പാതിവില തട്ടിപ്പ്: പണം കൈപ്പറ്റിയവരിൽ രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവർത്തകരും

മൂവാറ്റുപുഴ: പാതിവില തട്ടിപ്പുകേസിലെ പ്രതി അനന്തുകൃഷ്ണൻ പല ഉന്നതർക്കും പണം നൽകി. രണ്ടുദിവസമായി പൊലീസിന്‍റെ ചോദ്യം ചെയ്യലിലും അക്കൗണ്ട് രേഖകളടക്കം പരിശോധിച്ചതിലും നിന്നാണ് ഈ വിവരങ്ങൾ കണ്ടെത്തിയത്. അനന്തുവിൽനിന്ന് നാഷനൽ എൻ.ജി.ഒ കോൺഫെ‍ഡറേഷനുമായി ബന്ധപ്പെട്ട എ.ആർ. അനന്തകുമാർ രണ്ട് കോടിയോളം രൂപ കൈപ്പറ്റിയതായും സൂചനയുണ്ട്.

അനന്തുവിന്‍റെ ഓഫിസിൽനിന്നടക്കം പിടിച്ചെടുത്ത രേഖകളിൽനിന്നാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. ഒരു എം.പിയുടെ ഓഫിസ് സ്റ്റാഫും ഇടതുപക്ഷത്തെ പ്രമുഖ ഘടകകക്ഷിയുടെ ജില്ല സെക്രട്ടറിയും ഇയാളിൽനിന്ന് പണം അക്കൗണ്ടിലേക്ക് നേരിട്ട് വാങ്ങിയതിന്‍റെ തെളിവുകളും പൊലീസിന് ലഭിച്ചു. നാലുകോടിയോളം രൂപയാണ് ഇത്തരത്തിൽ ജനപ്രതിനിധികളും പാർട്ടി ഭാരവാഹികളും ചേർന്ന് കൈപ്പറ്റിയത്. അനന്തുകൃഷ്ണൻ അഞ്ചിടങ്ങളിൽ ഭൂമി വാങ്ങിയിട്ടുണ്ട്.

തൊടുപുഴ കുടയത്തൂരിലും മുട്ടത്തും ഈരാറ്റുപേട്ടയിലുമൊക്കെ ഭൂമി വാങ്ങിയെന്ന് അന്വേഷണത്തിൽ വ്യക്തമായി. എത്ര പണം വന്നു, എങ്ങോട്ടു പോയി എന്നത് സംബന്ധിച്ച് വിശദമായി പരിശോധിച്ചുവരുകയാണ് പൊലീസ്.

അനന്തുകൃഷ്ണൻ ചോദ്യമുനമ്പിൽ

മൂവാറ്റുപുഴ: ഇരുചക്ര വാഹനങ്ങളും ലാപ്ടോപ്പും ഗൃഹോപകരണങ്ങളും പാതി വിലയ്ക്ക് നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അനന്തുകൃഷ്ണനെ ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. എറണാകുളം റേഞ്ച് ഡി.ഐ.ജി സതീഷ് ബിനോയും റൂറൽ എസ്.പി വൈഭവ് സക്സേനയുമാണ് കളമശ്ശേരി ഡി.ഐ.ജി ഓഫിസിൽ വെള്ളിയാഴ്ച രാവിലെ ചോദ്യം ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ ബേസിൽ തോമസിൽനിന്ന് കേസ് വിവരങ്ങൾ ഡി.ഐ.ജി ചോദിച്ചറിഞ്ഞു.

സാമ്പത്തിക തട്ടിപ്പായതിനാലും മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് വിപുലമായ അന്വേഷണം നടത്തേണ്ടതുള്ളതിനാലും കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള തീരുമാനത്തിലാണ് പൊലീസ്. ഇതിനായി പ്രത്യേക അന്വേഷണസംഘവും രൂപവത്കരിച്ചേക്കും. അന്വേഷണം ഏതുവിധത്തിൽ വേണമെന്നതിൽ വ്യക്തത വരുത്താനാണ് അനന്തുകൃഷ്ണനെ ഡി.ഐ.ജി ചോദ്യം ചെയ്തത്. രാവിലെ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽനിന്നാണ് പ്രതിയെ ഡി.ഐ.ജി ഓഫിസിൽ എത്തിച്ചത്. ഇതിനിടെ, തട്ടിപ്പിനിരയായ നിരവധിപേർ ഇന്നലെയും മൂവാറ്റുപുഴ സ്റ്റേഷനിൽ പരാതിയുമായി എത്തി. 710 പരാതി ഇതുവരെ മൂവാറ്റുപുഴയിൽ മാത്രം ലഭിച്ചിട്ടുണ്ട്. ഇയാൾ വാഹനങ്ങളും ലാപ്ടോപ്പും മറ്റും വാങ്ങിയ കമ്പനികളുടെ പ്രതിനിധികളും സ്റ്റേഷനിൽ എത്തുന്നുണ്ട്.

അന്വേഷണത്തിന് പ്രത്യേകസംഘം

കണ്ണൂർ: പാതിവില തട്ടിപ്പിലെ പ്രതി അനന്തു കൃഷ്ണനെ കിട്ടാൻ കസ്റ്റഡി അപേക്ഷ നൽകിയെന്ന് കണ്ണൂർ സിറ്റി പൊലീസ് കമീഷണർ പി. നിധിൻ രാജ് പറഞ്ഞു. കേസന്വേഷിക്കാനായി കണ്ണൂർ എ.സി.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. എറണാകുളം, ഇടുക്കി ജില്ലകൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പ്രതിചേർക്കപ്പെട്ടവരുടെ അറസ്റ്റ് രേഖപ്പെടുത്തും. തട്ടിപ്പിനിരയായ കണ്ണൂർ, വളപട്ടണം മേഖലയിലുള്ളവർ വെള്ളിയാഴ്ചയും കണ്ണൂർ സിറ്റി പൊലീസ് കമീഷണറുടെ ഓഫിസിലെത്തി. ജില്ല കലക്ടർക്കും വനിത സെല്ലിലും പരാതി നൽകി.

തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ട് വളപട്ടണം പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പരാതി സ്വീകരിക്കാൻ ആദ്യം തയാറായില്ലെന്നും പരാതിക്കാർ ആരോപിച്ചു.

Tags:    
News Summary - Half Price Scam Case: Some of the prominent people who took the money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.