മലപ്പുറത്ത് മഴ കുറയുന്നു; ഇനി വീണ്ടെടുപ്പി​െൻറ നാളുകൾ

മലപ്പുറം: ജില്ലയിൽ ഒരാഴ്​ചയോളമായി പെയ്യുന്ന കനത്ത മഴക്ക്​ ശമനം. മഴ കുറഞ്ഞതോടെ ക്യാമ്പുകളിൽ താമസിച്ചിരുന്നവർ അടക്കം വീടുകളിലേക്ക്​ മടങ്ങിത്തുടങ്ങി. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണികൾ നിലനിൽക്കുന്നതിനാൽ മലയോര മേഖലയിലുള്ളവർ ഇപ്പോഴും ക്യാമ്പിൽ തുടരുകയാണ്​. പ്രതികൂല കാലാവസ്ഥ മാറിയതിന്​ ശേഷം മാത്രമേ ഇവരെ വീടുകളിലേക്ക്​ മാറ്റുകയുള്ളൂ. മഴ ഒഴിഞ്ഞെങ്കിലും വീടുകൾ വാസയോഗ്യമാക്കുന്നതിന്​ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്​. ജില്ലയിൽ പലയിടത്തും ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്​. എന്നാൽ, പമ്പുകളിൽ ആവശ്യത്തിന്​ ഇന്ധനം എത്തുന്നില്ല എന്നത്​ വെല്ലുവിളിയാണ്​. 

പെരിന്തൽമണ്ണ: വെള്ളം ഇറങ്ങിത്തുടങ്ങി. 26 ക്യാമ്പുകളിൽ നാലെണ്ണം നിർത്തി. 1250 പേരാണ്​ ഇപ്പോൾ ക്യാമ്പിലുള്ളത്​. ഗതാഗതം പുനഃസ്ഥാപിച്ചു. പമ്പുകളിൽ പെ​​ട്രോൾ കിട്ടാനില്ല.

തിരൂർ: ഗതാഗതം പുനഃസ്ഥാപിച്ചു. മമ്മാലിപ്പടി, ക്ലാരി മൂച്ചിക്കലിൽ വെള്ളം കയറിയതിനാൽ തിരൂർ-കോട്ടക്കലിലേക്ക്​ കോഴി​െചന, കുറ്റിപ്പാല വഴിയാണ്​ വാഹനങ്ങൾ വരുന്നത്​. വീടുകളിൽനിന്നും വെള്ളം ഇറങ്ങി. ചില കുടുംബങ്ങൾ ക്യാമ്പുകളിൽനിന്നും വീടുകളിലേക്ക്​ മടങ്ങിത്തുടങ്ങി. ഉച്ചയോടെ പമ്പുകളിൽ ഇന്ധനം എത്തി.

കുറ്റിപ്പുറം: കുറ്റിപ്പുറം-തിരൂർ റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു. തിരുനാവായ-പുത്തനത്താണി റോഡിൽ വെള്ളം പൂർണമായി പോയിട്ടില്ല. കുറ്റിപ്പുറം ടൗണിൽ വെള്ളം ഇറങ്ങി. കടക​േമ്പാളങ്ങൾ അടഞ്ഞുകിടന്നു. ക്യാമ്പുകളിൽ ഇപ്പോഴും ആളുകൾ തുടരുകയാണ്​. മേഖലയിൽ ഇന്ധനക്ഷാമം രൂക്ഷമാണ്​. അവശ്യസാധനങ്ങളും കിട്ടാനില്ല. 

കോട്ടക്കൽ:ഗതാഗതം പ​ൂർണമായി പുനഃസ്ഥാപിക്കാനായിട്ടില്ല. കോട്ടക്കൽ ഗവ. ഹയർ​ െസക്കൻഡറി സ്​കൂളിലെ ക്യാമ്പ്​ തുടരുന്നു​. വീടുകൾ ഇ​േപ്പാഴും വെ​ള്ളത്തിലാണ്​. പമ്പുകളിൽ ഇന്ധനം കിട്ടാനില്ല. 
അരീക്കോട്: വെള്ളം ഇറങ്ങിത്തുടങ്ങി. ഉരുൾപൊട്ടൽ ഭീഷണി അടക്കം നിലനിൽക്കുന്നതിനാൽ ആളുകൾ ക്യാമ്പുകളിൽ തുടരുകയാണ്​. ഗതാഗതം സാധാരണനിലയിലായി. 

നിലമ്പൂർ: നാടുകാണി ചുരത്തിലൂടെ യാത്ര പുനരാരംഭിച്ചു. റോഡുകൾ താൽക്കാലികമായി നന്നാക്കി. ഭീഷണികളുള്ളതിനാൽ ആളുകളെ ക്യാമ്പുകളിൽനിന്നും വീടുകളിലേക്ക്​ വിട്ടിട്ടില്ല.
എടക്കര: നേരിയ മഴ മാത്രമാണ്​ ശനിയാഴ്​ച ഉണ്ടായിരുന്നത്​. മൂന്ന്​ ക്യാമ്പുകൾ തുടരുന്നു. മല​​േയാരമേഖലയിൽ ഭീഷണി നിലനിൽക്കുന്നതിനാലാണ്​ ക്യാമ്പുകളിലുള്ളവരെ മടക്കിവിടാത്തത്​. ഇന്ധനം പലയിടത്തും കിട്ടാനില്ല.

കരുവാരകുണ്ട്: മേഖലയിൽ ആളുകൾ ക്യാമ്പുകളിൽ തുടരുകയാണ്​. ആരോഗ്യവകുപ്പും പൊലീസും കാര്യക്ഷമമായാണ്​ ഇടപെടുന്നത്​. വീടുകൾ വാസയോഗ്യമാകാൻ ദിവസങ്ങളെടുക്കും. പലരുടെയും വീടുകൾ ഭാഗികമായി തകർന്നിരിക്കുകയാണ്​. തരിശിൽ പിരിച്ചുവിട്ട ക്യാമ്പ്​ വീണ്ടും പ്രവർത്തനം ആരംഭിച്ചു. 
മഞ്ചേരി: കരുവാരകുണ്ട്​-മഞ്ചേരി, മലപ്പുറം-മഞ്ചേരി റൂട്ടിൽ ഗതാഗതം പുനഃസ്ഥാപിച്ച​ു.

കാളികാവ്: മഴ കുറഞ്ഞെങ്കിലും ക്യാമ്പുകളിൽ ആളുകൾ തുടരുന്നു. ഗതാഗത തടസ്സങ്ങൾ മാറി. രണ്ട്​ പമ്പുകൾ അടഞ്ഞുകിടക്കുകയാണ്​. 

പൊന്നാനി: ഭാരതപ്പുഴ സാധാരണനിലയി​േലക്ക്​ എത്തി. സംസ്ഥാന പാതയിലെ വെള്ളം കുറഞ്ഞതോടെ ഗതാഗതം പുനഃസ്ഥാപിക്കാനായി. ബസ്​ സർവിസുകൾ പൂർണമായി ആരംഭിച്ചിട്ടില്ല. ക്യാമ്പുകളിൽനിന്നും ആളുകൾ മടങ്ങിയിട്ടില്ല. ഇന്ധനക്ഷാമം മേഖലയിലും രൂക്ഷം​. 

തിരൂരങ്ങാടി: കീരനെല്ലൂർ, നൂക്കട്ട കനാലിലെ തടസ്സം സൈന്യം നീക്കി.
വളാഞ്ചേരി: വെള്ളം ഒഴിവായി തുടങ്ങി. ക്യാമ്പുകൾ തുടരുകയാണ്​. ഗതാഗതം പുനഃസ്ഥാപിക്കാനായി. ഇന്ധനക്ഷാമം ​രൂക്ഷം​. 


ഇതുവരെ 48 മരണം
കാലവർഷക്കെടുതിയിൽ ജില്ലയിൽ മേയ് 29 മുതൽ ഇതുവരെ ഏഴ് താലൂക്കുകളിലായി 48 മരണം. കൊണ്ടോട്ടി താലൂക്കിൽ 14 പേരാണ് മരിച്ചത്. തിരൂർ -രണ്ട്​, നിലമ്പൂർ -11, ഏറനാട് -12, തിരൂരങ്ങാടി -അഞ്ച്​, പെരിന്തൽമണ്ണ -രണ്ട്​, പൊന്നാനി -രണ്ട്​ എന്നിങ്ങനെയാണ് മറ്റ്​ കണക്കുകൾ. രണ്ടുപേരെ കാണാതാവുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2030.68 മില്ലീമീറ്റർ മഴയാണ് ഇതുവരെ ലഭിച്ചത്. 138 വില്ലേജുകളിലായി ഏഴ് ലക്ഷം പേർ കെടുതി അനുഭവിക്കുന്നു. 24 പശുക്കളും 34 ആടുകളും 5296 താറാവുകളും ചത്തു. 


ജില്ലയിൽ ഗതാഗതം പുനഃസ്ഥാപിച്ചു
​മലപ്പുറം: മഴ കുറഞ്ഞതോടെ ജില്ലയിലെ പ്രധാന റോഡുകൾ വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. കോഴിക്കോട്​-പാലക്കാട്​ ദേശീയപാതയിൽ ശനിയാഴ്​ച മുതലാണ്​ ബസ്​ സർവിസ്​ ആരംഭിച്ചത്​. കൂടുതലും കെ.എസ്​.ആർ.ടി.സി ബസുകളാണ്​ ഒാടിത്തുടങ്ങിയത്​. സ്വകാര്യബസുകൾ ഇപ്പോഴും പൂർണമായി ഒാടിത്തുടങ്ങിയിട്ടില്ല. കോഴിക്കോട്​-പാലക്കാട്​ ദേശീയപാതയിൽ മലപ്പുറം കീരംകുണ്ടിൽ വെള്ളം ഇറങ്ങാത്തതിനാൽ വാഹനങ്ങൾ തിരിച്ചുവിടുകയാണ്​. കൂട്ടിലങ്ങാടി-ആനക്കയം-മങ്കട വഴിയാണ്​ ബസുകൾ സർവിസ്​ നടത്തുന്നത്​. മലപ്പുറം-മഞ്ചേരി റൂട്ടിലും ഗതാഗതം പുനഃസ്ഥാപിച്ചു. 

തൃശൂർ-കോഴിക്കോട്​ റൂട്ടിലും ശനിയാഴ്​ച മുതൽ ബസുകൾ സർവിസുകൾ നടത്തി. ഗുരുവായൂരിൽ നിന്നും കോഴിക്കോ​േട്ടക്കുള്ള കെ.എസ്​.ആർ.ടി.സി സർവിസ്​ നടത്തുന്നുണ്ട്​. തൃശൂരിൽ നിന്നും വരുന്ന ബസുകൾ കേച്ചേരിയിൽ നിന്നും തിരിഞ്ഞ്​ തിണ്ടിലം-വെള്ളറക്കാട്​-പന്നിത്തടം വഴി കുന്ദംകുളത്തെത്തിയിട്ടാണ്​ സർവിസുകൾ നടത്തുന്നത്​. ച​ൂണ്ടലിൽ ​റോഡ്​ തകർന്നതിനാലാണിത്​. പൊന്നാനി​-കോഴിക്കോട്​ റോഡിൽ ആലത്തൂരിലാണ്​ ശനിയാഴ്​ച പ്രശ്​നമുണ്ടായിരുന്നത്​. 

പൊന്നാനി-എടപ്പാൾ-വളാഞ്ചേരി-കോട്ടക്കൽ-കക്കാട്​-തേഞ്ഞിപ്പലം-രാമനാട്ടുകര റൂട്ടിൽ വാഹനങ്ങൾ സർവിസ്​ നടത്തി. തിരൂർ-നിലമ്പൂർ റോഡിൽ കോട്ടക്കലിനും തിരൂരിനും ഇടയിൽ മമ്മാലിപ്പടിയിലും മലപ്പുറത്തിനും കോട്ടക്കലിനും ഇടയിൽ പൊൻമളയിലുമാണ്​ ഗതാഗത തടസ്സമുള്ളത്​. നിലവിൽ പ്രധാനപാതയിൽ കീരംകുണ്ട്​, ഹാജിയാർപള്ളി, പൊൻമള, കൂരിയാട്​, കൊടിഞ്ഞി, കട്ടുപ്പാറ എന്നിവിടങ്ങളിലാണ്​ വെള്ളക്കെട്ടുള്ളത്​. മലപ്പ​ുറം-കൊണ്ടോട്ടി-കോഴിക്കോട്​, മലപ്പുറം​-പാലക്കാട്​, മലപ്പുറം-മഞ്ചേരി റൂട്ടിൽ  കെ.എസ്​.ആർ.ടി.സി സർവിസുകളും പുനരാരംഭിച്ചു.


വെളിച്ചം പുനഃസ്​ഥാപിക്കാൻ പാടുപെട്ട്​ കെ.എസ്​.ഇ.ബി
മലപ്പുറം: കാലവർഷക്കെടുതിയെ തുടർന്ന്​ ജില്ലയിൽ ഇരുട്ടിലായ പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം പുനഃസ്​ഥാപിച്ചു തുടങ്ങി. ഏകദേശം 85 ​ശതമാനം സ്​ഥലങ്ങളിൽ വൈദ്യുതി എത്തിക്കാനായി​. മൂന്ന്​ കോടിയിലധികം രൂപയുടെ നഷ്​ടമാണ്​ കണക്കാക്കുന്നത്​. ഇത്​ ഇനിയും വർധിക്കും. പുഴക്കരയിലും മറ്റും പൂർണമായി വെള്ളത്തിൽ മുങ്ങിയ ട്രാൻസ്​ഫോമറുകളിൽ സുരക്ഷ പരിശോധന നടത്തേണ്ടതുണ്ട്​. മഞ്ചേരി, നിലമ്പൂർ, തിരൂർ സർക്കിളുകളിൽ വൻ നഷ്​ടമാണ്​ ഉണ്ടായത്​. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായ ഇടങ്ങളിൽ ട്രാൻസ്​ഫോമറുകളിൽ പൂർണമായി ​ൈവദ്യുതി എത്തിക്കാനായിട്ടില്ല. രാപകലില്ലാത്ത പ്രയത്​നമാണ്​ ജീവനക്കാരും ഉദ്യോഗസ്​ഥരും നടത്തുന്നത്​. 

മഞ്ചേരി സർക്കിളിൽ 105 ട്രാൻസ്​ഫോമറുകൾ പുനഃസ്​ഥാപിക്കേണ്ടതുണ്ട്​. 90 ശതമാനത്തോളം സ്​ഥലങ്ങളിൽ വൈദ്യുതി ബന്ധം പുനഃസ്​ഥാപിച്ചിട്ടുണ്ട്​. 1.49 കോടിയുടെ നഷ്​ടം കണക്കാക്കുന്നു. തകരാറിലായ 33 കെ.വി പുലാമന്തോൾ സബ്​സ്​റ്റേഷൻ പ്രവർത്തനം തുടങ്ങിയില്ല. പുലാമന്തോൾ, കീഴുപറമ്പ്​, ഒാടക്കയം ഭാഗങ്ങളിൽ വിതരണം മുടങ്ങി. ഒാടക്കയത്ത്​ രണ്ടര കിലോമീറ്ററോളം ​വൈദ്യുതലൈൻ തകർന്നു. മലപ്പുറം വെസ്​റ്റ്​, ചട്ടിപ്പറമ്പ്​, ഭാഗങ്ങളിൽ വെള്ളമുള്ളതിനാൽ വൈദ്യുതി ചാർജ്​ ചെയ്യാനായില്ല. വെള്ളം ഒഴിയുന്ന മുറക്ക്​ കൂടുതൽ ട്രാൻസ്​ഫോമറുകൾ ചാർജ്​ ചെയ്യുമെന്ന്​ മഞ്ചേരി സർക്കിൾ ഡെപ്യൂട്ടി ചീഫ്​ എൻജിനീയർ ടി.യു. ശോഭന പറഞ്ഞു.  

നിലമ്പൂർ സർക്കിളിൽ 26 ട്രാൻസ്​ഫോമറുകളിൽ ​ൈവെദ്യുതി എത്തിക്കാനുണ്ട്​. 178 പോസ്​റ്റുകൾ ശരിയാക്കാനുണ്ട്​. വാളാന്തോട്​ ദുരിതാശ്വാസ ക്യാമ്പിന്​ സമീപം അരക്കിലോമീറ്ററോളം ലൈൻ ഒഴുകിപ്പോയി. നിലമ്പൂർ സർക്കിളിൽ അരക്കോടി രൂപയുടെ പ്രാഥമിക നഷ്​ടം കണക്കാക്കുന്നു. തിരൂർ സെക്​ഷനിൽ 90 ലക്ഷം രൂപയുടെ പ്രാഥമിക നഷ്​ടമാണ്​ കണക്കാക്കുന്നത്​. സുരക്ഷ ഭീഷണിയെ തുടർന്ന്​ 584 ട്രാൻസ്​ഫോമറുകൾ ഒാഫ്​ ചെയ്​തിരിക്കുകയാണ്​. 10 എണ്ണം ഉപയോഗശൂന്യമായി. പരപ്പനങ്ങാടി, കൂരിയാട്​, തവനൂർ, ഒതുക്കുങ്ങൽ സബ്​ സ്​റ്റേഷനുകൾ ഒാഫ്​ ചെയ്​തിരിക്കുകയാണ്​. പുറത്തൂർ, തിരുനാവായ സെക്​ഷൻ ഒാഫിസുകൾ യഥാക്രമം ആലത്തിയൂർ, തിരുനാവായ 33 കെ.വി സബ്​ സറ്റേഷൻ ഒാഫിസുകളിലാണ്​ പ്രവർത്തിക്കുന്നത്​. 460 പോസ്​റ്റുകൾ തകർന്നിട്ടുണ്ട്​. 

പട്ടാമ്പി പാലം: ദീർഘയാത്ര ദുഷ്കരമാവും
പട്ടാമ്പി: പാലത്തിലൂടെയുള്ള ഗതാഗതം സാധാരണ നിലയിലാവാനെടുക്കുന്ന കാലതാമസം ഏറ്റവുമധികം ബാധിക്കുക ദീർഘദൂരയാത്രക്കാരെ. ഗുരുവായൂർ തീർഥാടകരും തൃശൂർ, എറണാകുളം തുടങ്ങി സംസ്ഥാനത്തി​​​​െൻറ മധ്യ-ദക്ഷിണ ഭാഗങ്ങളിലേക്കുള്ളവരും കഷ്​ടപ്പെടും. പാലക്കാട് നിന്നുള്ളവർക്ക് കുളപ്പുള്ളി-ദേശമംഗലം വഴി കൂട്ടുപാതയിലെത്തി കുന്നംകുളം ഭാഗത്തേക്ക് പോവുകയാണ് ഒരുവഴി. പെരിന്തൽമണ്ണ ഭാഗത്തുനിന്നുള്ളവർക്ക് കൊപ്പം-മുതുതല-വെള്ളിയാങ്കല്ല് വഴി തൃത്താലയിലെത്തി യാത്ര തുടരേണ്ടിവരും. റോഡി​​​​െൻറ ദൈർഘ്യവും ശോച്യാവസ്ഥയും ഈ രണ്ട് മാർഗങ്ങളിലൂടെയുമുള്ള യാത്ര കഠിനമാക്കും. പട്ടാമ്പിയിൽനിന്ന് എടപ്പാൾ, പൊന്നാനി തുടങ്ങിയ ഹ്രസ്വദൂര സർവിസ് നടത്തുന്ന ബസുകൾ പാലംവരെ വന്ന് തിരിച്ചുപോകേണ്ടിവരും. ബസ് സ്​റ്റാൻഡിൽനിന്ന് പാലത്തിലൂടെ നടന്ന് മറുകരയെത്തി ബസിൽ കയറണം. തൃത്താല മേഖലയിലുള്ളവർക്ക് പട്ടാമ്പിയുമായി ബന്ധപ്പെടാനും പ്രയാസമാണ്​.  

നാടുകാണി ചുരത്തിൽ ഗതാഗതം പുനഃസ്​ഥാപിച്ചു; വലിയ ഭാരവാഹനങ്ങൾ വിടില്ല
നിലമ്പൂർ: താഴെ നാടുകാണിയിൽ പോപ്സൺ എസ്​റ്റേറ്റിന് സമീപം പൊട്ടുങ്ങലിൽ തകർന്ന നാടുകാണി ചുരം റോഡ് തമിഴ്നാട് സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കി വാഹന ഗതാഗതം പുനഃസ്​ഥാപിച്ചു. എന്നാൽ പത്ത്, 12 ചക്ര ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണമുണ്ട്. കെ.എസ്.ആർ.ടി.സിക്ക്​ യാത്രാനുമതി നൽകി. 

ഞായറാഴ്ച മുതൽ ചുരം വഴി സർവിസ് സാധാരണ നിലയിലാകുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. കേരളത്തി‍​​​െൻറ ആവശ‍്യം പരിഗണിച്ച് അതിവേഗത്തിലാണ്​ തകർന്ന റോഡ് ഭാഗം പൊളിച്ചുമാറ്റി തമിഴ്നാട് താൽക്കാലിക റോഡ് പണിതത്. പാത മുടങ്ങിയാൽ സംസ്ഥാനം ഒറ്റപ്പെടുമെന്നും നാടുകാണി ചുരം റോഡ് എത്രയും പെ​െട്ടന്ന് പുനഃസ്ഥാപിക്കണമെന്നുമുള്ള മലപ്പുറം ജില്ല കലക്ടർ അമിത് മീണയുടെ ആവശ‍്യം നീലഗിരി ജില്ല ഭരണകൂടം മുഖവിലക്കെടുക്കുകയായിരുന്നു. 

റോഡിൽ 95 മീറ്റർ നീളത്തിലും അഞ്ച് മീറ്റർ വീതിയിലും തകർന്ന ഭാഗം പൂർണമായി പൊളിച്ചുമാറ്റി. ശനിയാഴ്ച രാവിലെ പെരിന്തൽമണ്ണ ഡിവൈ.എസ്.പി പി. മോഹനചന്ദ്ര​​​​െൻറ നേതൃത്വത്തിൽ പൊലീസെത്തി പതിനൊന്ന് മണിയോടെ ചുരത്തിലൂടെ വാഹനങ്ങൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തിയതോടെ ദ്രുതഗതിയിലാണ് പ്രവൃത്തി പുരോഗമിച്ചത്. 


ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ സന്ദർശകരുടെ വരവ് അപായസൂചന വകവെക്കാതെ
ഊർങ്ങാട്ടിരി: ഉരുൾപൊട്ടൽ ഏഴ് പേരുടെ ജീവനെടുത്ത ഓടക്കയത്തെ ദുരന്തഭൂമി കാണാൻ പുറംനാട്ടുകാരെത്തുന്നത് അപകടം സൃഷ്​ടിക്കുമെന്ന മുന്നറിയിപ്പുമായി നാട്ടുകാർ. 12 ഇടങ്ങളിലാണ് ഓടക്കയത്ത് ഉരുൾപൊട്ടിയത്. നെല്ലിയായി കോളനിയിൽ ഏഴുപേർ മരിച്ച ​പ്രദേശത്താണ് സന്ദർശകരെത്തുന്നത്.

ഏത് സമയവും ഉരുൾപൊട്ടാവുന്ന സാഹചര്യമാണിവിടെ ഇപ്പോഴുമുള്ളത്. മുഴുവൻ കുടുംബങ്ങളേയും ഇവിടെ നിന്ന് മാറ്റിപ്പാർപ്പിച്ചത് തന്നെ ഈ ഭീതി കൊണ്ടാണ്. എന്നാൽ, സുരക്ഷ മുന്നറിയിപ്പ്​ അനുസരിക്കാതെ ഇവിടങ്ങളിലെത്തുന്നത് വൻ അപകടം സൃഷ്​ടിക്കും. റവന്യൂ അധികൃതരും പൊലീസും ഇവിടങ്ങളിലേക്കുള്ള ജനങ്ങളുടെ അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - heavy rain disaster in kerala- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.