്പിച്ച് തുടർനടപടികൾ സ്വീകരിക്കും.

Tags:    
News Summary - Here's how to settle vizhinjam protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.