തിരുവനന്തപുരം: പ്രളയത്തില്‍ റോഡുകള്‍ വെള്ളത്തിനടിയിലായതോടെ കെ.എസ്.ആര്‍.ടി.സി സർവിസുകൾ തടസ്സപ്പെട്ടു. നിലവിൽ തിരുവനന്തപുരത്തുനിന്ന് എം.സി റോഡ് വഴി പന്തളംവരെ മാത്രമാണ് ബസുകൾ ഒാടുന്നത്. ദേശീയപാത വഴി എറണാകുളം വരെ ഭാഗികഗമായും. എം.സി റോഡിൽ കൂടുതൽ ബസുകൾ നൽകിയിരുന്നു. പ്രധാന ഡിപ്പോകളെല്ലാം സർവിസ് നിർത്തിയതോടെ ഇതുവഴിയുള്ള ബസുകളുടെ എണ്ണവും കുറഞ്ഞു. ഒരു മണിക്കൂർ ഇടവേളയിലാണ് ഇപ്പോൾ ബസുകൾ ഒാടുന്നത്. അതും തിങ്ങി ഞെരുങ്ങിയ നിലയിൽ. അതേസമയം, റോഡ് തടസ്സപ്പെട്ട് ടാങ്കറുകളുടെ വരവ് നിലച്ചതോടെ ഇന്ധനക്ഷാമ ഭീതി ഉയർന്നിട്ടുണ്ട്.
വ്യാഴാഴ്ച വൈകീട്ടുമുതല്‍ എറണാകുളം വഴി വടക്കോട്ടുള്ള ദീര്‍ഘദൂര ബസ് സർവിസ് പൂർണമായും തടസ്സപ്പെട്ടു. റോഡിലെ വെള്ളക്കെട്ട് കുറയാത്തതിനാല്‍ ഇതുവരെ പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. മൂന്ന് ബസുകള്‍ ഈ ഭാഗത്ത് വെള്ളം കയറി തകരാറിലായി. വെള്ളക്കെട്ട് അവഗണിച്ച് യാത്രക്കാരുമായി വൈറ്റിലയിലേക്ക് നീങ്ങിയ ബസ് വ്യാഴാഴ്ച രാത്രി ആലുവ അത്താണിയില്‍ കേടായി. ഏറെ വൈകിയാണ് യാത്രക്കാരെ മാറ്റാന്‍ കഴിഞ്ഞത്. ദുരന്തനിവാരണ സേനയാണ് ഇവരെ രക്ഷപ്പെടുത്തിയത്.
തൃശൂര്‍-എറണാകുളം പാതയിലും ബസ് സർവിസ് പൂർണമായി നിലച്ചു. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ രണ്ടു ദിവസമായി ബസുകള്‍ ഓടുന്നില്ല. മല്ലപ്പള്ളി, റാന്നി, പന്തളം ഡിപ്പോകള്‍ വെള്ളത്തില്‍ മുങ്ങി. പത്തനംതിട്ട ഡിപ്പോയില്‍ വെള്ളം കയറിയില്ലെങ്കിലും ഡിപ്പോയില്‍നിന്ന് പുറത്തേക്കുള്ള റോഡുകളില്‍ വെള്ളം നിറഞ്ഞതിനാല്‍ സര്‍വിസുകള്‍ തടസ്സപ്പെട്ടു. ആലുവ ഡിപ്പോ, ആലുവ റീജനല്‍ വര്‍ക്‌സ് എന്നിവയിലും വെള്ളം കയറി. ചെങ്ങന്നൂര്‍, കുളത്തൂപ്പുഴ ഡിപ്പോകളുടെ പ്രവര്‍ത്തനം ഭാഗികമാണ്. ഉത്തരമേഖലയിലെ മിക്ക ഡിപ്പോകളിലും ബസുകള്‍ ഭാഗികമായാണ് ഓടുന്നത്.
തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് നാഗര്‍കോവില്‍ ഭാഗത്തേക്കുള്ള ബസുകള്‍ വെള്ളിയാഴ്ച രാവിലെ നിര്‍ത്തിെവച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ മരണത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ഹര്‍ത്താലിെൻറ മറവില്‍ ആക്രമണ സാധ്യതയുണ്ടെന്ന് കാണിച്ചാണ് ബസുകള്‍ നിര്‍ത്തിവെക്കാന്‍ തമിഴ്‌നാട് പൊലീസ് ആവശ്യപ്പെട്ടത്. രാവിലെ 10ഒാടെ പുനരാരംഭിച്ചെങ്കിലും മാര്‍ത്താണ്ഡം പൊലീസ് ഇടപെട്ട് തടഞ്ഞു. തിരുവനന്തപുരം ഡിപ്പോയില്‍നിന്ന് ദുരന്തനിവാരണ സേനക്കായി 18 ബസുകള്‍ ജീവനക്കാരടക്കം വിട്ടുകൊടുത്തു. ഇതില്‍ ഒരു ബസ് തിരികെ മടങ്ങുംവഴി വെള്ളത്തില്‍പെട്ടു. തിരുവനന്തപുരം സോണില്‍ വെള്ളിയാഴ്ച 1497 ബസുകള്‍ നിരത്തിലിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.