തൃശൂർ: ചാലക്കുടിയുടെ നിലവിളി തൃശൂരിെൻറ വേദനയാവുകയാണ്. ഒറ്റപ്പെട്ട തുരുത്തുകളിൽ കുടുങ്ങിയവർക്ക് ൈകയും കണക്കുമില്ല. രക്ഷാപ്രവർത്തനം പരമാവധി നടക്കുേമ്പാഴും എത്തിപ്പെടാൻ കഴിയാത്ത പ്രദേശങ്ങൾ അനവധി. മാധ്യമ സ്ഥാപനങ്ങളിലേക്ക് ഉൾപ്പെടെ വിളിയും സന്ദേശവും നിരന്തരം വരുന്നു. ‘ഞങ്ങളിവിടെയുണ്ട്, ആരെയെങ്കിലും അറിയിക്കാമോ, ആരെങ്കിലും രക്ഷിക്കുമോ’....ൈദന്യതയാർന്ന സന്ദേശങ്ങൾ. ബാറ്ററി തീർന്ന്, മൊബൈൽ ഫോൺ പ്രവർത്തനരഹിതമായി ഒന്നു വിളിച്ചു പറയാൻ പോലും നിർവാഹമില്ലാതെ ഭീതിയോടെ കഴിയുന്നവർ വേറെ.
വ്യാഴാഴ്ച അർധരാത്രിയോടെ ചാലക്കുടിയിലേക്ക് ജലപ്രവാഹം ശക്തമായി. പട്ടണം ഇപ്പോൾ ആർക്കും അടുക്കാനാവാത്ത ഒരു തുരുത്താണ്. അതിനകത്തുതന്നെ കുറേ തുരുത്തുകൾപോലെ ചില പ്രദേശങ്ങൾ. അവിടെ കുടുങ്ങിയ അനവധി പേർ. ഇന്നലെ മൂന്നു ഹെലികോപ്ടറുകൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. ഉച്ചയോടെ 26 പേരെ രക്ഷിച്ച് തൃശൂർ കുട്ടനെല്ലൂരിൽ എത്തിച്ചു. നേവിയുടേയും ഫിഷറീസ് വകുപ്പിേൻറയും 35 ബോട്ടുകൾ രക്ഷാപ്രവർത്തനത്തിലുണ്ട്. കുണ്ടൂരിൽ ഒേട്ടറെപ്പേരെ പാർപ്പിച്ച ദുരിത്വാശ്വാസ ക്യാമ്പിൽ വെള്ളം കയറി. മറ്റൊരിടത്ത് 50 പൊലീസുകാർതന്നെ കുടുങ്ങി. സെൻറ് െജയിംസ് ആശുപത്രിയും നഴ്സിങ് സ്കൂളും പ്രളയത്തിലകപ്പെട്ടു. ഇൗ പ്രളയത്തിെൻറയും ഒറ്റപ്പെടലിെൻറയും രക്തസാക്ഷികളായി കണ്ണമ്പുഴയിലെ ഏലിക്കുട്ടിയും മകൻ ആൻസണും. ഇന്നലെ രാവിലെ വീടു തകർന്നാണ് അവർ മരിച്ചത്.
ചാലക്കുടിയിലേക്ക് പ്രവേശിക്കാൻ ഇപ്പോൾ പോട്ട-പനമ്പിള്ളി കോളജ്-ചൗക്ക-പള്ളി-വെള്ളിക്കുളം റോഡ് മാത്രം. ഇൗ വഴിയിലാകെട്ട പലായനം ചെയ്യുന്നവരുടെ തിരക്കാണ്. ടൗൺ മുങ്ങിക്കിടക്കുന്നു. വ്യാപാര സ്ഥാപനങ്ങളില്ല, വാഹനങ്ങളില്ല. അവശ്യ സാധനങ്ങൾ കിട്ടാതെ അനുഭവിക്കുന്ന ദുരിതമാണ് മറ്റൊന്ന്. താഴ്ന്ന പ്രദേശങ്ങളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളെല്ലാം വെല്ലുവിളി നേരിടുകയാണ്. ഹെലികോപ്ടറിൽ രക്ഷപ്പെടുത്തുന്നതിനു പുറമെ ഭക്ഷണവും എത്തിക്കുന്നുണ്ട്. പക്ഷെ, അത് കിട്ടാത്തവർ അനവധിയുണ്ടെന്ന് മനസ്സിലാക്കുന്നുവെന്ന് കലക്ടർ ടി.വി. അനുപമ പറയുന്നു. ഇടമലയാറിെൻറയും ഇടുക്കിയുടെയും ആളിയാറിെൻറയും ജലപ്രവാഹം വന്നു പതിച്ച് നിലയില്ലാക്കയത്തിൽ അകപ്പെട്ട അവസ്ഥയിലാണ് ചാലക്കുടി.
മഴ തൃശൂരിൽ
*കുറാഞ്ചേരി ഉരുൾപൊട്ടൽ: ആറ് മൃതദേഹം കൂടി കണ്ടെടുത്തു
*ചാലക്കുടിയിൽ വീടിടിഞ്ഞ് അമ്മയും മകനും മരിച്ചു
*കൊടുങ്ങല്ലൂർ ആല ഗോതുരുത്തിൽ യുവാവ് മുങ്ങി മരിച്ചു
കാഞ്ഞിരശേരിയിൽ ഉരുൾപൊട്ടൽ: ഒരാൾ മരിച്ചു
*ദേശമംഗലം പള്ളം ഉരുൾപൊട്ടൽ:ഒരു മൃതദേഹം കൂടി കണ്ടെടുത്തു.
*ഒറ്റപ്പെട്ട് ആയിരങ്ങൾ
*തൃശൂർ-പാലക്കാട് ദേശീയപാത അടഞ്ഞുതന്നെ
*തൃശൂരിൽനിന്ന് ഷൊർണൂർ, കോഴിക്കോട്, ഗുരുവായൂർ, എറണാകുളം റൂട്ടിലും ബസ് സർവീസില്ല
*ട്രെയിൻ ഗതാഗതവും സ്തംഭനത്തിൽ
*ചാലക്കുടിയിൽ കൂടുതൽ കോപ്റ്ററും ബോട്ടും
ചാലക്കുടിയിൽ വീടിടിഞ്ഞ് അമ്മയും മകനും മരിച്ചു; കൊടുങ്ങല്ലൂരിൽ യുവാവ് മുങ്ങിമരിച്ചു
ചാലക്കുടി/കൊടുങ്ങല്ലൂർ: പ്രളയക്കെടുതിയിൽപെട്ട ചാലക്കുടിയിൽ വീട് തകർന്നു വീണ് അമ്മയും മകനും മരിച്ചു. കൊടുങ്ങല്ലൂർ ആല ഗോതുരുത്തിൽ യുവാവ് മുങ്ങിമരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ചാലക്കുടി കണ്ണമ്പുഴയിൽ വീട് തകർന്നത്. കോട്ടാറ്റ് കണ്ണമ്പുഴ ഏലിക്കുട്ടിയും (75) മകൻ ആൻസണുമാണ് (45) മരിച്ചത്. ജോജോ എന്ന ആൻസൺ ചാലക്കുടിയിൽ പ്ലാസ്റ്റിക് സാമഗ്രികളുടെ വ്യാപാരിയാണ്. ഇവർ താമസിച്ച വീട് വെള്ളക്കെട്ടിലാണ്. വീടിന് കാലപ്പഴക്കമില്ല. മൂന്നു ദിവസമായി വെള്ളത്തിൽ അകപ്പെട്ടു കിടക്കുന്ന വീട് ദുർബലമായതായിരിക്കും കാരണമെന്ന് കരുതുന്നു. ദുരന്തം ഏറ്റവുമധികം ബാധിച്ച ചാലക്കുടിയിൽ ഇതുപോലെ നിരവധി കുടുംബങ്ങൾ രക്ഷാപ്രവർത്തകരെ കാത്തുകഴിയുന്നുണ്ട്.
ഏലിക്കുട്ടിയെയും അമ്മയെയും തകർന്ന വീടിെൻറ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രി വെള്ളക്കെട്ടിൽ അകപ്പെട്ടതിനാൽ കുഴിക്കാട്ടുശ്ശേരിയിലെ മറിയം തെരേസ ആശുപത്രിയിലേക്കാണ് ഇവരെ കൊണ്ടുപോയത്. അവിടെ എത്തുേമ്പാേഴക്കും മരിെച്ചന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇവരോടൊപ്പമുണ്ടായിരുന്ന ഒരാളെ പരിക്കുകളോടെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലേക്ക് മാറ്റി.
ആല ഗോതുരുത്തിൽ പനങ്ങാട്ടയിൽ ശരത്താണ് (30) മുങ്ങിമരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് ദുരന്തം. കനോലി കനാൽ കര കവിഞ്ഞ പ്രദേശമാണിത്. ഇവിടെ റോഡിൽ കഴുത്തിനൊപ്പം വെള്ളം ഉയർന്നിട്ടുണ്ട്. ആല വാസുദേവ വിലാസം ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ശരത്ത് വസ്ത്രങ്ങളെടുക്കാൻ വീട്ടിലേക്ക് നീന്തിപ്പോകുേമ്പാഴാണ് ഒഴുക്കിൽപെട്ട് മുങ്ങിയത്.
കുറാഞ്ചേരി ഉരുൾപൊട്ടൽ; ആറ് മൃതദേഹങ്ങൾ കൂടി കണ്ടെത്തി
വടക്കാഞ്ചേരി: നാടിനെ നടുക്കിയ കുറാഞ്ചേരി ഉരുൾപൊട്ടലിൽ ആറു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. കുറാഞ്ചേരി മുണ്ടപ്ലാക്കൽ പൗലോസിെൻറ മകൻ ഷാജി (56), പച്ചക്കറി കട ഉടമ കുറാഞ്ചേരി കുന്നുംകുഴി അയ്യപ്പൻ നായരുെട മകൻ മോഹനൻ (52), ഭാര്യ ആശ (45), കഴിഞ്ഞ ദിവസം മരിച്ച ജെൻസെൻറ മക്കളായ മോസസ് (10), അനോഘ് (7), സുമിയുടെ പിതാവ് ഫ്രാൻസിസ് (65) എന്നിവരുടെ മൃതദേഹമാണ് വെള്ളിയാഴ്ച കണ്ടെത്തിയത്. ഇതോടെ കുറാഞ്ചേരി ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 18 ആയി. ജെൻസെൻറ ഭാര്യ സുമിതക്കായി തെരച്ചിൽ തുടരുകയാണ്.
കുറാഞ്ചേരി പാറക്കോട്ടിൽ സജി (42), ഭാര്യ ജോളി (33), മക്കളായ മെൽവിൻ (ഒമ്പത്), കാതറിൻ (ആറ്), ബൈക്ക് യാത്രികനായ ബാലകൃഷ്ണൻ (50),മറ്റൊരു യാത്രികനായ വിനോദ് (29) എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇതിൽ സാരമല്ലാത്ത പരിക്കേറ്റ വിനോദ് പ്രാഥമിക ശുശ്രൂഷക്ക് ശേഷം വ്യാഴാഴ്ച തന്നെ ആശുപത്രി വിട്ടിരുന്നു. കഴിഞ്ഞ 25 മണിക്കൂറിൽ അധികമായി സംസ്ഥാനപാതയിൽ ഗതാഗതം തടസ്സെപ്പട്ടിരിക്കുകയാണ്.
വ്യാഴാഴ്ച രാത്രി 9.30 വരെയാണ് തിരച്ചിൽ തുടർന്നത്.വെള്ളിയാഴ്ച രാവിലെ 7.45ന് തിരച്ചിൽ വീണ്ടും തുടങ്ങി. അഞ്ചുവീടും തട്ടുകട അടക്കം മൂന്നുകടകളും പൂർണമായി തകർന്നു. വ്യാഴാഴ്ച്ച രാവിലെ 6.45ഒാടെയാണ് പത്താഴക്കുണ്ട് ഡാമിലേക്കുള്ള റോഡിൽ ഇടതുവശത്തായി ശക്തമായ ഉരുൾപൊട്ടൽ ഉണ്ടായത്. മണ്ണ് ശക്തമായി ഇടിഞ്ഞുവീണ് ഇൗ ഭാഗത്തെ നാലുവീടുകളും മൂന്നുകടകളും പൂർണമായി തകർന്നു. ഇൗ വീടുകളിൽ കഴിഞ്ഞവരാണ് മരിച്ചവരും കാണാതായവരും പരിക്കേറ്റവരും. കനത്ത മണ്ണിടിച്ചിലിൽ ഇൗ വീടുകൾ പൂർണമായി തകർന്ന് ഒലിച്ചുപോവുകയായിരുന്നു.
ഉരുൾപൊട്ടലിെൻറ ആഘാതത്തിൽ റോഡിെൻറ അപ്പുറത്തെ ഭാഗത്തുള്ള വീടിെൻറ മുൻവശവും തകർന്നു. വലിയ മുഴക്കത്തോടെ വൻമരങ്ങളും, പാറക്കല്ലുകളും കൂട്ടത്തോടെ താഴേക്ക് പതിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് ആർമിയുടെ പ്രത്യേക സംഘമെത്തിയിട്ടുണ്ട്. സിറ്റി പൊലീസ് കമീഷണർ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
മഴക്ക് നേരിയ ശമനം; രക്ഷാപ്രവർത്തനം ഉൗർജിതം
വ്യാഴാഴ്ച ഉരുൾപൊട്ടലുണ്ടായ വടക്കാഞ്ചേരി കുറാഞ്ചേരിയിൽ ആറു മൃതദേഹംകൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ 18 ആയി. ഒരാൾക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്. ദേശമംഗലം പള്ളം കൊറ്റമ്പത്തൂരാണ് വ്യാഴാഴ്ച ഉരുൾപൊട്ടിയ മറ്റൊരു പ്രദേശം. ഒരാളുടെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച രണ്ട് മൃതദേഹം കണ്ടെത്തിയിരുന്നു. കാണാതായ ഒരാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.
വെള്ളിയാഴ്ച ചാലക്കുടിയിൽ വീട് ഇടിഞ്ഞുവീണ് വയോധികയായ അമ്മയും മകനും മരിച്ചു. െകാടുങ്ങല്ലൂർ ആല ഗോതുരുത്തിൽ യുവാവ് മുങ്ങി മരിച്ചു.മുള്ളൂർക്കര കാഞ്ഞിരശ്ശേരിയിൽ ഉരുൾപൊട്ടി മണ്ണിനടിയിൽപെട്ട് യുവാവ് മരിച്ചു. മുള്ളൂർക്കര കാഞ്ഞിരശ്ശേരി ചക്ക്യാത്ത് എഴുത്തച്ഛൻ വീട്ടിൽ ശിവശങ്കരെൻറ മകൻ രാധാകൃഷ്ണനാണ് (38) മരിച്ചത്. ഒറ്റപ്പെട്ടുപോയ ചാലക്കുടിയിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ പ്രവർത്തനം ഉൗർജിതമാണ്. ഇന്നലെ രണ്ട് കോപ്ടർ രക്ഷാപ്രവർത്തനത്തിനും ഒരു കോപ്ടർ ഭക്ഷണ വിതരണത്തിനും എത്തിച്ചു. കോപ്ടറിൽ ഒഴിപ്പിച്ചവരെ തൃശൂർ കുട്ടനെല്ലൂരിലെ ക്യാമ്പിൽ എത്തിച്ചു. അതേസമയം, രക്ഷാപ്രവർത്തകരെയും ഭക്ഷണവും കാത്ത് ഇനിയും ആയിരക്കണക്കിനാളുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ട്.
ചാലക്കുടിയെപ്പോലെ തൃശൂർ നഗരവും ഒറ്റപ്പെട്ട അവസ്ഥ തുടരുകയാണ്. തൃശൂരിൽനിന്ന് പാലക്കാട്, കോഴിക്കോട്, ഗുരുവായൂർ, എറണാകുളം, ഷൊർണൂർ എന്നിവിടങ്ങളിലേക്കുള്ള പാതകളെല്ലാം അടഞ്ഞുതന്നെ. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ് ഒരാൾ മരിച്ച മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലെ കുതിരാനിൽ മണ്ണു മാറ്റൽ തുടരുകയാണ്. ഗതാഗതം സുഗമമാവാൻ ഇനിയും ദിവസമെടുക്കും. പാലിയേക്കര, കൊടകര, ചാലക്കുടി എന്നിവിടങ്ങളിൽ റോഡിൽ വെള്ളം കയറിയതാണ് എറണാകുളവുമായുള്ള ബന്ധം മുറിച്ചത്. ട്രെയിൻ ഗതാഗതവും പുനരാരംഭിച്ചിട്ടില്ല. കോഴിക്കോട് റോഡിൽ കേച്ചേരി-ചൂണ്ടൽ ഭാഗത്ത് വിള്ളൽ പ്രത്യക്ഷപ്പെട്ടു.
സ്വകാര്യ ബസുകളും ഒാടുന്നില്ല. ഇന്ധനക്ഷാമം രൂക്ഷമാണ്. കടകൾ തുറക്കുന്നില്ല. നിത്യോപയോഗ സാധനങ്ങൾക്ക് ക്ഷാമം നേരിടുന്നുണ്ട്. ജീവനക്കാർക്ക് എത്താൻ കഴിയാത്തത് ആശുപത്രികളുടെ സേവനത്തെപ്പോലും ബാധിക്കുന്നുണ്ട്.
ചാലക്കുടി നഗരവും പരിസരങ്ങളും മുങ്ങി
ചാലക്കുടി: പുഴയിൽനിന്ന് വെള്ളം കയറി ചാലക്കുടി നഗരമാകെ വെള്ളക്കെട്ടിലായി. സൗത്ത് ജങ്ഷൻ മുതൽ നോർത്തും കടന്ന് ആശ്രമം ജങ്ഷൻ വരെ മുേട്ടാളം വെള്ളത്തിലാണ്. ചാലക്കുടി ബസ് സ്റ്റാൻഡ്, ചന്ത തുടങ്ങി പ്രധാന സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. നഗരസഭയുടെ 70 ശതമാനം പ്രദേശവും മുങ്ങി. സമീപ പഞ്ചായത്തുകളായ പരിയാരം, കൊരട്ടി, കാടുകുറ്റി എന്നിവിടങ്ങൾ 80 ശതമാനവും വെള്ളത്തിലാണ്. വ്യാഴാഴ്ച രാവിലെ മുതൽ പുഴയിൽ നിന്ന് വെള്ളം ഉയർന്ന് മാർക്കറ്റ് റോഡിലൂടെയും വെട്ടുകടവ് റോഡിലൂടെയും ഷാപ്പ് റോഡിലൂടെയും നഗരത്തിലേക്ക് ഒഴുകി എത്തിയതാണ് വിനയായത്.
വെള്ളം ശക്തമായി നഗരഹൃദയമായ മെയിൻ റോഡിലേക്ക് എത്തുകയും കോൺവൻറ് കടിച്ചീനി റോഡിലൂടെ പോസ്റ്റ് ഒാഫിസിന് സമീപം റെയിൽവേ സ്റ്റേഷനിൽ എത്തി. ആട്ടതോട് ജങ്ഷൻ നിറഞ്ഞൊഴുകി. ദേശീയ പാതയിലേക്ക് മുട്ടുന്ന ട്രാംവേ റോഡ് മുങ്ങിപ്പോയി. മാള റോഡിൽ കാർമൽ സ്കൂൾ, എസ്.എച്ച് കോളജ്, േകാട്ടാറ്റ്, അണ്ണല്ലൂർ പഴയതോട് ഭാഗം എന്നിവിടങ്ങളിൽ വെള്ളം പൊങ്ങി. കെ.എസ്.ആർ.ടി.സി റോഡ്, പഴയ ദേശീയപാത ഇടിക്കൂട് പാലം വരെ വെള്ളം എത്തി. തൃശൂർ ഭാഗത്ത് നിന്ന് ചാലക്കുടിയിൽ എത്താനുള്ള ഏക മാർഗം കോട്ട പനമ്പിള്ളി റോഡിലൂടെ വളഞ്ഞ് ചൗക്ക വഴി വെള്ളിക്കുളം റോഡാണ്. എങ്കിലും ചാലക്കുടി എത്താനാവില്ല.
കൂടപ്പുഴ വഴി വളഞ്ഞുപോയി നോർത്ത് വരെ എത്താം. വെള്ളിയാഴ്ച ഉച്ചയോടെ വെള്ളം പിൻവാങ്ങുന്ന ലക്ഷണം പ്രകടമാക്കിയിട്ടുണ്ടെങ്കിലും വൈകീട്ട് മഴ ഉരുണ്ടുകൂടിയതോടെ ജനം ആശങ്കയിലാണ്. വ്യാഴാഴ്ച വൈകീേട്ടാടെ പലരും വീട് വിടുകയും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കും ബന്ധുവീടുകളിലേക്കും മാറി. കോട്ടാറ്റ്, മൂഞ്ഞേലി, തച്ചിടപ്പറമ്പ്, പോൾസൻ നഗരം, തോട്ടവീതി, സി.എം.എസ് സ്കൂൾ, കാർമൽ സ്കൂൾ, എസ്.എച്ച് കോളജ് ഹൗസിങ് ബോർഡ് കോളനി, ചേനത്ത്നാട്, താലൂക്ക് ആശുപത്രി പരിസരം, വെട്ടുകടവ്, ആറാട്ടുകടവ്, പൂങ്കുടിപാടം, ആര്യങ്കാല പള്ളി പരിസരം, സെൻറർ തുടങ്ങിയവ വെള്ളക്കെട്ടിലാണ്.
കുടുങ്ങി കിടക്കുന്നത് ആയിരങ്ങൾ
തൃശൂർ: ജില്ലയുടെ വിവിധ മേഖലകളിൽ വൃദ്ധരും ഗർഭിണികളും രോഗികളും കുട്ടികളും അടക്കം ആയിരങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. ഭക്ഷണവും വെള്ളവും ലഭിക്കാെത വീടിന് മുകളിൽ രക്ഷാപ്രവർത്തകരെ തേടി മണിക്കൂറുകളായി കാത്തിരിക്കുകയാണ് ഇവർ.
ചേനത്തുനാട്, ചാലക്കുടി എന്നിവിടങ്ങളിലടക്കം ഏറെ പേരാണ് കുടങ്ങിക്കിടക്കുന്നത്. ജാഗ്രത നിർദേശം അവഗണിച്ച് വീടുകളിൽ കഴിഞ്ഞവരാണ് ചാലക്കുടിയിൽ കുടുങ്ങിയത്.
വെള്ളിയാഴ്ച്ച രാവിലെ തന്നെ ദുരിതാശ്വാസ ക്യാമ്പുകളിൽ ഉള്ളവർക്ക് ഹെലികോപ്ടറിൽ ഭക്ഷണം വിതരണം ചെയ്തിരുന്നു. കുടുങ്ങിയ ഏറെപ്പേരെ തൃശൂർ കേരളവർമ കോളജിലേക്കും കുട്ടനെല്ലൂർ ഗവ.കോളജിലേക്കും മാറ്റി.
എറണാകുളം ജില്ലയോട് അതിർത്തി പങ്കിടുന്ന മാളയിൽ നിരവധിപേരാണ് ആശ്വാസത്തിനായി കാത്തിരിക്കുന്നത്. അടുത്ത പ്രദേശമായ അന്നമനട, പൂപ്പത്തി, പറപ്പൂക്കര, പാവറട്ടി, ഒല്ലൂരിനടുത്തുള്ള കൈനൂർ, എന്നിവിടങ്ങളിലും സമാന സാഹചര്യം. ആമ്പലൂർ, മറ്റത്തൂർ, കൊടകര അടക്കം മലയോരമേഖലയും ഒറ്റപ്പെട്ടു.
മരണം ഒഴുകിപ്പോയി; സ്നേഹം സാഹസികമായി കരകയറി
മാള: രക്ഷാപ്രവർത്തനത്തിന് പോകുന്നതിനിടെ ഒഴുക്കിൽപെട്ട വാഹനത്തിൽനിന്ന് അഞ്ച് യുവാക്കളെ സാഹസികമായി രക്ഷപ്പെടുത്തി. പൊയ്യ പഞ്ചായത്ത് ഡ്രൈവർ ഷാജി, മംഗലശേരി അബ്ദുൽ ഖാദർ, ബാബു മംഗലത്ത്, കണ്ണൻകുട്ടി വാസു, മില്ലേനിയം സ്ട്രീറ്റ് ജോജോ എന്നിവരാണ് ആറ് മണിക്കൂറിനു ശേഷം ജീവിതത്തിലേക്ക് തിരികെയെത്തിയത്. വൈദ്യുതി കമ്പി വഴി തൂങ്ങിയെത്തിയ താണിക്കാട് മണന്തറ സജീവനാണ് (40) ഇവരുടെ രക്ഷകനായത്.
വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. കഴിഞ്ഞ രാത്രി മാള ചാൽ കവിഞ്ഞൊഴുകിയിരുന്നു. കൊടകര-കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലൂടെ ഭീതിജനകമായാണ് ചാൽ ഒഴുകി. തോണി കൊണ്ടുവരുന്നതിന് ശക്തമായ ഒഴുക്കിനെ വകവെക്കാതെ ടിപ്പർ ലോറിയിലാണ് ഇവർ അഞ്ച് പേർ പുറെപ്പട്ടത്. മറുകര കടക്കാനുള്ള ശ്രമത്തിനിടെ ലോറി നിന്നു. ലോറി മുന്നോട്ടെടുക്കാനുള്ള ശ്രമം വിജയിച്ചില്ല. കുടുങ്ങിപ്പോയ ഇവരെ രക്ഷിക്കുന്നതിന് നാട്ടുകാർ ശ്രമം നടത്തി. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കയർകെട്ടി ഇവരുടെ അടുത്തെത്താനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് നേവിയുടെ സഹായം തേടി. മണിക്കൂറുകൾക്ക് ശേഷം നേവിയുടെ ഹെലികോപ്ടർ അപകടസ്ഥലത്തിന് മുകളിലൂടെ പലവട്ടം പറന്നുവെങ്കിലും ഇറങ്ങാനായില്ല. ദൗത്യം പരാജയപ്പെട്ടതോടെയാണ് താണിക്കാട് സ്വദേശി സജീവൻ വൈദ്യുതി തൂണിൽ പിടിച്ചു കയറി കമ്പിയിൽ തൂങ്ങിയത്.
ഇത് അപകടമാണെന്ന് കണ്ട് ആൾകൂട്ടം ഇയാളെ തടഞ്ഞു. പക്ഷെ ഉച്ചക്ക് 12ന് ശേഷം വീണ്ടും സജീവൻ ശ്രമം നടത്തി. സുഹൃത്ത് മുരളിയും സഹായത്തിന് എത്തി. ഇരുവരും വടവും ലൈഫ് ജാക്കറ്റുകളുമായി വൈദ്യുതി തൂണിൽ കയറി. കമ്പിയിൽ തൂങ്ങിയും ചവിട്ടിയും 200 മീറ്റർ ദൂരെയുള്ള ടിപ്പർ ലോറിക്ക് സമീപം എത്തി. വടത്തിെൻറ ഒരു ഭാഗം ടിപ്പർ ലോറിയിലേക്ക് എറിഞ്ഞുനൽകി. തുടർന്ന് അഞ്ചുപേരും കരയിലെത്തി. അതിസാഹസികമായി രക്ഷാപ്രവർത്തനം നടത്തിയ സജീവനെ നാട്ടുകാർ അഭിനന്ദിച്ചു.
മരുമകളുടെ വിവാഹച്ചടങ്ങിന് പോകാനാവാതെ ട്രാൻ. ബസിൽ കുടുങ്ങി
തൃശൂർ: ബുധനാഴ്ച കോയമ്പത്തൂരിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കയറിയതാണ് ജീവനും ഭാര്യയും സഹോദരിയും. കൂടെ കുട്ടികളുമുണ്ട്. അടൂർ ഏഴംകുളത്ത് ശനിയാഴ്ച സഹോദരിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പെങ്കടുക്കേണ്ടവരാണിവർ. കഴിഞ്ഞ രണ്ടു ദിവസമായി തൃശൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ കുടുങ്ങിയ ഇവർ തങ്ങൾ വന്ന കോയമ്പത്തൂർ-കൊട്ടാരക്കര സൂപ്പർ ഫാസ്റ്റിൽ തന്നെയാണ്.
കഴിഞ്ഞ രണ്ടു ദിവസമായി ബസിൽ തന്നെയാണ് ഉറക്കം. പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നത് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിൽ. കാൻറീനിൽ നിന്ന് ഭക്ഷണവും. സ്റ്റാൻഡിൽ എത്തിപ്പെട്ടത് ആശ്വാസമായെന്ന് കരുതുേമ്പാൾ തന്നെ ജീവെൻറ ഉള്ള് പിടക്കുകയാണ്. അമ്മാവെൻറ സ്ഥാനത്തു നിന്ന് ചെയ്യേണ്ട ചടങ്ങുകൾക്ക് എങ്ങനെ എത്തുമെന്നാണ് കോയമ്പത്തൂരിൽ ഡ്രൈവറായ ജീവെൻറ ആധി.
സഹോദരി മഞ്ജുവും വലിയ മാനസിക സമ്മർദത്തിലാണ്. വിവാഹച്ചടങ്ങിനെത്താൻ വളരെ ആഹ്ലാദത്തോടെ പുറപ്പെട്ട് നടുവഴിയിലായ ദുഃഖത്തിലാണ് മഞ്ജു. ഞായറാഴ്ചയാണ് വിവാഹം. ശനിയാഴ്ച പ്രധാന ചടങ്ങായ വിരുന്നുമുണ്ട്. ജീവെൻറ ഭാര്യ ശാന്തിനി, മകൾ 12 കാരി സുകന്യ, മഞ്ജുവിെൻറ മകൾ രണ്ടര വയസ്സുകാരി ജ്യോബിക എന്നിവരും ഒപ്പമുണ്ട്. രണ്ടു ദിവസമായി രാത്രി കൊതുക് കടിയേറ്റ് ബസിൽ കഴിയുന്ന ഇവർക്ക് ശരിക്ക് ഉറങ്ങാൻ കഴിയാത്ത പ്രശ്നങ്ങളുമുണ്ട്.
ബസിൽ ഇവർ മാത്രമല്ല. കോയമ്പത്തൂരിൽ നിന്നും വഴിയിൽ നിന്നും കയറിയ യാത്രക്കാരുമുണ്ട്. രണ്ട് ദിവസമായി ഇവരുടെ താമസവും ബസിൽ തന്നെ. കുതിരാനിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഷൊർണൂരിൽ നിന്ന് ബസ് കയറിയവരുമുണ്ട്. മൂകാംബിക േക്ഷത്ര ദർശനം കഴിഞ്ഞ് ട്രെയിനിൽ ഷൊർണൂരിൽ ഇറങ്ങിയ രാജീവും ഭാര്യ ശ്രീലക്ഷ്മി, മക്കളായ സിദ്ധാർഥ്, ദേവദത്ത്, പ്രണവ്, ശ്രീലക്ഷ്മിയുടെ സഹോദരി ജ്യോതി തുടങ്ങിയവർ ട്രെയിൻ ഷൊർണൂരിൽ സർവിസ് നിർത്തിയതിനെ തുടർന്നാണ് ബസിൽ കയറിയത്.
മുംബൈയിൽ നിന്ന് ട്രെയിനിൽ വന്ന മേരിക്കുട്ടിയും മകൻ ബ്ലെസ്ഡ് തോമസും ഇൗ ബസിൽ കുടുങ്ങിയത് ഇതുപോലെ തന്നെയാണ്. ഏതാണ്ട് 50 യാത്രക്കാരാണ് ഇങ്ങനെ ബസിൽ താമസമാക്കിയത്. അടൂർ, കോട്ടയം, തിരുവല്ല, കൊട്ടാരക്കര എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.