കൊച്ചി: മഴക്കെടുതിയിൽ ജനം വലയുമ്പോൾ തിരിച്ചടിയായി അവശ്യസാധനങ്ങളുടെ ക്ഷാമവും. നഗരത്തിലെ മിക്കയിടത്തും പച്ചക്കറി, പലചരക്ക് സാധനങ്ങൾ വെള്ളിയാഴ്ച വൈകീേട്ടാടെ തീർന്നു. എറണാകുളം മാർക്കറ്റിലും പച്ചക്കറികൾ ഉച്ചയോടെ തീർന്നതായി വ്യാപാരികൾ പറഞ്ഞു. മഴ കനത്തതോടെ തമിഴ്നാട്ടിൽനിന്നടക്കം പച്ചക്കറി വരവ് നിലച്ചെന്ന് അവർ പറയുന്നു. രണ്ടുദിവസംകൂടി ഈ സ്ഥിതി തുടർന്നാൽ പച്ചക്കറികൾ തീരെ കിട്ടാതെയാകും.
നഗരത്തിലെ സൂപ്പർമാർക്കറ്റുകളിലും മാളുകളിലും രാവിലെ മുതൽ വലിയ തിരക്കായിരുന്നു. ബിസ്കറ്റ്, റസ്ക്, അരി, സോപ്പ്, സാനിറ്ററി നാപ്കിൻ, ബേബി നാപ്കിൻ എന്നിവക്കാണ് കൂടുതൽ ആവശ്യക്കാർ. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിക്കാനായാണ് ബിസ്കറ്റുകളും റസ്കുകളും നാപ്കിനുകളും കൂടുതലായും വാങ്ങുന്നത്. സന്നദ്ധ സംഘടനകളും വ്യക്തികളും രാവിലെ മുതൽ ക്യാമ്പുകളിലേക്ക് അവശ്യവസ്തുക്കൾ ശേഖരിക്കുന്നുണ്ട്. വൻതോതിൽ പച്ചക്കറികളും അരിയുമടക്കമുള്ള സാധനങ്ങൾ ക്യാമ്പുകളിൽ എത്തിച്ചിട്ടുണ്ട്.
ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമുള്ള സാധനങ്ങളാണ് ക്യാമ്പുകളിൽ ഉള്ളതെന്നും അതിൽ കൂടുതൽ ദിവസം ക്യാമ്പ് തുടർന്നാൽ ഭക്ഷണത്തിന് എന്തുചെയ്യുമെന്ന് അറിയില്ലെന്നും സന്നദ്ധ സംഘടനകൾ പറയുന്നു. വെള്ളം പൊങ്ങിയ സാഹചര്യത്തിൽ നഗരത്തിലെ മറ്റുകടകളൊന്നും തുറന്നിട്ടില്ല. ജീവനക്കാർ പലരും ക്യാമ്പുകളിൽപെട്ടതിനാൽ കട തുറക്കാൻ സാധിക്കില്ലെന്നാണ് ഉടമകൾ പറയുന്നത്.
ഓണം ലക്ഷ്യമിട്ട് കൂടുതൽ സാധനങ്ങൾ എത്തിച്ച കടയുടമകളാണ് ഇതുമൂലം ദുരിതത്തിലായത്. അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവ് മൂലം പ്രതിസന്ധിയിലാണെന്ന് ഹോട്ടൽ വ്യാപാരികളും പറഞ്ഞു. പച്ചക്കറികളും മറ്റും ലഭിക്കാത്തത് വരുംദിവസങ്ങളിൽ പ്രവർത്തനത്തെ ബാധിക്കുമെന്നാണ് ഹോട്ടലുകാർ പറയുന്നത്.ദുരിതമേഖലകളിലും നഗരത്തിലും ഇന്ധനക്ഷാമവും അതിരൂക്ഷമാണ്.വാഹനങ്ങളുടെ നീണ്ട നിരയാണ് പമ്പുകൾക്ക് മുന്നിൽ. ദിവസങ്ങൾക്കകം ഇന്ധനക്ഷാമമുണ്ടാകുമെന്ന ആശങ്കയാണ് ആളുകൾ കൂട്ടത്തോെട പമ്പുകളിലേക്കെത്തുന്നതിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.