കൊച്ചി: ശബരിമലയിൽ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കൃത്യമായ ഭക്ഷ്യസുരക്ഷ ഓഡിറ്റ് നടത്തണമെന്നും ഹൈകോടതി. പമ്പയിലെ ലാബിൽ ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളുമനുസരിച്ചുള്ള പരിശോധനക്ക് മതിയായ സൗകര്യമില്ലെന്ന് ബോധ്യപ്പെട്ടെന്ന വിലയിരുത്തലോടെയാണ് ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അരവണയിൽ ചേർക്കുന്ന ഏലക്കയിൽ കീടനാശിനി സാന്നിധ്യം പരിധിയിൽ കൂടുതലുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നിർദേശം.
ഹൈകോടതി നിർദേശ പ്രകാരം നടത്തിയ പരിശോധനയിൽ ഏലക്കയിൽ സുരക്ഷിതമല്ലാത്ത അളവിൽ കീടനാശിനി കണ്ടെത്തിയിരുന്നു. ഈ ഏലക്ക ഒഴിവാക്കി അരവണ നിർമിച്ച് വിതരണം ചെയ്യാൻ ഉത്തരവും പുറപ്പെടുവിച്ചു. ഇതിന് പിന്നാലെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ഹൈകോടതി സ്വമേധയ എടുത്ത ഹരജിയിലാണ് സുരക്ഷ ഓഡിറ്റിന് നിർദേശിച്ചത്. ദേവസ്വം കമീഷണർ, ഭക്ഷ്യസുരക്ഷ കമീഷണർ, കേന്ദ്ര ഭക്ഷ്യ സുരക്ഷ അതോറിറ്റി തുടങ്ങിയവരെ ഹരജിയിൽ കക്ഷി ചേർക്കാനും നിർദേശിച്ചു. ഹരജികൾ ജനുവരി 24ന് പരിഗണിക്കാൻ വീണ്ടും മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.