പകുതി വില തട്ടിപ്പ്: നജീബ് കാന്തപുരം എം.എൽ.എക്കെതിരായ പരാതി പിൻവലിച്ചു

പെരിന്തൽമണ്ണ: പകുതി വില തട്ടിപ്പുകേസിൽ നജീബ് കാന്തപുരം എം.എൽ.എക്കെതിരായ പരാതി പിൻവലിച്ചു. പുലാമന്തോൾ സ്വദേശിയായ പരാതിക്കാരിക്ക് എം.എൽ.എയുടെ നേതൃത്വത്തിലുള്ള മുദ്ര ഫൗണ്ടേഷൻ പണം തിരിച്ചുനൽകിയതിനെ തുടർന്നാണ് പരാതി പിൻവലിച്ചത്. തുടർ നടപടികൾക്ക് താൽപര്യമില്ലെന്ന് പരാതിക്കാരി പൊലീസ് സ്റ്റേഷനിലെത്തി എഴുതി നൽകി.

രണ്ടുദിവസം മുൻപാണ് വഞ്ചന കുറ്റമുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് എം.എൽ.എക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ലാപ്ടോപ്പ് വാങ്ങാനെന്ന പറഞ്ഞ് 21,000 രൂപ നജീബ് കാന്തപുരത്തിന്റെ മുദ്ര ഫൗണ്ടേഷന്‍ വാങ്ങിയെന്നും എന്നാൽ 40 ദിവസം കഴിഞ്ഞിട്ടും ലാപ്ടോപ്പ് നൽകിയിട്ടില്ലെന്നുമായിരുന്നു പരാതി. 

ലാപ്ടോപിന് നല്‍കിയ 21,000 രൂപ മുദ്ര ഫൗണ്ടേഷന്‍ തിരികെ നല്‍കിയതോടെയാണ് പരാതി പിന്‍വലിച്ചത്. എന്നാൽ കേസ് പിൻവലിക്കുന്നതിന്റെ സാങ്കേതിക വശങ്ങൾ പൊലീസ് അന്വേഷിച്ചു വരുന്നു. ഇതേ കുറിച്ച് പെരിന്തൽമണ്ണ പൊലീസ് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് ഉപദേശം തേടിയിട്ടുണ്ട്.

അതേസമയം, അതേസമയം, പാതിവില തട്ടിപ്പിൽ മറ്റു ജനപ്രതിനിധികളെ പോലെ താനും കബളിപ്പിക്കപ്പെട്ടതാണെന്ന് നജീബ് കാന്തപുരം പ്രതികരിച്ചിരുന്നു. നാട്ടിലെ മുഴുവൻ ജനപ്രതിനിധികളെയും സമർഥമായി കബളിപ്പിച്ച തട്ടിപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.

നാഷണല്‍ എന്‍ജിഒ ഫെഡറേഷന്‍ എന്ന സംഘടനയുടെ നാഷനല്‍ കോ-ഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു ഇടുക്കി സ്വദേശി അനന്തു കൃഷ്ണന്റെ തട്ടിപ്പ്.

തുടർന്ന് ഇരുചക്രവാഹങ്ങൾക്ക് നിങ്ങൾ പകുതി തുക നൽകിയാൽ, ബാക്കി തുക ബഹുരാഷ്ട്രകമ്പനികളുടെ സി.എസ്.ആർ ഫണ്ടിൽ നിന്ന് ലഭിക്കുമെന്നും ജനങ്ങളോട് ഇയാൾ പറഞ്ഞു. ആദ്യം അനന്തു പഠനോപകരണങ്ങൾ വിതരണം ചെയ്തും തയ്യൽ മെഷീനുകൾ വിതരണം ചെയ്തും വിശ്വാസം നേടിയെടുക്കുകയായിരുന്നു. 

Tags:    
News Summary - Half-price scam: Complaint against Najeeb Kanthapuram MLA withdrawn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.