കൊച്ചി: പ്രളയക്കെടുതിയിൽ നിസ്സഹായതയുടെ ആഴം വിളിച്ചറിയിക്കുകയാണ് ആലുവ. പെരിയാർ കരകവിഞ്ഞതോടെ ഇരു തീരങ്ങളും വെള്ളത്തിനടിയിലായത് വളരെ വേഗത്തിലായിരുന്നു. നഗരത്തിലെ വിവിധ ഭാഗങ്ങളിലും ഉൾപ്രദേശങ്ങളിലും ഒറ്റപ്പെട്ടിരിക്കുന്നത് ആയിരങ്ങളാണ്. മുങ്ങിത്താഴ്ന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും മുകൾ നിലയിലോ ടെറസിലോ ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞുകൂടുകയാണ് പലരും. പ്രാണരക്ഷാർഥം കഴിഞ്ഞ ദിവസങ്ങളിൽ പലരുടെയും ഫോണുകളിലേക്ക് ഇവർ വിളിച്ചിരുന്നു. എന്നാൽ, ഫോണുകൾ ബാറ്ററി ചാർജ് തീർന്ന് നിശ്ചലമായതോടെ ഇവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. പലയിടത്തും രക്ഷാപ്രവർത്തകർക്കും എത്താൻ കഴിഞ്ഞിട്ടില്ല.
വെളിയത്തുനാട്, ഏലൂക്കര, കയൻറിക്കര, കമ്പനിപ്പടി, കുഞ്ഞുണ്ണിക്കര, പറവൂർ കവല തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളം കയറി മുങ്ങിയ സ്ഥിതിയാണ്. രക്ഷാപ്രവർത്തകരെ തേടി വിളിച്ച നമ്പറുകളൊന്നിലും മറുപടി കിട്ടാതായതോടെ ആളുകൾ കൂടുതൽ പരിഭ്രാന്തരായി. ആളുകൾ തങ്ങുന്നിടങ്ങളിലേക്ക് എത്താനാവാതെ ബോട്ടുകൾ കുടുങ്ങിയ സംഭവങ്ങളുമുണ്ടായി. ചുറ്റും നടക്കുന്ന കാര്യങ്ങൾ എന്താണെന്നറിയാതെ അലമുറയിടുന്ന ആളുകളെയും കാണാനായി. ആലുവ-പറവൂർ പാതയിൽ മാളികംപീടികയിലെ വിവിധ കെട്ടിടങ്ങളിലായി നൂറുകണക്കിന് ആളുകളാണ് കുടുങ്ങിയത്.
ഭക്ഷണവും വെള്ളവും ലഭിക്കാതെ കുട്ടികൾ ഉൾപ്പെടെ ബോധരഹിതരായി വീണിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സഹായം തേടി ഇവർ പല കേന്ദ്രങ്ങളിലേക്കും വിളിച്ചിരുന്നു. എന്നാൽ, ഫോണുകളുടെ ബാറ്ററി തീർന്നതോടെ ഇവരെ തിരികെ ബന്ധപ്പെടാനോ രക്ഷാപ്രവർത്തകർക്ക് ആശയവിനിമയം നടത്താനോ സാധിച്ചില്ല. ഇവർ പറഞ്ഞ സ്ഥലങ്ങളിൽ മറ്റ് അനേകംപേർ കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രക്ഷാപ്രവർത്തകർ അവരെ കരയിലെത്തിക്കുകയും ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഹെലികോപ്റ്ററുകൾ ശനിയാഴ്ചയും ലഭ്യമാക്കിയിരുന്നു. അതേസമയം, ഷീറ്റ് ഉപയോഗിച്ച് വീടിന് മുകളിൽ റൂഫ് ചെയ്ത സ്ഥലങ്ങളിൽ ഹെലികോപ്റ്ററുകളിൽ ആളെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. രക്ഷാപ്രവർത്തകർ കടന്നുചെല്ലാത്ത നിരവധി സ്ഥലങ്ങളിൽ ആയിരങ്ങൾ ഇനിയും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
പ്രളയജലം കൊച്ചി നഗരത്തിലേക്കും
കൊച്ചി: പെരിയാർ കരകവിഞ്ഞതിനൊപ്പം കായലിലെ ജലനിരപ്പും ഉയർന്നതോടെ വെള്ളം കൊച്ചി നഗരപ്രദേശങ്ങളിലും വ്യാപിച്ചു. നഗരമധ്യത്തിലൂടെ കടന്നുപോകുന്ന പേരണ്ടൂർ കനാൽ നിറഞ്ഞൊഴുകുകയാണ്. മഴ തുടരുകയും കനാലിലെ വെള്ളം ഉയരുകയും ചെയ്താൽ നഗരം വെള്ളത്തിലാകും.
പെരിയാറിെൻറ തീരങ്ങളും നഗരാതിർത്തികളും വെള്ളത്തിലായതോടെ ആളുകളോട് ഇവിടെനിന്ന് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പച്ചാളം, വടുതല, ഇടപ്പള്ളി, ചേരാനല്ലൂർ ഭാഗങ്ങളിലും പച്ചാളം കാട്ടിക്കുളങ്ങര ക്ഷേത്രത്തിന് സമീപത്തെ വീടുകളിലും വെള്ളം കയറി. ഇടപ്പള്ളി തോട് നിറഞ്ഞൊഴുകുകയാണ്. ശനിയാഴ്ച പകൽ മഴക്ക് നേരിയ ശമനമുണ്ടായിരുന്നതിനാൽ വെള്ളം ഇനിയും ഉയരില്ലെന്നാണ് പ്രതീക്ഷ.
എറണാകുളം-അങ്കമാലി റോഡിൽ വ്യാഴാഴ്ച ആലുവക്ക് സമീപം കമ്പനിപ്പടിവരെ വെള്ളം കയറിയിരുന്നു. ശനിയാഴ്ച അമ്പാട്ടുകാവ് പ്രദേശങ്ങൾ വെള്ളത്തിലായി. ഇതോടെ, ഇടപ്പള്ളി-ആലുവ ദേശീയപാതയിൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. കളമശ്ശേരി പ്രീമിയർ ജങ്ഷനിൽ ബസ് സർവിസുകൾ അവസാനിപ്പിക്കാൻ മോട്ടോർ വാഹന വകുപ്പും നിർദേശിച്ചിരുന്നു. പെരിയാറിൽനിന്നുള്ള വെള്ളമെത്തിയതോടെ മുട്ടാർ പുഴയും കവിഞ്ഞൊഴുകുകയാണ്.
മുട്ടാറിെൻറ തീരങ്ങൾ വെള്ളത്തിൽ മുങ്ങി. കളമശ്ശേരി ഉൾപ്പെടെ പ്രദേശങ്ങളും വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കം കൊച്ചി മെട്രോ സർവിസിനെയും ബാധിച്ചു. മുട്ടം യാർഡും ആലുവ, കമ്പനിപ്പടി, അമ്പാട്ടുകാവ് സ്റ്റേഷനുകളുടെ പടിയും കവിഞ്ഞ് വെള്ളം ഉയർന്നു.
റോഡ് തകർന്നു; ഇടുക്കി ജില്ല ആസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്നത് ഇരുന്നൂറോളം പേർ
തൊടുപുഴ: തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയിലെ പൈനാവിനും കുളമാവിനും ഇടയിൽ റോഡ് ഇടിഞ്ഞ് ജില്ല ആസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്നത് ഇരുന്നൂറോളം പേർ. ഇടുക്കി കലക്ടറേറ്റിലെ അമ്പതിലധികം ജീവനക്കാരും ഇതര സംസ്ഥാനക്കാരായ മുപ്പതിലധികം വിനോദസഞ്ചാരികളും യാത്രക്കാരുമാണ് കുടുങ്ങിയത്.
ഫോൺ റേഞ്ചില്ലാത്തിനാൽ ബുധനാഴ്ച മുതൽ പുറംലോകവുമായി ബന്ധമില്ലാതെയാണിവർ കഴിയുന്നത്. ബുധനാഴ്ച വൈകീട്ട് കലക്ടറേറ്റിൽനിന്ന് ഒരു കിലോമീറ്റർ അകലെയാണ് ആദ്യം മണ്ണിടിഞ്ഞത്. ഈസമയം വന്ന സ്വകാര്യ ബസിൽ ഉദ്യോഗസ്ഥരും മറ്റ് യാത്രക്കാരും ഉൾപ്പെടെ അറുപതോളം പേരുണ്ടായിരുന്നു. ഔദ്യോഗിക വാഹനങ്ങളെത്തി ഏതാനും ചിലരെ കലക്ടറേറ്റിലേക്ക് തിരികെയെത്തിച്ചു. ഒരു മണിക്കൂറിലധികം പണിപ്പെട്ട് മണ്ണ് നീക്കി ബസും മറ്റ് വാഹനങ്ങളും യാത്ര പുനരാരംഭിച്ചു. എങ്കിലും യാത്ര തുടരാനായില്ല. തിരികെ പൈനാവിന് പോകാൻ വാഹനം തിരിച്ചെങ്കിലും പിന്നിലും മണ്ണിടിഞ്ഞിരുന്നു.
യാത്ര മുടങ്ങിയവരെയും ചെറുതോണി വഴി മടങ്ങാനാവാതെ വന്നവരെയും കലക്ടറേറ്റിലേക്കും പൊലീസിെൻറ എ.ആർ ക്യാമ്പിലേക്കും എത്തിച്ചു. സ്ത്രീകളെ രാത്രി എൻജിനീയറിങ് കോളജിന് സമീപെത്ത ഹോസ്റ്റലുകളിലാണ് താമസിപ്പിച്ചത്. ചിലരെ ഇടുക്കി, ചെറുതോണി ഡാമുകൾക്ക് മുകളിലൂടെ നാരകക്കാനം വഴി കട്ടപ്പനയിലെത്തിച്ചു. കട്ടപ്പനക്കും നാരകക്കാനത്തിനും ഇടയിൽ പലയിടത്തും മണ്ണിടിച്ചിൽ തുടരുന്നുണ്ട്.
കലക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്യുന്ന ജില്ല ആസ്ഥാനത്ത് ആവശ്യത്തിന് ഭക്ഷ്യധാന്യമില്ല. അടിയന്തര സാഹചര്യത്തിൽ ജോലി ചെയ്യുന്നവർക്കും യാത്ര മുടങ്ങിയെത്തിയവർക്കും ഭക്ഷണം നൽകാനാവാത്ത സാഹചര്യമാണ്. ഇതേ തുടർന്ന് തൊടുപുഴ താലൂക്ക് ഓഫിസിലെ കണ്ട്രോൾ റൂമിൽനിന്ന് അഞ്ച് ടൺ അരിയും ആവശ്യത്തിന് പലവ്യഞ്ജനങ്ങളും 40 പാചകവാതക സിലിണ്ടറും കലക്ടറേറ്റിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പലയിടത്തും റോഡ് തകർന്നതിനാൽ ഇവ എങ്ങനെ എത്തിക്കുമെന്നതിൽ തീരുമാനമായിട്ടില്ല.
മൂകമായി തലസ്ഥാനം
തിരുവനന്തപുരം: ഓണാഘോഷത്തിെൻറ ഉത്സവത്തിമിർപ്പിലൊഴുകേണ്ട തലസ്ഥാനം മൂകമായി. പ്രളയക്കെടുതിയിൽ അടുത്ത ജില്ലകളിൽ നിന്നെത്തുന്ന വാർത്തകൾ തലസ്ഥാനത്തെയും ദുഃഖത്തിലാഴ്ത്തുന്നു. സെക്രേട്ടറിയറ്റ് അടക്കമുള്ള സർക്കാർ ഓഫിസുകളിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽനിന്നുള്ള ജീവനക്കാരിൽ ഏറെപ്പേരും എത്തിയില്ല. മറ്റുജില്ലകളിൽനിന്ന് തലസ്ഥാനത്ത് സ്ഥിരതാമസമാക്കിയവരാകട്ടെ ബന്ധുക്കളും സ്നേഹിതരും എവിടെയാണെന്ന ആശങ്കയിലാണ്. സർക്കാർ ഉദ്യോഗസ്ഥരെത്തുന്ന പുനലൂർ-തിരുവനന്തപുരം, ഇൻറർസിറ്റി, മലബാർ, വഞ്ചിനാട്, മുംബൈ-കന്യാകുമാരി തുടങ്ങിയ ട്രെയിനുകൾ റദ്ദാക്കിയതിനാൽ ഓഫിസുകളിൽ ഹാജർനില കുറഞ്ഞു.
ഓഫിസുകളിൽ വിവിധ ആവശ്യത്തിനെത്തുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. കെ.എസ്.ആർ.ടി.സി എം.സി റോഡ് വഴിയുള്ള ദീർഘദൂര സർവിസുകൾ റദ്ദാക്കിയതിനാൽ തലസ്ഥാനത്തേക്കുള്ള റോഡ് വഴിയുള്ള യാത്രയും നിലച്ചു. കിഴക്കേകോട്ട അടക്കമുള്ള കമ്പോളങ്ങളിലേക്ക് ഭക്ഷണസാധനങ്ങൾ അടക്കമുള്ളവ തമിഴ്നാട്ടിൽനിന്ന് എത്തുന്നതിന് തടസ്സമില്ലെങ്കിലും കമ്പോളത്തിൽ ആളില്ല. കൈത്തറി, ഖാദി, കരകൗശല പ്രദർശനങ്ങൾ തുടങ്ങിയെങ്കിലും ഒരിടത്തും കച്ചവടമില്ല. സർക്കാർ ജീവനക്കാർക്ക് ഉത്സവബത്ത നൽകുന്നതോടെ വിപണി സജീവമാവുമെന്നായിരുന്നു പ്രതീക്ഷ. അത് ദുരിതാശ്വാസ ഫണ്ടിലേക്ക് നീക്കിവെച്ചതോടെ ആ പ്രതീക്ഷയും മങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.