പരിശോധനയുടെ പേരിൽ പീഡനം; സർവിസ് നിർത്തുമെന്ന് ബസുടമകൾ

തൃശൂർ: വടക്കഞ്ചേരി ബസപകടത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി ഗതാഗത വകുപ്പ് നടത്തുന്ന പരിശോധനക്കെതിരെ സ്വകാര്യ ബസുടമകൾ. ഉദ്യോഗസ്ഥ പീഡനം തുടർന്നാൽ ബസ് സർവിസ് നിർത്തി വെക്കാൻ നിർബന്ധിതമാകുമെന്ന് ബസ് ഓപറേറ്റേഴ്സ്‌ ഫെഡറേഷൻ സ്റ്റിയറിങ് കമ്മിറ്റി യോഗം മുന്നറിയിപ്പ് നൽകി.

സ്പീഡ് ഗവർണർ ഇല്ലാത്തതും ലഹരി ഉപയോഗിച്ച് ബസ് ഓടിക്കുന്നതുമടക്കം വിവിധ നിയമ ലംഘനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തി പിടികൂടിയിട്ടുണ്ട്. നൂറിലധികം ബസുകളുടെ ഫിറ്റ്നസും ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കുകയും വൻ തുക പിഴയായി ഈടാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ബസുടമകൾ അടിയന്തര യോഗം ചേർന്നത്. ഡീസൽ വില വർധനവും യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവും കാരണം ബസുടമകൾ സാമ്പത്തിക പ്രയാസം നേരിടുകയാണ്.

ഇതിനിടെ ഗതാഗത വകുപ്പുദ്യോഗസ്ഥർ ബസ് തടഞ്ഞുനിർത്തി ഭീമമായ തുക പിഴ ചുമത്തുന്നതിനാൽ സർവിസ് നടത്താൻ കഴിയാത്ത സാഹചര്യമാണ്. സർക്കാർ നിർദേശിച്ച കമ്പനികളുടെ സ്പീഡ് ഗവർണർ ഘടിപ്പിച്ചാണ് സർവിസ് നടത്തുന്നത്. എന്നാൽ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്താൻ സൗകര്യമൊരുക്കാതെ സ്ഥാപനങ്ങൾ കടകൾ പൂട്ടി സ്ഥലം വിട്ടു. ഇതോടെ പതിനായിരങ്ങൾ മുടക്കി സ്പീഡ് ഗവർണർ വാങ്ങിയ ബസുടമകൾ പ്രതിസന്ധിയിലായി. സർക്കാർ നിശ്ചയിക്കുന്ന റോഡ് നികുതിയും ഫീസും നൽകി പെർമിറ്റ് പ്രകാരമുള്ള സമയം പാലിച്ച് സർവിസ് നടത്തുന്ന ബസുടമകളെ സ്പീഡ്‌ ഗവർണറിന്‍റെയും മറ്റും പേരിൽ പീഡിപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്ന് യോഗം വ്യക്തമാക്കി.

ഒന്നരക്കോടി വാഹനങ്ങളുള്ള കേരളത്തിലെ നിരത്തുകളിൽ റോഡപകടങ്ങളുടെ കാരണക്കാർ 7000ഓളം വരുന്ന സ്വകാര്യ ബസുകളാണെന്ന ഗതാഗ വകുപ്പിന്‍റെ കണ്ടുപിടിത്തം അവാസ്തവമാണ്. ഗതാഗത മേഖലയിലെ തൊഴിൽ പ്രതിസന്ധിയുടെ പ്രധാന കാരണം മാറി വരുന്ന സർക്കാറുകളുടെ അശാസ്ത്രീയ നയമാണ്. തീരുമാനങ്ങൾ സർക്കാറിനെ അറിയിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്‍റ് കെ.കെ. തോമസ് അധ്യക്ഷത വഹിച്ചു.

Tags:    
News Summary - Harassment for examination; Bus owners will stop the service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.