തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചക്രവാതച്ചുഴി ശക്തിപ്രാപിച്ചതിനെതുടർന്ന് സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിലാണ് അതിതീവ്ര മഴ സാധ്യത. 24 മണിക്കൂറിൽ 204.5 മി.മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രവചനം. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ചും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ആഗസ്റ്റ് അഞ്ചുവരെ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനം നിരോധിച്ചു.
എല്ലാ ജില്ല കലക്ടറേറ്റുകളിലും താലൂക്ക് ഓഫിസുകളിലും തുറന്ന കണ്ട്രോള് റൂമുകള്‍ക്കു പുറമെ, സെക്രട്ടേറിയറ്റിലെ റവന്യൂമന്ത്രിയുടെ ഓഫിസിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. നമ്പര്‍: 807 8548 538. മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലും കണ്ട്രോള് റൂമുകള്‍ ആരംഭിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കണം.
പത്തനംതിട്ട പുറമറ്റം കല്ലുപാലത്ത് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അച്ഛനും രണ്ട് പെണ്മക്കളും മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞത്ത് കടൽക്ഷോഭത്തിൽ വള്ളം മറിഞ്ഞ് തമിഴ്നാട് സ്വദേശിയായ മത്സ്യത്തൊഴിലാളി മരിച്ചു. കന്യാകുമാരി ഇനയം പുത്തൻതുറ സ്വദേശി ഗിൽബർട്ട് - കെലൻ ദമ്പതികളുടെ മകൻ കിൽസ്റ്റൺ (22) ആണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം ഏഴായി. കനത്ത മഴയിൽ ഇടുക്കി, കോട്ടയം ജില്ലകളിലെ പലയിടങ്ങളിലും ഉരുൾപൊട്ടി. വിവിധ ജില്ലകളിലായി അഞ്ചു പേരെ കാണാതായി.
മലപ്പുറത്ത് ഒരാളെ കാണാതായി. തൃശൂർ മുനക്കകടവ് അഴിമുഖത്തിന് സമീപം ഫൈബർ വഞ്ചി മറിഞ്ഞ് രണ്ടു മത്സ്യത്തൊഴിലാളികളെ കാണാതായി. നാലുപേർ നീന്തി രക്ഷപ്പെട്ടു. മണിയൻ, ഗിൽബർട്ട് എന്നിവരെയാണ് കാണാതായത്. പുല്ലുവിള സ്വദേശികളായ സുനിൽ, വർഗീസ്, സ്റ്റല്ലസ്, സന്തോഷ് എന്നിവരാണ് രക്ഷപ്പെട്ടത്.
കോട്ടയം കൂട്ടിക്കൽ ചപ്പാത്തിൽ ചുമട്ടുതൊഴിലാളിയായ കന്നുപറമ്പിൽ റിയാസിനെ കാണാതായി. പത്തനംതിട്ട ജില്ലയിലെ അത്തിക്കയത്ത് പമ്പയാറ്റിൽ നാറാണംമൂഴി സർവിസ് സഹകരണ ബാങ്കിലെ സെയിൽമാനും അത്തിക്കയം സ്വദേശിയുമായ ചീങ്കയിൽ സി.ജെ. റെജിയെയാണ് (52) കാണാതായത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.