കൊച്ചി: മഴ മാറിനിന്നതിനൊപ്പം അണക്കെട്ടുകളിൽനിന്നുള്ള നീരൊഴുക്കും കുറഞ്ഞതോടെ പെരിയാറിലെ ജലനിരപ്പ് കുറഞ്ഞു. ശനിയാഴ്ച രാവിലെ ശക്തമായ മഴയായിരുന്നെങ്കിലും ഉച്ചയോടെ ശമിച്ചു. 32.1 മില്ലിമീറ്റർ മഴയാണ് ശനിയാഴ്ച എറണാകുളം ജില്ലയിൽ പെയ്തത്. അതേസമയം, കനത്ത മഴ തുടരുമെന്ന കാലാവസ്ഥ വകുപ്പിെൻറ മുന്നറിയിപ്പിനെത്തുടർന്ന് ജില്ലയിൽ അതിജാഗ്രത നിർദേശം തുടരുകയാണ്.
ഇടമലയാർ, ഇടുക്കി, ചെറുതോണി, ഭൂതത്താൻകെട്ട് അണക്കെട്ടുകളിൽനിന്നുള്ള നീരൊഴുക്ക് കുറഞ്ഞതാണ് പെരിയാറിലെ ജലനിരപ്പ് കുറയാൻ കാരണം. പെരിയാറിലെ ജലനിരപ്പ് താഴ്ന്നത് പ്രളയബാധിത മേഖലകളിലെ രക്ഷാപ്രവർത്തനങ്ങൾക്കും സഹായകമായി. വെള്ളക്കെട്ട് ഒഴിവായതോടെ റോഡ് മാർഗം നിരവധി പ്രളയബാധിതരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാനായി. അതേസമയം, കൊച്ചി നഗരാതിർത്തികൾ ഉൾപ്പെടെ വെള്ളത്തിലാണ്.
ഭക്ഷണവും വെള്ളവും കിട്ടാതെ പതിനായിരങ്ങള്‍
കൊച്ചി: മഴക്ക് അൽപം ശമനമായതോടെ പെരിയാറിൽ ജലനിരപ്പ് നേരിയതോതിൽ കുറയാൻ തുടങ്ങിയെങ്കിലും ദുരിതമൊഴിയുന്നില്ല. ജില്ലയുടെ പല ഭാഗങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. രക്ഷാപ്രവർത്തനം കാര്യക്ഷമമായി പുരോഗമിക്കുന്നുണ്ടെങ്കിലും ആയിരങ്ങളാണ് വീടുകളിലും ഫ്ലാറ്റുകളിലും കുടുങ്ങിക്കിടക്കുന്നത്. പലയിടങ്ങളിൽനിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഫോൺ വിളികൾ തുടരുന്നു. വെള്ളം കുറഞ്ഞുവരുകയാണെന്നും രക്ഷാപ്രവർത്തനം പുരോഗിക്കുകയാണെന്നും ഭയക്കേണ്ടതില്ലെന്നുമടക്കമുള്ള ആശ്വാസ സന്ദേശങ്ങളുമായി ജില്ല ഭരണകൂടവും സന്നദ്ധ പ്രവർത്തകരുമൊക്കെ രംഗത്തുണ്ടെങ്കിലും ആലുവ ദുരിതത്തിലാണ്. പറവൂരിൽ ദുരിതത്തിന് ശമനമുണ്ടെന്നാണ് റിപ്പോർട്ട്.
വെള്ളം ഉയർന്നതോടെ ആലുവയിലെ പ്രധാന ദുരിതാശ്വാസ ക്യാമ്പുകളിലൊന്നായ യു.സി കോളജ് വെള്ളത്താൽ ഒറ്റപ്പെട്ടു. നേരത്തേ, ഉൾപ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലടക്കം വെള്ളം കയറിയതിനെത്തുടർന്ന് ആളുകളെ ഇങ്ങോട്ടാണ് മാറ്റിയത്. ഇവിടേക്കുള്ള റോഡുകള്‍ വെള്ളംമൂടിക്കിടക്കുന്നതിനാല്‍ ഇവര്‍ക്കെല്ലാമുള്ള ഭക്ഷണവും വെള്ളവും എത്തിക്കാനാകുന്നില്ല. ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കാനുള്ള ശ്രമങ്ങളൊക്കെ പരാജയപ്പെട്ടതോടെ വാട്ടര്‍ അതോറിറ്റി വലിയ കാനുകളില്‍ വെള്ളം നിറച്ചുെവച്ചിട്ടുണ്ടെങ്കിലും ക്യാമ്പുകളിലേക്ക് എത്തിക്കാൻ ബോട്ട് ലഭിച്ചില്ല. പതിനായിരത്തോളം ആളുകളാണ് ക്യാമ്പില്‍ കഴിയുന്നത്.
പറവൂരിെൻറ പല ഭാഗങ്ങളിലും വെള്ളമിറങ്ങിത്തുടങ്ങി. വെള്ളിയാഴ്ച വൈകീട്ടും ശനിയാഴ്ച പുലർച്ചയുമായി കടലേറ്റമുണ്ടായതിനാൽ പെരിയാറിലെ വെള്ളം കടലിലേക്ക് ഇറങ്ങിയില്ല. വീടുകളുടെ ടെറസുകളിൽ കുടുങ്ങിയവർ രക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ കേന്ദ്രങ്ങളുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും വാഹനങ്ങളും വള്ളങ്ങളടക്കമുള്ള രക്ഷാ സംവിധാനങ്ങളും എത്തിക്കാൻ സാധിക്കാത്തത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്. വീടിെൻറ രണ്ടാംനിലയിലും ടെറസിലുമെല്ലാം അഭയം തേടിയവര്‍ രക്ഷക്കായി വിളിച്ചുകൊണ്ടിരിക്കുകയാണ്. വാഹനങ്ങള്‍ക്കും വള്ളങ്ങള്‍ക്കും എത്താനാകാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താൻ കഴിഞ്ഞിട്ടില്ല. ഭക്ഷണവും ഇന്ധനവും ഇല്ലാത്തത് രക്ഷാപ്രവർത്തനത്തെ പിന്നോട്ടടിക്കുന്നു.
പെരിയാറില്‍ രണ്ടടിയോളം ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ ഉള്‍പ്പെട്ട കിഴക്കന്‍ മേഖലകളില്‍ വെള്ളം ഇറങ്ങിത്തുടങ്ങി. ശനിയാഴ്ച തുറന്ന മുപ്പതോളം ക്യാമ്പുകള്‍ ഉൾപ്പെടെ ഇരുന്നൂറിലേറെ ക്യാമ്പുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ചില ക്യാമ്പുകളിലും ശനിയാഴ്ച വെള്ളം കയറി. ഈ ക്യാമ്പുകളിലുണ്ടായിരുന്ന ആയിരത്തോളം ആളുകളെ കളമശ്ശേരി, കൊച്ചി, തൃപ്പൂണിത്തുറ മേഖലകളിലെ ക്യാമ്പുകളിലേക്ക് മാറ്റി. മിക്ക ക്യാമ്പുകളിലും ഭക്ഷണവും കുടിവെള്ളവും ലഭിക്കുന്നില്ല. ഹെലികോപ്ടറിലാണ് ഇപ്പോള്‍ ക്യാമ്പുകളില്‍ ഭക്ഷണം എത്തിച്ചുനല്‍കുന്നത്. ശനിയാഴ്ച രാവിലെ മുതല്‍ ഹെലികോപ്ടറുകളിലും ബോട്ടുകളിലുമായി നിരവധി ആളുകളെ ഫ്ലാറ്റുകളില്‍നിന്നും വീടുകളില്‍നിന്നും രക്ഷിച്ച് ക്യാമ്പുകളില്‍ എത്തിച്ചു.
ഒഴുക്ക് കൂടുതലായതിനാല്‍ മുപ്പത്തടം, കടുങ്ങല്ലൂര്‍, ഏലൂര്‍ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായി. ഇടവിട്ടുള്ള മഴയും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. പതിനായിരത്തിലധികം വീടുകള്‍ ഇപ്പോഴും വെള്ളത്തിലാണ്. വീടുകളുടെ ഉയര്‍ന്ന ഭാഗങ്ങളിലും ഫ്ലാറ്റുകളിലും ആരാധനാലയങ്ങളിലുമൊക്കെ കുടുങ്ങിക്കിടക്കുന്നവരും ഏറെയാണ്. ഇവരൊക്കെ ഭക്ഷണവും വെള്ളവും കിട്ടാതെ വലയുകയാണ്. റോഡുകളൊക്കെ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതിനാല്‍ ഇവിടേക്ക് എത്താനും സാധിക്കുന്നില്ല. നാവിക സേനയുടെയും കോസ്റ്റ്ഗാര്ഡിെൻറയും ഹെലികോപ്ടറുകളിലും മത്സ്യബന്ധന ബോട്ടുകളിലുമാണ് ഇപ്പോള്‍ ഭക്ഷണം എത്തിച്ചുകൊണ്ടിരിക്കുന്നത്. കൂടുതല്‍ കരസേന അംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. ദേശീയ ദുരന്തനിവാരണ സേനയും രക്ഷാമുഖത്തുണ്ട്.
വൈപ്പിന്‍, മുനമ്പം, ചെല്ലാനം ഭാഗങ്ങളില്‍നിന്ന് കൂടുതല്‍ മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും എത്തി. ശനിയാഴ്ച പകല്‍ മഴ മാറിനിന്നതിനാല്‍ വിവിധ സ്ഥലങ്ങളില്‍ ഒറ്റപ്പെട്ടുകിടന്ന ആയിരത്തിലേറെ ആളുകളെ രക്ഷപ്പെടുത്തി ക്യാമ്പുകളില്‍ എത്തിക്കാനായി. ഇനിയും ധാരാളം ആളുകള്‍ ഒറ്റപ്പെട്ടുകിടക്കുന്നതായാണ് വിവരം. സാധിക്കുന്നവരൊക്കെ ഫോണില്‍ വിളിച്ച് ഇവര്‍ സഹായം അഭ്യര്‍ഥിക്കുന്നുണ്ട്. പലയിടത്തും ഫോണ്‍, വാര്‍ത്തവിനിമയ സംവിധാനങ്ങളും നിശ്ചലമാണ്. അതിനാൽ രക്ഷാപ്രവര്‍ത്തനം നടത്താനും സാധിക്കുന്നില്ല.
പ്രളയക്കെടുതി: മരണം വർധിക്കുന്നു; മുഴുപ്പട്ടിണിയിൽ ജനം
കൊച്ചി: പ്രളയക്കെടുതിയിൽ എറണാകുളം ജില്ലയിൽ മരണം വർധിക്കുന്നു. ശനിയാഴ്ച 16 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. ഏതാനുംപേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ വർധിക്കാനാണ് സാധ്യത. ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായവരുമാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ ജില്ലയിൽ പ്രളയക്കെടുതി മൂലം മരിച്ചവരുടെ എണ്ണം 21 ആയി. ജില്ലയിൽ 597 ക്യാമ്പുകളിലായി 47,138 കുടുംബങ്ങളാണുള്ളത്. 1,81,607 പേരാണ് ക്യാമ്പുകളിൽ അഭയം തേടിയത്. അതേസമയം, തീവ്രമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ എറണാകുളത്ത് റെഡ് അലർട്ട് (അതീവ ജാഗ്രത നിർദേശം) തുടരുകയാണ്.
പറവൂരിൽ പ്രാണരക്ഷാർഥം അഭയം പ്രാപിച്ച പള്ളിയുടെ മതിലിടിഞ്ഞായിരുന്നു ആറു പേരുടെ മരണം. അതേസമയം, ക്യാമ്പിൽ അസുഖം മൂർച്ഛിച്ചാണ് പിഞ്ചുകുഞ്ഞ് മരിച്ചത്. പറവൂരിൽ വ്യാഴാഴ്ച മതിലിടിഞ്ഞുണ്ടായ അപകടവിവരം വി.ഡി. സതീശൻ എം.എൽ.എയിലൂടെ ശനിയാഴ്ചയാണ് പുറംലോകമറിഞ്ഞത്. കുന്നുകര ഗ്രാമപഞ്ചായത്തില്‍ പടിഞ്ഞാറെ പള്ളിയിലെ പാരിഷ്ഹാളില്‍ അഭയം തേടിയ നോര്‍ത്ത് കുത്തിയതോട് സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. രക്ഷാപ്രവർത്തനത്തിനിടെ വരാപ്പുഴ ചിറക്കകം കടയപ്പറമ്പിൽ സുനോജ്, മൂവാറ്റുപുഴ സ്വദേശി കെ.കെ. ബിനു(40) എന്നിവർ മരിച്ചു. ആലുവയിലും രക്ഷാപ്രവർത്തനത്തിനിടെ ഒരാൾ വെള്ളത്തിൽ വീണ് മരിച്ചു.
വെള്ളം നീന്തിക്കടക്കുന്നതിനിടെ പറവൂർ സ്വദേശി നൗഷാദ്(34), ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകുന്ന വഴി ചങ്ങാടം മറിഞ്ഞ് ശ്രീനാരായണഗിരി തറയിൽ വീട്ടിൽ മണികണ്ഠൻ (24) എന്നിവർ മരിച്ചു. രോഗബാധിതരായ മൂന്നുപേർ പറവൂരിലെ വിവിധ ക്യാമ്പുകളിൽ ചികിത്സ കിട്ടാതെ മരിച്ചു. മുറവൻതുരുത്ത് കൊല്ലാറക്കൽ സതീശൻ(65), ആളംത്തുരുത്ത് സ്വദേശി ആദർശ്, പട്ടണം മുണ്ടേപ്പാടത്ത് രാജമ്മ(78) എന്നിവരാണ് മരിച്ചത്. വെള്ളക്കെട്ടിൽ വീണ് കാണാതായ കോതമംഗലം പോത്താനിക്കാട് കൊച്ചുപാലിയത്ത് മാനുവേൽ ചാക്കോയുടെ (58) മൃതദേഹം ശനിയാഴ്ച ലഭിച്ചു. ബുധനാഴ്ച വീടിന് സമീപം വെള്ളം കയറുന്നതുകണ്ട് മടങ്ങുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. വാളകം റാക്കാട് താണിച്ചുവട്ടിൽ ടി.എസ്. അനിൽകുമാർ(33), മൂവാറ്റുപുഴ കൊല്ലംകുടിയിൽ കെ.കെ. ബിനു(41)എന്നിവരാണ് ശനിയാഴ്ച വെള്ളത്തിൽ വീണ് മരിച്ചത്.
ശക്തമായ മഴക്ക് വീണ്ടും സാധ്യതയുണ്ടെന്ന അറിയിപ്പിനെ തുടർന്ന് രക്ഷാപ്രവർത്തനം ദ്രുതഗതിയിലാക്കാനുള്ള ശ്രമത്തിലായിരുന്നു അധികൃതർ. പറവൂർ, നീറിക്കോട്, പുത്തൻവേലിക്കര, മാളികംപീടിക, ഏലൂക്കര, കുഞ്ഞുണ്ണിക്കര, കയൻറിക്കര തുടങ്ങിയ സ്ഥലങ്ങളിൽ ഗർഭിണികളടക്കമുള്ളവർ അടിയന്തര വൈദ്യസഹായം പോലും ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. ഇടുക്കി അണക്കെട്ടിൽ നിന്നുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിനിടെ അപകടങ്ങൾ സംഭവിച്ചതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ശനിയാഴ്ച നാലുമണിവരെ 54,800 പേരെയാണ് രക്ഷപ്പെടുത്തിയത്. ഹെലികോപ്ടർ വഴി 252 പേരെയാണ് രക്ഷപ്പെടുത്തിയത്. പ്രളയക്കെടുതി നേരിടാൻ ദേശീയ ദുരന്തനിവാരണ സേനയുടെ അഞ്ച് സംഘങ്ങൾകൂടി ജില്ലയിലെത്തി. നേവിയുടെ രണ്ട് ഹെലികോപ്ടറുകളും വ്യോമസേനയുടെ മൂന്ന് ഹെലികോപ്ടറുകളും രക്ഷാപ്രവർത്തനത്തിനുണ്ട്. നാവിക സേനയുടെ 20 ബോട്ടുകൾ കോസ്റ്റ് ഗാർഡിെൻറ 11 ബോട്ടുകളും രംഗത്തുണ്ട്. സേനയുടെ ബോട്ടുകളും മത്സ്യത്തൊഴിലാളികളുടെയും സ്വകാര്യ വ്യക്തികളുടെയും ബോട്ടുകളടക്കം ഇരുനൂറ്റിപ്പത്തോളം ബോട്ടുകളാണ് രക്ഷാപ്രവർത്തനത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.