കൊല്ലം: കൈവശഭൂമിയുടെ ഉടമാവകാശം തങ്ങള്‍ക്കല്ളെന്നും വിദേശകമ്പനികള്‍ക്കാണെന്നും ഹാരിസണ്‍സ് മലയാളം കമ്പനിയുടെ വെളിപ്പെടുത്തല്‍. 2015-16 സാമ്പത്തികവര്‍ഷത്തെ കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. കമ്പനിക്കെതിരെ ഹൈകോടതിയില്‍ നിലവിലുള്ള കേസില്‍ സര്‍ക്കാര്‍ വാദിച്ചുവരുന്ന കാര്യങ്ങള്‍ കമ്പനിതന്നെ ശരിവെക്കുകയാണ്. കൈവശഭൂമിയുടെ ആധാരങ്ങള്‍ മലയാളം പ്ളാന്‍േറഷന്‍സ്, ഹാരിസണ്‍സ് ആന്‍ഡ് ക്രോസ് ഫീല്‍ഡ് എന്നീ കമ്പനികളുടെ പേരിലുള്ളതാണെന്നാണ് വാര്‍ഷികറിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ വാദിക്കുന്നതും അതാണ്.
റിപ്പോര്‍ട്ടിന്‍െറ 60ാം പേജില്‍ ഓഡിറ്റര്‍മാര്‍ പറയുന്നത് ഇങ്ങനെ. ‘റിപ്പോര്‍ട്ടിന്‍െറ 10ാംനമ്പര്‍ കുറിപ്പില്‍ പറഞ്ഞിട്ടുള്ള വസ്തുവകകളെക്കുറിച്ച് കമ്പനി ഞങ്ങള്‍ക്ക് നല്‍കിയ വിവരങ്ങളും വിശദീകരണങ്ങളും അനുസരിച്ചും നല്‍കിയ രേഖകള്‍ അനുസരിച്ചും വസ്തുവകകളുടെ ആധാരങ്ങള്‍ മലയാളം പ്ളാന്‍േഷന്‍സ് ലിമിറ്റഡ്, ഹാരിസണ്‍സ് ആന്‍ഡ് ക്രോസ് ഫീല്‍ഡ് ലിമിറ്റഡ് എന്നിവയുടെ പേരിലുള്ളതാണ്. ഭൂമി, കെട്ടിടങ്ങള്‍ എന്നിവയിനത്തില്‍ ഹാരിസണ്‍സിന് സ്വന്തമായുള്ളത് (നെറ്റ് ഗ്രോസ്) 32.10 ലക്ഷം രൂപയുടെ ആസ്തിയാണ്’.
റിപ്പോര്‍ട്ടിന്‍െറ 10ാം നമ്പര്‍ കുറിപ്പില്‍ പറയുന്നത് കമ്പനിക്ക് കേരളത്തിലെ 22 എസ്റ്റേറ്റുകളും തമിഴ്നാട്ടിലെ രണ്ട് എസ്റ്റേറ്റുകളുമായി 57,642.39 ഏക്കര്‍ ഭൂമിയുടെ കണക്കാണ്. കേരളത്തില്‍ പല സ്ഥലങ്ങളിലായി പ്രവര്‍ത്തിച്ചിരുന്ന ബ്രിട്ടീഷ് കമ്പനികള്‍ ലയിച്ച് 1908ലെ ഇംഗ്ളീഷ് കമ്പനീസ് (കണ്‍സോളിഡേഷന്‍) ആക്ട് അനുസരിച്ച് 1911 ജനുവരിയില്‍ രൂപവത്കരിച്ച കമ്പനിയാണ് ഹാരിസണ്‍സ് ആന്‍ഡ് ക്രോസ് ഫീല്‍ഡ് ലിമിറ്റഡ് (യു.കെ). 1921ല്‍ രൂപം കൊണ്ടതാണ് മലയാളം പ്ളാന്‍േറഷന്‍സ് ലിമിറ്റഡ് (യു.കെ) എന്ന കമ്പനി.
1984ല്‍ പിറവികൊണ്ടതാണ് ഇന്നത്തെ ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് (എച്ച്.എം.എല്‍) എന്ന കമ്പനി. പഴയ ബ്രിട്ടീഷ് കമ്പനികളുടെ വസ്തുവകകള്‍ക്ക് 1984ല്‍ പിറവികൊണ്ട കമ്പനിക്ക് അവകാശമില്ളെന്നാണ് സര്‍ക്കാര്‍ ഹൈകോടതിയില്‍ വാദിച്ചുവരുന്നത്. ഹാരിസണ്‍സ് കമ്പനി വാദിച്ചുവന്നത് പഴയ കമ്പനികളുടെ പിന്തുടര്‍ച്ചക്കാരാണ് തങ്ങളെന്നും അതിനാല്‍ അവരുടെ ഭൂമി കൈവശം വെക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നുമായിരുന്നു. പഴയ കമ്പനികള്‍ ഭൂമി കൈമാറിയതായി രേഖകളുണ്ടെന്നും ഹാരിസണ്‍സ് അവകാശപ്പെട്ടിരുന്നു.
ഇതില്‍ നിന്നെല്ലാം കമ്പനി ഇപ്പോള്‍ പിറകോട്ട് പോയിരിക്കുകയാണ്. വിദേശനാണ്യവിനിമയ നിയന്ത്രണചട്ടം ലംഘിച്ചു എന്ന കാരണത്താല്‍തന്നെ ഭൂമി മുഴുവന്‍ സര്‍ക്കാറിന് ഏറ്റെടുക്കാന്‍ വഴിയൊരുങ്ങുകയാണ്. കമ്പനി അവകാശപ്പെടുന്നത് അരലക്ഷത്തോളം ഏക്കര്‍ ഭൂമിയാണെങ്കിലും കൈവശം ഒരു ലക്ഷം ഏക്കറിലേറെ ഭൂമിയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.